Image

ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...(ഷോളി കുമ്പിളുവേലി)

Published on 23 April, 2024
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...(ഷോളി കുമ്പിളുവേലി)

അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠിക്കാൻ പോയിരിക്കുന്ന വിദ്യാർഥികളുടെ കുടുംബങ്ങളെയും അവിടേക്കു പഠിക്കാൻ പോകാൻ ഒരുങ്ങുന്ന വിദ്യാർഥികളുടെ കുടുംബങ്ങളെയും അസ്വസ്ഥരാക്കിയിരിക്കുന്നു. സമീപകാലത്തു ദുരൂഹമായ സാഹചര്യങ്ങളിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെടുന്നു എന്നതാണ് ആശങ്കാജനകമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്ന ഇന്ത്യൻ വംശജരുടെ എണ്ണം അസ്വാഭാവികമായി ഉയർന്നു. ഏതാനും ആഴ്ചകൾക്കു മുന്പാണ് ഒഹായോയിൽ ഉമ സത്യസായി എന്ന വിദ്യാർഥി മരിച്ചത്. ഇതു സംബന്ധിച്ച പോലീസ് അന്വേഷണം നടക്കുന്നു. മരണത്തിന്‍റെ കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല.

അതേ സംസ്ഥാനത്തുതന്നെ കഴിഞ്ഞ മാസം മുഹമ്മദ് അറാഫത്ത് എന്ന ഇന്ത്യൻ വിദ്യാർഥിയെ കാണാതായിരുന്നു. ഈ വിദ്യാർ ഥിയെ ഏതാനും ദിവസങ്ങൾക്കു മുന്പ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 2024ൽ മാത്രം, അതായത് കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽത്തന്നെ, പത്ത് ഇന്ത്യൻ വിദ്യാർഥികൾ അമേരിക്കയിൽ മരണപ്പെടുകയോ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെയും ഈ സംഭവങ്ങൾ ഞെട്ടിച്ചിരിക്കുകയാണ്.

ലക്ഷക്കണക്കിനു രൂപ മുടക്കി സ്വപ്നതുല്യമായ ഭാവി സ്വപ്നം കണ്ട് അമേരിക്കയിലെത്തിയ വിദ്യാർഥികളാണ് ഈ ദുരൂഹസംഭവങ്ങൾക്ക് ഇരകളായി മാറിയിരിക്കുന്നത്. തെറ്റായ കൂട്ടുകെട്ടുകളും ബന്ധങ്ങളും നിയമലംഘനങ്ങളുമൊക്കെയാണ് വിദ്യാർഥികൾക്കു കെണിയൊരുക്കുന്നത്. ചുരുക്കം ചിലരുടെ വിവേചനപരമായ ഇടപെടലുകളും വിദ്യാർഥികൾക്കു ദുരന്തമായി മാറുന്നുണ്ട്.

വിദ്യാർഥികൾ ഒഴുകുന്നു

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നു പ്രതിവർഷം ലക്ഷക്കണക്കിനു വിദ്യാർഥികളാണ് പഠനത്തിനായി അമേരിക്കയിലേക്ക് എത്തുന്നത്. 2023ൽ 2,70,000 വിദ്യാർഥികൾ ഇന്ത്യയിൽനിന്നു മാത്രം അമേരിക്കയിലേക്ക് എത്തിയെന്നാണ് കണക്ക്. മുൻ വർഷങ്ങളിലേതിനേക്കാൾ 35 ശതമാനം വർധനയാണ് ഇന്ത്യൻ വിദ്യാർഥികളുടെ വരവിൽ കഴിഞ്ഞ വർഷം ഉണ്ടായത്. വിദേശപഠനവും ജോലിയും ഇന്ത്യയിലെ യുവജനങ്ങൾക്കിടയിൽ ഒരു ട്രെൻഡ് സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ വർഷവും വിദ്യാർഥികളുടെ ഒഴുക്ക് ഉണ്ടാകുമെന്നുതന്നെയാണു കരുതുന്നത്.

അതിനിടയിലാണ് അനിഷ്ടസംഭവങ്ങൾ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. കൊലപാതകങ്ങളും ആത്മഹത്യയും ഇന്ത്യൻ വിദ്യാർഥികളുടെ മരണത്തിനു കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. അതേസമയം, കുറെ മുൻകരുതലുകൾ സ്വീകരിച്ചാൽ ഇത്തരം അനിഷ്ടസംഭവങ്ങളിൽനിന്ന് ഒരു പരിധിവരെയൊക്കെ അകന്നുനിൽക്കാൻ കഴിയുമെന്ന് എംബസിയുമായി ബന്ധപ്പെട്ടവർ പറയുന്നു. അതേസമയം, ഏതെങ്കിലും ക്രിമിനൽ ഗ്രൂപ്പുകൾ ഇന്ത്യൻ വംശജരായ വിദ്യാർഥികളെ നോട്ടമിട്ടിട്ടുണ്ടോയെന്ന സംശയവും പലർക്കുമുണ്ട്.

പഠിച്ചിട്ടു വരിക!

അമേരിക്കൻ യൂണിവേഴ്സിറ്റികളിൽനിന്നു സ്റ്റൈപ്പെൻഡ് വാങ്ങി പഠിക്കാൻ അവസരം കിട്ടുന്ന സമർഥരായ വിദ്യാർഥികളുണ്ട്. അതേസമയം, വായ്പയെടുത്തും മാതാപിതാക്കൾ നൽകുന്ന പണം ഉപയോഗിച്ചും പഠിക്കാനെത്തുന്നവരാണ് ഏറെയും. വിദ്യാർഥികളുടെയും കുടുംബത്തിന്‍റെയും മികച്ച ഭാവി സ്വപ്നം കണ്ടാണ് പലരും ലക്ഷക്കണക്കിനു രൂപ കടക്കാരായി വിദേശത്തേക്കു പഠിക്കാൻ എത്തുന്നത്.

അമേരിക്കയിലോ യൂറോപ്പിലോ എത്താമെന്നു കേട്ടാൽത്തന്നെ കൂടുതൽ അന്വേഷണമൊന്നും നടത്താതെ ബാങ്കിൽനിന്നും ബന്ധുക്കളിൽനിന്നുമൊക്കെ പണം കടമെടുത്തു വിദേശത്തേക്കു വച്ചുപിടിക്കുന്നവരാണ് പലരും. അമേരിക്കയിലോ യൂറോപ്പിലോ എങ്ങനെയെങ്കിലും എത്തിയാൽ പിന്നെ എല്ലാം ശരിയാക്കിയെടുക്കാമെന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. അതുകൊണ്ട് എത്ര വലിയ തുക വേണമെങ്കിലും വായ്പയെടുക്കാനും കടം വാങ്ങാനുമൊന്നും ആർക്കും മടിയില്ല. ഏജൻസികൾ നല്കുന്ന തെറ്റായ വാഗ്ദാനങ്ങളിലും പലരും വീണുപോകുന്നു.

വൻ തുക മുടക്കി പല വിദ്യാർഥികളും വിദേശ യൂണിവേഴ്സിറ്റികളിൽ വന്നു പഠിക്കുന്നത് തൊഴിൽ സാധ്യത തീരെ കുറഞ്ഞ ആർട്സ് വിഷയങ്ങളാണെന്ന് ഈ രംഗത്തു പഠനം നടത്തുന്നവർ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട ജോലികൾ ഇവർക്കു ലഭിക്കുന്നില്ല. അതേസമയം, ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കു വലിയ സാന്പത്തിക ചോർച്ചയും വിദ്യാർഥികളുടെ ഈ ഒഴുക്ക് സൃഷ്ടിക്കുന്നുണ്ട്. ഒരു വർഷം ഒരു വിദ്യാർഥി അമ്പതിനായിരം ഡോളർ വിദേശത്തു പഠനത്തിനു ചെലവിടുന്നുണ്ടെന്നു കരുതിയാൽത്തന്നെ എത്ര ബില്യൺ ഡോളറാണ് ഇന്ത്യക്കു പുറത്തേക്കു പഠനത്തിന്‍റെ പേരിൽ ചോർന്നുപോകുന്നതെന്നു ചിന്തിച്ചുനോക്കൂ. ഇത്രയും തുക ചെലവിട്ടിട്ടും അതിനു തക്ക മികച്ചൊരു കരിയർ പലർക്കും ലഭിക്കുന്നില്ല എന്നതു മറ്റൊരു യാഥാർഥ്യം.

രക്ഷപ്പെടൽ

അമേരിക്കയിൽ എത്തിക്കഴിഞ്ഞാൽ "രക്ഷപ്പെട്ടു' എന്നു കരുതിയെത്തുന്നവരാണ് അധികവും. എന്നാൽ, അമേരിക്കയിൽ എഫ് 1 വീസയിൽ വരുന്ന വിദ്യാർഥികൾക്കു ജോലി ചെയ്യുന്നതിനു കർശന നിയന്ത്രണങ്ങളുണ്ട്. പഠനത്തിനൊപ്പം ജോലി ചെയ്യാൻ കഴിയുന്ന സമയം നിജപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയെത്തുന്ന വിദ്യാർഥികൾ അധികാര സംവിധാനങ്ങളുടെ നിരീക്ഷണത്തിലുമായിരിക്കും.

ഒരു ഇന്ത്യൻ വിദ്യാർഥിയുടെ അനുഭവം ഇന്ത്യൻ കോൺസുലേറ്റ് അധികാരികൾത്തന്നെ ലേഖകനോടു പറഞ്ഞതിങ്ങനെ: നാട്ടിൽനിന്നു പഠനത്തിനായി എത്തിയ ഒരു വിദ്യാർഥി അമേരിക്കയിലെത്തി വൈകാതെ തന്‍റെ മൊബൈൽ ഫോണിൽ ഫുൾ ടൈം ജോലി അവസരത്തിനായി സെർച്ച് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇതു നിമിഷങ്ങൾക്കുള്ളിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾത്തന്നെ അവർ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു നാട്ടിലേക്കു തിരിച്ചയച്ചു. എത്രയോ പണം മുടക്കി ആയിരിക്കാം ആ വിദ്യാർഥി അമേരിക്കയിലേക്ക് എത്തിയതെന്നു ചിന്തിക്കുന്പോഴാണ് ആ സംഭവത്തിന്‍റെ പ്രത്യാഘാതം തിരിച്ചറിയുന്നത്. അതേസമയം, നിയമങ്ങൾക്കു വിധേയമായി കാന്പസിലും പുറത്തും നിശ്ചിത മണിക്കൂർ ജോലി ചെയ്യാൻ തടസമില്ല. അതായത്, പഠിക്കാൻ വരുന്നവർ പഠിക്കാനായി വരണം, പഠനത്തിന്‍റെ മറവിൽ എന്തെങ്കിലും ജോലി സംഘടിപ്പിക്കാനായിട്ടാണ് വരുന്നതെങ്കിൽ അതത്ര സുരക്ഷിതമല്ല എന്നു ചുരുക്കം. പഠനച്ചെലവുകൾക്ക് ഒരു താങ്ങ് എന്ന നിലയിൽ കുറച്ചുസമയം ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് ആ രാജ്യം നിങ്ങൾക്കു നൽകുന്നത്. അതുകൊണ്ടുതന്നെ വൻതുക കടം വരുത്തിവച്ചു വിദേശ പഠനത്തിനു പോകുന്നവർ അതിനു മുന്പു കാര്യങ്ങൾ ശരിയായി പഠിക്കുകയും വിലയിരുത്തുകയും ചെയ്യണം. അല്ലെങ്കിൽ ഈ രാജ്യത്ത് എത്തിക്കഴിയുന്പോൾ ഉണ്ടാകാവുന്ന സമ്മർദം നിങ്ങളെ പല കുഴപ്പങ്ങളിലേക്കും നയിക്കും.

ലഹരിക്കെണി

നാട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യവും മാതാപിതാക്കളുടെ നിയന്ത്രണങ്ങളിൽനിന്നു പെട്ടെന്നുള്ള "മോചനവും' ദുരുപയോഗം ചെയ്യുന്നതാണ് പലപ്പോഴും അമേരിക്കയിൽ പഠിക്കാൻ വരുന്ന ഇന്ത്യൻ വിദ്യാർഥികളെ ദുരന്തങ്ങളിൽ കൊണ്ടെത്തിക്കുന്നത്. അമേരിക്കയിൽ എത്തുന്ന വിദ്യാർഥികളിൽ കുറെ പേരെങ്കിലും മദ്യം, മയക്കുമരുന്ന് കെണികളിൽ പെട്ടുപോകാറുണ്ട്. കൂട്ടുകെട്ടുകൾ മൂലം മയക്കുമരുന്ന് ഗാംഗുകളിൽ ചെന്ന് അകപ്പെടുകയാണ്.

അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗത്തിനു നിരോധനമില്ല. ഇതൊക്കെ കാണുന്പോൾ ഇതെല്ലാവർക്കാം ആകാമെന്ന തെറ്റിദ്ധാരണയിലേക്കും പല വിദ്യാർഥികളും വീഴും. കൂടാതെ, "ഫെന്‍റനിൽ' പോലുള്ള മരുന്നുകളുടെ ദുരുപയോഗം വളരെപ്പെട്ടെന്ന് ലഹരി അടിമത്തത്തിലേക്കു നയിക്കും. നാട്ടിൽ‌നിന്ന് വന്നിട്ട് ഒരു മാസം മാത്രമായ ഒരു വിദ്യാർഥിയുടെ മരണത്തിനു കാരണം ഈ മയക്കുമരുന്നിന്‍റെ അമിത ഡോസിലുള്ള ഉപയോഗമായിരുന്നു.

ചാറ്റിംഗ് ട്രാപ്

അമേരിക്കയിൽ വരുന്ന വിദ്യാർഥികൾ അകപ്പെടുന്ന മറ്റൊരു കുരുക്കാണ് നിയമപരമല്ലാത്ത ചാറ്റിംഗ് ബന്ധങ്ങൾ. അമേരിക്കയിലെ നിയമങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയില്ലാതെ പല ഭ്രമങ്ങളിലും ആണ്ടുപോകുന്നതാണ് പലർക്കും വിനയാകുന്നത്. പ്രായപൂർത്തിയാകാത്ത, അതായത് പതിനാറു വയസിനു താഴെയുള്ള, കുട്ടികളുമായി നടത്തുന്ന ലൈംഗിക ചുവയോടുകൂടിയ സംസാരവും ഇടപെടലും അമേരിക്കയിൽ വലിയ കുറ്റകൃത്യമാണ്. ഇങ്ങനെ കുട്ടികളുമായി സംസാരിക്കാൻ താത്പര്യപ്പെടുന്നവരെയും ശ്രമിക്കുന്നവരെയും കുടുക്കാൻ പോലീസ് ഒാൺലൈനിൽ എപ്പോഴും സജീവമായിരിക്കും.

പെൺകുട്ടികളോടു ചാറ്റിംഗിന് ഇറങ്ങിത്തിരിച്ചാൽ മിക്കവാറും മറുതലയ്ക്കൽ വനിതാ പോലീസ് ആ‍യിരിക്കും. യാതൊരു ദാക്ഷിണ്യവുമില്ലാതെ ജയിലിൽ പോകേണ്ടിവരും. അമേരിക്കയിൽ മുഴുവൻ എല്ലാത്തരത്തിലുമുള്ള ലൈംഗിക സ്വാതന്ത്ര്യമാണ് നിലനിൽക്കുന്നതെന്ന തെറ്റിദ്ധാരണയുമൊക്കെയായിട്ടാണ് പലരും ഇവിടേക്ക് എത്തുന്നത്.

ഏതാനും വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ പഠിക്കാൻ വന്ന ഒരു മലയാളി വിദ്യാർഥി എവിടെനിന്നോ കിട്ടിയ ഫോൺ നന്പറിൽ ഒരു പെൺകുട്ടിയുമായി ചാറ്റിംഗിൽ ഏർപ്പെട്ടു. ചാറ്റിംഗ് പുരോഗമിച്ചതോടെ പെൺകുട്ടിയെ കാണാൻ ആഗ്രഹമുണ്ടെന്നു വിദ്യാർഥി പറഞ്ഞു. പെൺകുട്ടി നൽകിയ അഡ്രസിൽ തേടിപ്പിടിച്ചു ചെന്ന് കതകു തുറന്നപ്പോൾ പുറത്തേക്കുവന്നത് പോലീസ് ആയിരുന്നു. ഇയാൾക്ക് ഏതാനും വർഷങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നു, തുടർന്ന് നാടുകടത്തി. ഇത്തരം കേസുകളിൽ പെട്ടുപോയാൽ വിദ്യാർഥികളുടെ ഭാവി അതോടെ തകരും. തകർച്ചയും നിരാശയും പലരെയും ആത്മഹത്യകളിൽ എത്തിക്കുകയും ചെയ്യും.

സഹായിക്കാൻ എംബസി

അമേരിക്കയിൽ വരുന്ന ഇന്ത്യൻ വിദ്യാർഥികൾക്കായി ഇന്ത്യൻ എംബസിയും വിവിധ കോൺസുലേറ്റുകളും പല മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നുണ്ട് . അതിൽ ഏറ്റം പ്രധാനം അമേരിക്കയിൽ വരുമ്പോൾതന്നെ കോൺസുലേറ്റിന്‍റെ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുക എന്നതാണ്! മറ്റുള്ള രാജ്യക്കാർ ഇതു കൃത്യമായി പാലിക്കുന്പോൾ നമ്മുടെ വിദ്യാർഥികൾ രജിസ്റ്റർ ചെയ്യുന്നതിൽ വിമുഖത കാട്ടുന്നതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനായ പ്രധാൻ പറയുന്നു.

വെറും അഞ്ചു മിനിറ്റ് മാത്രം എടുക്കുന്ന ഇക്കാര്യം ചെയ്യാൻ എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾ മടിക്കുന്നതെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "ഇവിടെ എല്ലാ ദിവസവും എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്രയധികം ഇന്ത്യക്കാർ ഇവിടെ ഉണ്ട്. പലപ്പോഴും പത്രങ്ങളിൽ വരുന്ന വാർത്തകൾ കണ്ടു ഞങ്ങൾ അവരെ തേടിപോകേണ്ടി സ്ഥിതിയാണ്. എന്നാൽ, കോൺസുലേറ്റിൽ പേര് രജിസ്റ്റർ ചെയ്താൽ ഒരു ആവശ്യം വരുമ്പോൾ അവരെ കണ്ടെത്താനും സഹായം എത്തിക്കാനും എളുപ്പമാകും. - കോൺസുലേറ്റ് ജനറൽ അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയിൽനിന്നു വരുന്ന വിദ്യാർഥികൾ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിക്കുന്നു.

(ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ് ആണ് ലേഖകൻ).

 

Join WhatsApp News
Varghese Joseph 2024-04-23 13:17:09
Well researched stuff and very informative. congratulations !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക