Image

യുഎഇയില്‍ കനത്ത മഴ, റെഡ് അലര്‍ട്ട്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

Published on 17 April, 2024
യുഎഇയില്‍ കനത്ത മഴ, റെഡ് അലര്‍ട്ട്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. യുഎഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി. ദുബായില്‍ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനവും റദ്ദാക്കിയവയുടെ പട്ടികയിലുണ്ട്. 

ഫ്‌ലൈ ദുബായുടെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും കൊച്ചി - ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി - ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി - ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്.

കനത്ത മഴയെ തുടര്‍ന്ന് യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതേസമയം, ഒമാനില്‍ മഴയില്‍ മരണം 18 ആയി. 
 
കഴിഞ്ഞ 75 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും വലിയ മഴയ്ക്കാണ് രാജ്യം  സാക്ഷ്യം വഹിച്ചതെന്ന് യുഎഇ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അല്‍ഐനിലെ ഖതം അശ്ശക് ലയില്‍ മാത്രം  24 മണിക്കൂറിനിടെ 254.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക