Image

മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ  ആഞ്ഞടിച്ചു മുസ്ലിം കൗൺസിൽ

Published on 23 April, 2024
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ   ആഞ്ഞടിച്ചു മുസ്ലിം കൗൺസിൽ

ഇന്ത്യയിൽ ജീവിക്കുന്ന  മുസ്‌ലിംകൾ  നുഴഞ്ഞു കയറ്റക്കാർ ആണെന്നും അവരുടെ വർധിച്ചു വരുന്ന ഭീഷണി അടിച്ചമർത്തണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം അപപലപനീയമാണെന്ന് ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ (ഐ എ എം സി). പ്രതിപക്ഷ കോൺഗ്രസ് പാർട്ടി സമ്പത്തും വിഭവങ്ങളും മുസ്‌ലിംകൾക്കു നൽകുമെന്ന മോദിയുടെ പ്രസ്താവം വിദ്വേഷ രാഷ്ട്രീയത്തിൽ ഊന്നിയുള്ളതാണ്. വിഭജനവും വിദ്വേഷവും വളർത്താനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. 

"അവർ നിങ്ങളുടെ സമ്പത്തു മുഴുവൻ പിടിച്ചെടുത്തു കൂടുതൽ കുട്ടികളുള്ളവർക്കു നൽകും. നുഴഞ്ഞുകയറ്റക്കാർക്ക്," മോദി ഒരു വലിയ ജനക്കൂട്ടത്തോടായി പറഞ്ഞു. 

ഐ എ എം സി പ്രസിഡന്റ് മുഹമ്മദ് ജവാദ് പറഞ്ഞു: "ഹിന്ദു മേധാവിത്വം ഉറപ്പിക്കാൻ യാതൊരു ഉളുപ്പുമില്ലാതെ മോദി ഇന്ത്യയിലെ ഏറ്റവും ദുർബലമായ ന്യൂനപക്ഷ വിഭാഗത്തെ ഇത്ര നീചമായി ചിത്രീകരിച്ചത് ഞങ്ങളെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാമുദായിക വികാരം കുത്തി ഇളക്കുന്ന പ്രസംഗം നടത്തുന്നത് ഇന്ത്യൻ നിയമങ്ങളുടെ ലംഘനമാണ്. മുസ്‌ലിംകൾക്കു എതിരായ അക്രമങ്ങളെ ന്യായീകരിക്കുന്ന പ്രസംഗവുമാണത്. 

"മോദിയുടെ ചരിത്രം തന്നെ രക്ത പങ്കിലമാണ്. 2002ൽ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം ഗുജറാത്തിൽ മുസ്ലിം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുന്നതിനു നേതൃത്വം നൽകി. പ്രധാനമന്ത്രിയായ ശേഷം മുസ്ലിം വിദ്വേഷ പ്രസംഗം നിർബാധം അനുവദിച്ചു ഹിന്ദു തീവ്രവാദികളുടെ അതിക്രമങ്ങൾക്കു പ്രോത്സാഹനം നൽകി. മോദി വീണ്ടും ജയിച്ചാൽ അതെല്ലാം വർദ്ധിക്കുമെന്നു വിദഗ്‌ധർ പറഞ്ഞിട്ടുണ്ട്. 

"മോദിയുടെ വാക്കുകൾ ഇന്ത്യയിലെ 200 മില്യൺ മുസ്ലിങ്ങളുടെ ജീവനു ഭീഷണിയാണ്. ബൈഡൻ ഭരണകൂടം അതിനെ ഉടൻ തന്നെ അപലപിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മുസ്ലിങ്ങൾക്കെതിരായ അക്രമങ്ങളെയും. 

"ഇന്ത്യയെ സി പി സി (പ്രത്യേക ആശങ്കയോടെ കാണുന്ന രാജ്യം) പട്ടികയിൽ ഉൾപ്പെടുത്തുകയും വേണം. യുഎസ് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്." 

IAMC condemns Modi's hate speech 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക