Image

തോറ്റമാല (കവിത: വേണുനമ്പ്യാർ)

Published on 28 April, 2024
തോറ്റമാല (കവിത: വേണുനമ്പ്യാർ)

കാട്ടിൽ പിറന്ന മൃഗം
ഞരങ്ങിപ്പറയും
നാടാണു സ്വർഗം, വനം നരകവും,
പൊന്നുമക്കളെ!

കൂട്ടിൽ പിറന്ന കിളി 
കൊഞ്ചിപ്പറയും പറത്തം 
മുഴുത്ത കിറുക്കല്ലോ,
പൊന്നുമക്കളെ!

പുഴയിൽ പിറന്ന പരൽ 
കുണുങ്ങിപ്പറയും
എരിയും വയറോടെ കൊളുത്തിൽ കുടുങ്ങി പിടഞ്ഞു വാലിട്ടടിക്കാൻ ശപിക്കപ്പെട്ടതാം ഹതഭാഗ്യരല്ലോ
നമ്മൾ, പൊന്നുമക്കളെ!

കുരച്ചും കടിച്ചും വില്ലയിൽ കാവലൊരുക്കിടും ശൗര്യമേറിയ ശ്വാനൻ 
കണ്ണീർ വാർത്തു മോങ്ങിപ്പറയും 
ഇറച്ചിയെല്ലാമശിച്ചിട്ടുടമയെറിഞ്ഞുതരും 
വെറുമെല്ലിൻതുണ്ടുകളിത്തിരി പൊന്നുമക്കളെ!

പഞ്ചനക്ഷത്രാശുപത്രിയിലെ 
പത്രാസ് വൈദ്യൻ 
മുഴുഗൌരവത്തിൽ മൊഴിയും 
രോഗി ഇച്ഛിക്കും മരണത്തെ നീളൻ മെഡിക്കൽ ബില്ല് പോൽ നീട്ടുവതത്രെ വൈദ്യധർമം, പൊന്നുമക്കളെ!

നഗരത്തിലെ കൊണ്ടാടികൾക്കൊപ്പം കുഴഞ്ഞാടി രണ്ട് സെൽഫിയെടുത്തിട്ട് ഗർദ്ദഭങ്ങൾ മേനി പറയും ഭാരം ചുമക്കാതെ കേവലം കൂലി പിരിച്ചിട്ട് 
നമ്മളും കൊണ്ടാടട്ടെ ക്രാന്തി ജീവിതം അടിപൊളി, പൊന്നുമക്കളെ!

വചനത്തെയുരുക്കുവാളാക്കും
മയക്കും പൊൻകിനാവുമാക്കും
ഊരുതെണ്ടിയനാഥക്കവി 
മോഹവൃത്തഭംഗത്തിൽ ഗോഷ്ഠി കാട്ടി ചൊല്ലുന്നു വറ്റിനു വകയില്ല,
പ്രണയം സഫലമല്ല,യതിനാലെടുക്കട്ടെ
സ്വന്തം ജീവനെ സ്വയം , പൊന്നുമക്കളെ!

കൊണ്ടാടികൾ= celebrities

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക