Image

ഭീകര ബന്ധം: യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Published on 31 August, 2012
ഭീകര ബന്ധം: യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബംഗളൂരു: ജനപ്രതിനിധികളും മുതിര്‍ന്ന പത്രപ്രവര്‍ത്തകരുമുള്‍പ്പടെ സമൂഹത്തിലെ ഉന്നതരെ വകവരുത്താന്‍ പദ്ധതി തയാറാക്കി എന്നാരോപിച്ച് വ്യാഴാഴ്ച അറസ്റ്റു ചെയ്ത 11 യുവാക്കളെ പതിനാലു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച രാത്രി വൈകീട്ട് ബംഗളൂരു മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. 

കഴിഞ്ഞ ഏതാനും മാസങ്ങളായി നിരീക്ഷണത്തിലായിരുന്ന യുവാക്കളെ ബുധനാഴ്ചയാണ് ഹുബ്ലി, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നായി സാധാരണ വേഷത്തിലെത്തിയ പൊലീസ് പിടികൂടിയത്. ലശ്കറെ ത്വയ്യിബ, ഹുജി സംഘടനകളുടെ സൗദി അറേബ്യയിലുള്ള പ്രവര്‍ത്തകരുടെ കീഴിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയും പത്രപ്രവര്‍ത്തകരെയും വകവരുത്താനുള്ള പദ്ധതി നടപ്പാക്കാനുള്ള അന്തിമ തയാറെടുപ്പിനിടെയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് പറയുന്നു. സംഘത്തിലുള്ള ഓരോരുത്തരുടെയും ചുമതലകള്‍ സംബന്ധിച്ച് കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷമേ വ്യക്തമായ വിവരം നല്‍കാനാവൂ എന്നാണ് പൊലീസ് നിലപാട്.

മൂന്നു മാസങ്ങളായി ഭീകരാക്രമണത്തിന് പദ്ധതിയിടുന്ന സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് പറയുന്ന ഇജാസ് അഹ്മദ് മിര്‍സ എല്ലാ വിധ പൊലീസ് അന്വേഷണങ്ങള്‍ക്കും വിവരശേഖരണത്തിനും ശേഷം സൈനിക ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയില്‍ അടുത്തിടെ ജോലിയില്‍ പ്രവേശിച്ചതെങ്ങനെയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പൊലീസിനായിട്ടില്ല. ഇജാസ് ജോലിയില്‍ പ്രവേശിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണെന്ന് ഡി.ആര്‍.ഡി.ഒ അധികൃതര്‍ വെള്ളിയാഴ്ച ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ജൂനിയര്‍ റിസര്‍ച്ച് ഫെലോ ആയാണ് ജോലിചെയ്തിരുന്നതെന്നും തന്ത്രപ്രധാനമായ മേഖലകള്‍ കൈകാര്യം ചെയ്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക