Image

സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലില്‍ സ്വീകരിച്ചു

Published on 16 April, 2024
സൗദി ജയിലില്‍ കഴിയുന്ന  റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലില്‍ സ്വീകരിച്ചു

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും അദ്ദേഹത്തെ മോചിപ്പിക്കാനുമുള്ള അപേക്ഷയില്‍ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും.

വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയില്‍ തുടർവാദത്തിനുള്ള തിയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിനുള്ള മോചനദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമവും ഊർജിതമാണ്.

ഇന്നലെയാണ് സൗദിയിലെ റിയാദിലുള്ള കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലില്‍ സ്വീകരിച്ചത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി പേപ്പർ രഹിതമായി ഓണ്‍ലൈൻ വഴിയാണ് നിലവില്‍ സൗദി കോടതികളില്‍ നടപടിക്രമങ്ങള്‍. ഇതിനാല്‍ ഓണ്‍ലൈൻ വഴിയാണ് അപേക്ഷ സമർപ്പിച്ചത്. ദിയാധനം നല്‍കാൻ കുടുംബവുമായി ധാരണയായ വിവരവും വധശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യവുമാണ് അപേക്ഷയിലുള്ളത്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നല്‍കിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തില്‍ ഉത്തരവുണ്ടാകുക. കോടതി വിളിപ്പിക്കുന്നതോടെ ഇരുവിഭാഗത്തിന്റെയും അറ്റോണിമാർ വിഷയത്തില്‍ നിലപാട് കോടതിയെ അറിയിക്കും.

വധശിക്ഷാ കേസായതിനാല്‍ ദയാധനം നല്‍കാൻ പ്രതിഭാഗം തയ്യാറാണെന്നുള്ള വിവരം കൊല്ലപ്പെട്ട അനസിയുടെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. ദയാധനം നല്‍കാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നല്‍കുകയാണ് കോടതിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്ന ആദ്യ നടപടി. ഇത് സുപ്രീംകോടതി ശരിവെക്കണം. ഇതിന് ശേഷം ജയില്‍ വകുപ്പിന് ഈ ഉത്തരവ് കൈമാറും. വധശിക്ഷാ കേസായതിനാല്‍ നടപടിക്രമങ്ങളുണ്ടാകും. എങ്കിലും പരമാവധി വേഗത്തില്‍ ഇവ തീർക്കാനാണ് സഹായസമിതിയുടെ ശ്രമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക