Image

പശ്ചിമബംഗാളില്‍ 26000 അധ്യാപകരുടെ നിയമനം ഹൈക്കോടതി  റദ്ദാക്കി 

Published on 22 April, 2024
പശ്ചിമബംഗാളില്‍ 26000 അധ്യാപകരുടെ നിയമനം ഹൈക്കോടതി  റദ്ദാക്കി 

കൊല്‍ക്കത്ത: 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ റിക്രൂട്ട് ചെയ്ത 25753 അധ്യാപക നിയമനങ്ങളും കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. ഇവര്‍ വാങ്ങിയ ശമ്പളം 12 ശതമാനം പലിശസഹിതം തിരിച്ചടയ്ക്കാനും ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസുമാരായ ദേബാങ്‌സു ബസക്കും മുഹമ്മദ് ഷബ്ബാര്‍ റാഷിദിയും ഉത്തരവില്‍ പറയുന്നു. 

നിയമനം റദ്ദാക്കപ്പെട്ട അധ്യാപകരില്‍ നിന്ന് ശമ്പളം തിരികെ വാങ്ങാന്‍ ജില്ലാ മജിസ്‌ട്രേറ്റര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം അര്‍ബുദ ബാധയ്ക്ക് ചികില്‍സ നേടുന്ന സോമ ദാസ് എന്നയാളുടെ നിയമനം മാനുഷിക പരിഗണന വച്ച് കോടതി നിലനിര്‍ത്തുകയും ചെയ്തു. നിയമന നടപടികളെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തിയും ബെഞ്ച് ഉത്തരവായി. പുതിയ നിയമനങ്ങള്‍ നടത്തുന്നതിന് വെസ്റ്റ് ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സിദ്ധാര്‍ഥ് മജുംദാര്‍ പറഞ്ഞു. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയടക്കം നിരവധി ഉദ്യോഗസ്ഥരെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ ജുഡീഷ്യറിയെയും വിധി പ്രസ്താവനകളെയും സ്വാധീനിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. രാഷ്ട്രീയ വിസ്‌ഫോടനമുണ്ടാകുമെന്ന് കഴിഞ്ഞയാഴ്ച ബിജെപി നേതാവ് സുവേന്ദു അധികാരി പ്രവചിച്ചിരുന്നു. 26000 പേരുടെ ജോലി റദ്ദാക്കി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതാണോ ആ വിസ്‌ഫോടനം. കോടതി വിധി പുറപ്പെടുവിക്കും മുമ്പ് അവര്‍ എങ്ങനെയാണ് ഈ വിവരം അറിയുകയെന്നും മമത ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക