Image

എമര്‍ജിംഗ് കേരളയില്‍ പദ്ധതികളില്ല പദ്ധതി വിഭാവനകള്‍ മാത്രമാണ് ഉള്ളത്

Published on 04 September, 2012
എമര്‍ജിംഗ് കേരളയില്‍ പദ്ധതികളില്ല പദ്ധതി വിഭാവനകള്‍ മാത്രമാണ് ഉള്ളത്
എമര്‍ജിംഗ് കേരളയിലെ ഏതു പദ്ധതിയെക്കുറിച്ചും ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്നും ആരോഗ്യപരമായ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാണെങ്കില്‍ അവസരം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. എമര്‍ജിംഗ് കേരളയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. എമര്‍ജിംഗ് കേരളയില്‍ പദ്ധതികളില്ല പദ്ധതി വിഭാവനകള്‍ മാത്രമാണ് ഉള്ളത്. എമര്‍ജിംഗ് കേരളയെ കുറിച്ചുള്ള പദ്ധതികള്‍ തീരുമാനിക്കുന്നത് വ്യവസായ വകുപ്പല്ല. അതത് വകുപ്പുകളാണ് ഇതു സംബന്ധിച്ച് തീരുമാനം കൈകൊള്ളുന്നത്. ഏതു പദ്ധതികള്‍ വേണമെന്ന് അതതു വകുപ്പുകള്‍ തീരുമാനിക്കട്ടെയെന്നു പറഞ്ഞ മന്ത്രി വകുപ്പുകളറിയാതെ ഒരു പദ്ധതി നിര്‍ദ്ദേശവും വന്നിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഒരു പദ്ധതിയും എമര്‍ജിംഗ് കേരളയില്‍ ഇല്ലെന്ന് ടി എന്‍ പ്രതാപന്‍ എം എല്‍ എ ഉയര്‍ത്തിയ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു. പരിസ്ഥിതിയെ കൊന്ന് ഒരു വികസനവും വേണ്ട. ഇത് യുവജനങ്ങളെ വഞ്ചിക്കുകയാണ്. സംസ്ഥാനത്തിന് ഗുണകരമല്ലാത്ത പദ്ധതികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അത് ഉപേക്ഷിക്കാന്‍ തയ്യാറാണ്. എന്നാല്‍ എമര്‍ജിംഗ് കേരളയാകെ നെല്ലിയാന്പതി പോലെയുള്ള വിഷയത്തില്‍ കെട്ടിയിടേണ്ട. വിവാദ വിഷയങ്ങളിലെ മെറിറ്റും ഡി മെറിറ്റും മുഖ്യമന്ത്രി തീരുമാനിക്കട്ടെ.
വിവാദങ്ങളില്ലാതെ വികസനം വേണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പരിസ്ഥിതി സംരക്ഷിക്കാനും സാങ്കേതിക വിദ്യ അനിവാര്യമാണെന്നാണ് തന്‍റെ കാഴ്ചപ്പാടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാണക്കാട്ടെ എഡ്യു സിറ്റി പദ്ധതി കൊണ്ടുവന്നത് ഇടതു സര്‍ക്കാരാണ്. ചീമേനി പദ്ധതിയുടെ കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ കൈകൊണ്ട തീരുമാനങ്ങള്‍ മാത്രമാണ് ഉള്ളത്. പദ്ധതിക്കായി എത്ര ഭൂമി കൊടുക്കാമെന്ന തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ല. എല്ലാം ദുര്‍വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.
ജിമ്മില്‍ എം ഒ യു ഒപ്പിടാന്‍ കാണിച്ച ഉത്സാഹം ഇത്തവണ ഉണ്ടാകില്ലെന്നും അവസരങ്ങള്‍ സംബന്ധിച്ച് നിക്ഷേപര്‍ക്ക് ഒരു ധാരണയുണ്ടാക്കുകയാണ് എമര്‍ജിംഗ് കേരള കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സംഗമം കഴിഞ്ഞാലും പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുന്പ് ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഭൂമി പാട്ടത്തിനു കൊടുക്കുന്നത് സംബന്ധിച്ച് കൃത്യമായ വ്യവസ്ഥകള്‍ ഉണ്ടാകും. സംസ്ഥാന താത്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കും. പാട്ടത്തിനു കൊടുക്കുന്ന ഭൂമി പണയപ്പെടുത്താനുള്ള അധികാരം ഉണ്ടാകുമെന്ന് സമ്മതിച്ച മന്ത്രി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ ഭൂമി പാട്ടത്തിനു കൊടുക്കുന്നതു സംബന്ധിച്ച തീരുമാനം കൈകൊള്ളുകയുള്ളുവെന്നും സംസ്ഥാന താത്പര്യങ്ങള്‍ ഹനിക്കപ്പെട്ടാല്‍ ഭൂമി തിരിച്ചെടുക്കാന്‍ വ്യവസ്ഥ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക