Image

ട്രംപ് 2016 തിരഞ്ഞെടുപ്പിൽ അഴിമതിക്കു ശ്രമം  നടത്തിയെന്നു കോടതിയിൽ പ്രോസിക്യൂഷൻ (പിപിഎം) 

Published on 23 April, 2024
ട്രംപ് 2016 തിരഞ്ഞെടുപ്പിൽ അഴിമതിക്കു ശ്രമം  നടത്തിയെന്നു കോടതിയിൽ പ്രോസിക്യൂഷൻ (പിപിഎം) 

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2016 തിരഞ്ഞെടുപ്പു കാലത്തു നീലച്ചിത്ര നടിയെ നിശ്ശബ്ദയാക്കാൻ പണം കൊടുത്തത് തിരഞ്ഞെടുപ്പിൽ അഴിമതി കാട്ടാനായിരുന്നുവെന്നു കേസിന്റെ വിചാരണ ആരംഭിച്ച തിങ്കളാഴ്ച പ്രോസിക്യൂഷൻ മൻഹാട്ടൻ കോടതിയിൽ വാദിച്ചു. പരാജയം മുന്നിൽ കണ്ട നേരത്തു നടി സ്റ്റോർമി ഡാനിയൽസ് രഹസ്യ ബന്ധം വെളിപ്പെടുത്തിയപ്പോൾ അതു മൂടാനാണ് $130,000 ട്രംപ് അവർക്കു നൽകിയത്.  

ഒരു യുഎസ് മുൻ പ്രസിഡന്റ് ആദ്യമായി ക്രിമിനൽ വിചാരണ നേരിടുന്ന കേസിൽ ശിക്ഷിക്കപ്പെട്ടാൽ ട്രംപിനു നാലു വർഷത്തെ തടവ് ശിക്ഷ വരെ ലഭിക്കാം. 

"തട്ടിപ്പു നടത്താനുള്ള ഗൂഢാലോചനയാണ് ഈ കേസിൽ വിഷയം," പ്രോസിക്യൂട്ടർ മാത്യു കൊളാഞ്ജലോ ജൂറിയോടു പറഞ്ഞു. "2016 തിരഞ്ഞെടുപ്പിൽ അഴിമതി കാട്ടാൻ പ്രതി ഡൊണാൾഡ് ട്രംപ് ഒരു ക്രിമിനൽ ഗൂഢാലോചന നടത്തി." 

ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കൽ കോഹനാണ് കേസിൽ പ്രധാന സാക്ഷി. ഡാനിയൽസിനു പണം നൽകിയതു താനാണെന്നു അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. എന്നാൽ നുണ പറഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ മൊഴി സ്വീകാര്യമല്ലെന്നാണ് ട്രംപ് പക്ഷത്തിന്റെ വാദം. 

ട്രംപിനെതിരെ 2016 കാലത്തു ഉയർന്ന ആരോപണങ്ങൾ പണം കൊടുത്തു മൂടാനുള്ള ഗൂഢാലോചനയിൽ ട്രംപും കോഹനും 'അമേരിക്കൻ മീഡിയ' പ്രസാധകൻ ഡേവിഡ് പെക്കറും പങ്കെടുത്തു എന്നാണ് ആരോപണം. ട്രംപിനെതിരായ വാർത്തകൾ മണത്തു പിടിക്കാൻ ചുമതലയേറ്റ പെക്കർ മറ്റൊരു സുപ്രധാന സാക്ഷിയാണ്. 

ട്രംപുമായി 2006ലും 2007ലും ബന്ധമുണ്ടായിരുന്നു എന്നു പറയുന്ന 'പ്ളേബോയ്' മോഡൽ കാരൻ മക്ദുഗാലിനു $150,000 കൊടുത്തു അവരുടെ മൗനം വാങ്ങിയെന്നു 2018ൽ 'അമേരിക്കൻ മീഡിയ' സമ്മതിച്ചിരുന്നു. മോഡലിന്റെ കഥ ഈ ഗ്രൂപ്പിന്റെ ഭാഗമായ 'നാഷണൽ എൻക്വയറർ' മൂടി. 

ഡാനിയൽസിനു കൊടുത്ത പണം മറച്ചു പിടിക്കാൻ തന്റെ ബിസിനസ് രേഖകളിൽ ട്രംപ് തിരുത്തൽ നടത്തി എന്നതാണ് കുറ്റവിഷയമവുമാവുന്ന ആരോപണം. അവിഹിത ബന്ധങ്ങളല്ല. 

ട്രംപ് 34 ഫെലനി ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. ഡാനിയൽസിനെ അറിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രാവിലെ 9 മണിക്കു തന്നെ മുൻ പ്രസിഡന്റ് കോടതിയിൽ എത്തി. എന്നാൽ പുറത്തു അദ്ദേഹം ആഗ്രഹിച്ച പോലുള്ള ജനക്കൂട്ടം ഉണ്ടായില്ല. സമാധാനപരമായി പ്രകടനം നടത്താൻ അനുയായികളെ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. അൻപതോളം പേരാണ് എത്തിയതെന്നു മാധ്യമങ്ങൾ പറയുന്നു. 

ഇരുപതോളം പ്രോസിക്യൂഷൻ സാക്ഷികൾ എത്തുന്ന വിചാരണ ജഡ്‌ജ്‌ യുവാൻ മെർച്ചന്റെ കോടതിയിൽ ആറാഴ്ച മുതൽ എട്ടാഴ്ച വരെ നീണ്ടു നിൽക്കാം. 

Trump tried to corrupt 2016 election: Prosecution 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക