Image

തൃശൂര്‍ പൂരത്തിന് ആനകളെ വിടില്ലന്ന് ഉടമകളുടെ സംഘടന

Published on 17 April, 2024
തൃശൂര്‍ പൂരത്തിന് ആനകളെ  വിടില്ലന്ന്  ഉടമകളുടെ സംഘടന

തൃശ്ശൂര്‍: വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പ്രതിഷേധിച്ച് തൃശ്ശൂര്‍ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍. വനംവകുപ്പിന്റെ ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നാണ് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട്. പുതിയ ഉത്തരവില്‍ കടുത്ത നിയമങ്ങളാണുള്ളതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു. അസോസിയേഷന്റെ പക്കല്‍ അറുപത് ആനകളുണ്ടെന്നും എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി കെ എസ് ശ്രീജിത്ത് വ്യക്തമാക്കി.

നേരത്തെ ആനയെഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വനംവകുപ്പിന്റെ സര്‍ക്കുലര്‍ വിവാദമായിരുന്നു. ആനയ്ക്ക് 50 മീറ്റര്‍ അടുത്തുവരെ ആളുകള്‍ നില്‍ക്കരുത്, അവയുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, പടക്കങ്ങള്‍, താളമേളങ്ങള്‍ എന്നിവ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു വനംവകുപ്പ് ആദ്യം ഇറക്കിയ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. ആനകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഈ മാസം15 ന് മുമ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാട് ഇതിന് പിന്നാലെ ആന ഉടമകളുടെ സംഘടന സ്വീകരിച്ചിരുന്നു.

സര്‍ക്കുലര്‍ വിവാദമായതോടെ നാട്ടാന സര്‍ക്കുലറില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയിരുന്നു. ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ താളമേളങ്ങള്‍ പാടില്ലെന്ന നിര്‍ദേശം വനംവകുപ്പ് പിന്‍വലിക്കുകയായിരുന്നു. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് തിരുത്ത്. തിരുത്തിയ സര്‍ക്കുലര്‍ വനംവകുപ്പ് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വനംവകുപ്പിന്റെ വിവാദമായ നാട്ടാന സര്‍ക്കുലര്‍ തിരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക