Image

വിദ്വേഷ പ്രസംഗം: മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തെര. കമ്മിഷനിൽ പരാതിപ്രളയം ; ഒരു ദിവസമെത്തിയത് 20,000 പരാതികള്‍

Published on 23 April, 2024
വിദ്വേഷ പ്രസംഗം: മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട്  തെര. കമ്മിഷനിൽ പരാതിപ്രളയം ; ഒരു ദിവസമെത്തിയത്  20,000 പരാതികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷപ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതിപ്രളയം.

20,000ത്തോളം പേരാണ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് 24 മണിക്കൂറിനിടെ കമ്മിഷന് കത്തെഴുതിയത്. കോണ്‍ഗ്രസ്, സി.പി.എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാർട്ടികള്‍ ഔദ്യോഗികമായി നല്‍കിയ പരാതിക്കു പുറമെയാണ് വിവിധ സാമൂഹിക പ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

ആയിരങ്ങള്‍ ഒപ്പുവച്ച പരാതികളായും ഒറ്റയ്ക്കും ഇ-മെയിലിലും മറ്റും കമ്മിഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. മോദിയുടെ പ്രസംഗം ആപല്‍ക്കരമാണെന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായ നേരിട്ടുള്ള ആക്രമണമാണതെന്നും 2,200ലേറെ പേർ ഒപ്പുവച്ച ഒരു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വോട്ട് പിടിക്കാനായി മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപ പരാമർശങ്ങളാണു നടത്തിയിരിക്കുന്നത്. ലോകത്തെ ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ സല്‍പ്പേരിനാണ് ഇതു കളങ്കം ചാർത്തുന്നതെന്നും പരാതിയില്‍ പറഞ്ഞു.

സംവിധാൻ ബച്ചാവോ നാഗരിക് അഭിയാൻ എന്ന എൻ.ജി.ഒ സമർപ്പിച്ച പരാതിയില്‍ 17,400ലേറെ പേരാണ് ഒപ്പുവച്ചത്. സാമുദായിക വികാരമുണർത്താൻ മാത്രമല്ല, മുസ്‌ലിംകള്‍ക്കെതിരെ ഹിന്ദുക്കള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണു പ്രസംഗത്തിലെ പരാമർശങ്ങളെന്ന് സംവിധാൻ ബച്ചാവോ ആരോപിച്ചു. മുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരാണെന്നും കൂടുതല്‍ കുട്ടികളെ ഉണ്ടാക്കുന്നവരാണെന്നുമാണ് പ്രസംഗത്തില്‍ ആക്ഷേപിക്കുന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ എവിടെയുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മോദി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും പച്ചയായ ലംഘനമാണിതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

രാജസ്ഥാനിലെ ബൻസ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങള്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്ബത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതല്‍ കുട്ടികളുള്ളവർക്കും നല്‍കുമെന്നാണ് മോദി പറഞ്ഞത്.

രാജ്യത്തെ സമ്ബത്തിന്റെ ആദ്യാവകാശികള്‍ മുസ്ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്നു പറഞ്ഞായിരുന്നു ഇത്തരമൊരു പരാമർശം. സ്ത്രീകളുടെയെല്ലാം സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി കള്ളംപറഞ്ഞു. അധ്വാനിച്ചുണ്ടാക്കിയ നിങ്ങളുടെ സമ്ബാദ്യമെല്ലാം നുഴഞ്ഞുകഴക്കറ്റക്കാർക്കും കൂടുതല്‍ കുട്ടികളുള്ളവർക്കും നല്‍കണോ എന്ന് ആള്‍ക്കൂട്ടത്തോട് ചോദ്യമെറിയുകയും ചെയ്തു മോദി.

വിവാദ പ്രസംഗത്തിനെതിന് പിന്നാലെ മോദിക്കെതിരെ പ്രതിപക്ഷനേതാക്കള്‍ രംഗത്തെത്തി. ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോദി ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക