Image

വിവാദ പ്രസ്താവന: മോദിക്കെതിരെ സിപിഎം നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ല

Published on 22 April, 2024
വിവാദ പ്രസ്താവന: മോദിക്കെതിരെ സിപിഎം നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ല

ന്യൂ‍ഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡൽഹി മന്ദിർ മാർ​ഗ് പൊലീസ് സ്റ്റേഷനിൽ സിപിഎം നൽകിയ പരാതി പൊലീസ് സ്വീകരിച്ചില്ല. പിന്നാലെ പരാതി ഡൽഹി കമ്മീഷണർക്ക് ഇ മെയിലായി അയച്ചു. കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ രാജ്യത്തെ വിഭവങ്ങള്‍ മുസ്ലിംകള്‍ക്കു പങ്കുവച്ചു നല്‍കുമെന്ന പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പു പ്രസംഗത്തിനെതിരെയാണ് പരാതി.

പൊളിറ്റ് ബ്യൂറോ അം​ഗ ബൃന്ദ കാരാട്ടും ഡൽഹി സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പുഷ്പീന്ദർ സിങ് ​ഗ്രെവാൾ എന്നിവർ ചേർന്നാണ് പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാൻ എസ്എച്ഒ തയ്യാറായില്ല.

സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതും ദേശീയോദ്​ഗ്രഥനത്തിനു വിരുദ്ധവുമാണ് പ്രസ്താവനയെന്നു പരാതിയിൽ വ്യക്തമാക്കുന്നു. പരാതി സിപിഎം എക്സ് പേജിൽ പങ്കിട്ടിട്ടുണ്ട്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിവാദ പ്രസ്താവന.

രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് മോദി കഴിഞ്ഞ ദിവസം വിവാദമായ പ്രസംഗം നടത്തിയത്. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ മക്കളുള്ളവര്‍ക്കും രാജ്യത്തിന്റെ സ്വത്ത് പകുത്തു നല്‍കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നു എന്നായിരുന്നു മോദി പറഞ്ഞത്. അവര്‍ക്കു ഭരണമുണ്ടായിരുന്നപ്പോള്‍ മുസ്ലിംകള്‍ക്കാണ് രാജ്യത്തിന്റെ സ്വത്തില്‍ ആദ്യ അവകാശം എന്നാണ് അവര്‍ പറഞ്ഞത്. അതിനര്‍ഥം സ്വത്തെല്ലാം ആര്‍ക്കു കൊടുക്കുമെന്നാണ്? കൂടുതല്‍ മക്കളുള്ളവര്‍ക്ക് - മോദി പറഞ്ഞു.

പിന്നാലെ മോദിയുടെ പ്രസംഗത്തിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തു വന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി രാജ്യത്തെ സാമുദായികമായി വേര്‍തിരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക