Image

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Published on 17 April, 2024
ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

80 ലോക്‌സഭ സീറ്റുകളുള്ള യുപിയില്‍ എട്ടിടത്താണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്. സഹാരണ്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്‌നോര്‍, നാഗിന, മൊറാദാബാദ്, രാംപൂര്‍, പിലിബിത്ത് എന്നിവയാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. 42 സീറ്റുകളുള്ള ബംഗാളില്‍ കൂച്ച്ബിഹാര്‍, അലിപൂര്‍ദ്വാര്‍, ജയ്പാല്‍ഗുരി എന്നിവയും വെള്ളിയാഴ്ച വിധിയെഴുതും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മത്സരിക്കുന്ന നാഗ്പൂരും ആദ്യഘട്ടത്തില്‍ വിധിയെഴുതും.

തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും പ്രധാനശ്രദ്ധ ദക്ഷിണേന്ത്യയിലായിരുന്നു. രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും മധ്യപ്രദേശിലും രാജസ്ഥാനിലും റാലികള്‍ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാളെ പ്രചാരണം നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക