Image

അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്കു  അയക്കാനുള്ള ബിൽ യുകെ പാസാക്കി (പിപിഎം)

Published on 23 April, 2024
അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്കു  അയക്കാനുള്ള ബിൽ യുകെ പാസാക്കി (പിപിഎം)

ബ്രിട്ടനിൽ അഭയം തേടി നിയമവിരുദ്ധമായി എത്തുന്നവരെ റുവാണ്ടയിലേക്കു അയക്കാനുളള ബിൽ പാർലമെന്റ് പാസാക്കി. കിഴക്കൻ ആഫ്രിക്കൻ രാജ്യം സുരക്ഷിതമാണെന്ന് ഉറപ്പില്ലാത്തതിനാൽ ഈ നീക്കം നിയമവിരുദ്ധമെന്നു സുപ്രീം കോടതി പറഞ്ഞിരുന്നെങ്കിലും പാർലമെന്റ് ഇപ്പോൾ റുവാണ്ടയെ സുരക്ഷിത രാജ്യമെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. 

റുവാണ്ടയിൽ അഞ്ചു വർഷം താമസിക്കുന്നതിനിടയിൽ അഭയാർഥികളുടെ അപേക്ഷ ബ്രിട്ടൻ പരിഗണിക്കും. എന്നാൽ യോഗ്യതയില്ലാത്തവർ അവിടെ തന്നെ തുടരേണ്ടി വരും. അവരെ യുകെ അല്ലാതെ മറ്റൊരു രാജ്യത്തേക്കും അയക്കാൻ പാടില്ല എന്ന വ്യവസ്ഥ ബില്ലിലുണ്ട്. 

അഭയാർഥി പ്രവാഹം തടയാൻ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക് കൊണ്ടുവന്ന ബില്ലിനെ ഉപരിസഭയായ ലോഡ്‌സ് എതിർത്തിരുന്നു. പിന്നീട് സുപ്രീം കോടതിയും. എന്നാൽ ഇപ്പോൾ സുനക് ആ എതിർപ്പുകളെ മറികടന്നു. 2022 ജനുവരി 1നു ശേഷം യുകെയിൽ എത്തിയ അനധികൃത അഭയാർഥികളെയാണ് റുവാണ്ടയിലേക്കു അയക്കുക. 

ആഭ്യന്തര യുദ്ധത്തിൽ നുറുങ്ങിപ്പോയ ആഫ്രിക്കൻ രാജ്യം കഴിഞ്ഞ പതിറ്റാണ്ടിൽ രാഷ്ട്രീയ-സാമൂഹ്യ ഭദ്രത കൈവരിക്കയും പുരോഗതി നേടാൻ ഗൗരവമായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു എന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്. അഭയാർഥികളെ സ്വീകരിച്ചു സൗകര്യങ്ങൾ ഒരുക്കാൻ മില്യൺ കണക്കിനു പൗണ്ട് ബ്രിട്ടൻ റുവാണ്ടയ്ക്കു നൽകി കഴിഞ്ഞിട്ടുമുണ്ട്. 

2022 ജൂണിൽ ആദ്യ ബാച്ച് അഭയാർഥികളെ പറത്താൻ ആയിരുന്നു യുകെ തീരുമാനിച്ചത്. എന്നാൽ അതു നടന്നില്ല. ഇനിയും കോടതികളിൽ തടസങ്ങൾ ഉണ്ടാകാം.  

ഇംഗ്ലീഷ് ചാനൽ കടന്നു ബോട്ടുകളിൽ വരുന്നവരെ തടയാൻ ഈ നടപടി സഹായിക്കുമെന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലെവർലി പറഞ്ഞു. 

UK clears Rwanda bill 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക