Image

ലോക ചെസ് ചാംപ്യനെ നേരിടാൻ ഇന്ത്യയുടെ ഡി. ഗുകേഷ് (സനിൽ പി തോമസ്)

Published on 23 April, 2024
ലോക ചെസ് ചാംപ്യനെ നേരിടാൻ ഇന്ത്യയുടെ ഡി. ഗുകേഷ് (സനിൽ പി തോമസ്)

നിലവിലെ ലോക ചെസ് ചാംപ്യൻ ,ചൈനയുടെ ഡിങ് ലിറനെ ആരു നേരിടുമെന്ന ചോദ്യത്തിന് ഉത്തരമായി. അതൊരു ഇന്ത്യക്കാരൻ തന്നെ. തമിഴ്നാട്ടിൽ നിന്നുള്ള പതിനേഴുകാരൻ ദൊമ്മരാജു ഗുകേഷ്. കാനഡയിലെ ടൊറൻ്റോയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസിൽ 14 റൗണ്ടിൽ ഒൻപതു പോയിൻ്റുമായി ഗുകേഷ് കിരീടം നേടിയപ്പോൾ, വിശ്വനാഥൻ ആനന്ദിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഗുകേഷ് .മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാലഞ്ചറും.1984 ൽ അന്നത്തെ ലോക ചാംപ്യൻ അനത്തോലി കാർപോവിൻ്റെ എതിരാളിയായി ഗാരി കാസ്പറോവ് വന്നത് ഇരുപത്തിരണ്ടാം വയസ്സിൽ.

പന്ത്രണ്ടാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ ആയ ഗുകേഷിൽ ഒരു ഭാവി വാഗ്ദാനത്തെ കാണുന്നുവെന്ന് ഇംഗ്ലീഷ് ഗ്രാൻഡ് മാസ്റ്റർ ഡേവിഡ് ഹവൽ പറഞ്ഞത് അന്വർഥമാകുന്നു. ഒപ്പം,  ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസന് സ്വന്തം വാക്കുകൾ വിഴുങ്ങേണ്ടിയും വരുന്നു. കാൻഡിഡേറ്റ്സ് ചെസിൽ ഗുകേഷ് ചില വിജയങ്ങൾ നേടും. പക്ഷേ, തോൽവിയും ഏറ്റുവാങ്ങുമെന്നും ചാലഞ്ചർ ആകില്ലെന്നുമാണ് കാൾസൻ സൂചിപ്പിച്ചത്.

പതിമൂന്നാം റൗണ്ടിൽ ഫ്രാൻസിൻ്റെ അലി റെസാ ഫിരൗസ്ജയെ പരാജയപ്പെടുത്തിയതോടെ 8.5 പോയിൻ്റുമായി ഗുകേഷ് മുന്നിലെത്തി. അവസാന റൗണ്ടിൽ ഗുകേഷും ഹിക്കാരു നകാമുറയും സമനിലയിൽ പിരിഞ്ഞു. ഫാബിയാനോ കരുവാന- ഇയാൻ നെ പോംമ്നിഷി മത്സരവും സമനിലയിൽ ആയതോടെ ടൂർണമെൻ്റ് വിജയം ഗുകേഷിന്.മറിച്ച് കരുവാനയോ ഇയാനോ ജയിച്ചിരുന്നെങ്കിൽ ജയിച്ചയാളുമായി ഗുകേഷിന് ടൈബ്രേക്കർ വേണ്ടി വന്നേനെ. അതുണ്ടായില്ല.
ഇക്കുറി പുരുഷന്മാരുടെ കാൻഡിഡേറ്റ്സ് ചെസിൽ എട്ടു പേരിൽ മൂന്നുപേരും വനിതകളിൽ എട്ടിൽ രണ്ടു പേരും ഇന്ത്യക്കാരായിരുന്നു. ലോക ചെസിൽ ഇന്ത്യയുടെ കുതിപ്പിന് അടിവരയിടുന്നതായിരുന്നു ഈ നേട്ടം. ആർ.പ്രഗ്നാനന്ദയും വിദിത് ഗുജറാത്തിയുമാണ് ഗുകേഷിനൊപ്പം മൽസരിച്ച ഇന്ത്യക്കാർ .വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയും പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയും മത്സരിച്ചു.ചൈനയുടെ ടാൻ ഷോങി ജേതാവായി.ഹംപി രണ്ടാമതെത്തി. പോയിൻ്റ് കണക്കാക്കിയാൽ വൈശാലിയും രണ്ടാം സ്ഥാനത്തെത്തി.

അഞ്ചു തവണ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദിനു ശേഷം ലോക ചെസ് കിരീടം ഇന്ത്യയിൽ എത്തിക്കാൻ ഗുകേഷിന് ആകുമോ? റാങ്കിങ്ങിൽ ലോകത്തിൽ രണ്ടാമനായ ഫാബിയാനോയും മൂന്നാമനായ നകാ മുറയും മത്സരിച്ചിടത്താണ് ഗുകേഷ് വിജയിച്ചത്. നിലവിലെ ലോക ചാംപ്യൻ ഡിങ് ലിറൻ നാലാം റാങ്കിലാണ്. ലോക ഒന്നാം നമ്പർ കാൾസൻ കിരീടം നിലനിർത്താൻ ഇറങ്ങിയില്ല. ഇപ്പോൾ വീണ്ടെടുക്കാനുമില്ല. ഗുകേഷിന് വിജയം നേരാം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക