Image

നിക്കി ഹേലി ഹഡ്‌സൺ ഇൻസ്റ്റിട്യൂട്ടിൽ  ചേർന്നു, സ്റ്റേൺ ചെയർ സ്ഥാനമേൽക്കും (പിപിഎം) 

Published on 16 April, 2024
നിക്കി ഹേലി ഹഡ്‌സൺ ഇൻസ്റ്റിട്യൂട്ടിൽ  ചേർന്നു, സ്റ്റേൺ ചെയർ സ്ഥാനമേൽക്കും (പിപിഎം) 

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിച്ച യുഎന്നിലെ മുൻ യുഎസ് അംബാസഡറായ ഇന്ത്യൻ അമേരിക്കൻ നിക്കി ഹേലി  പ്രസ്റ്റീജ് സ്ഥാപനമായ ഹഡ്‌സൺ ഇൻസ്റ്റിട്യൂട്ടിൽ ചേർന്നു. സ്ഥാപനത്തിന്റെ അടുത്ത വാൾട്ടർ പി.  സ്റ്റേൺ ചെയർ സ്ഥാനം സൗത്ത് കരളിനയിൽ രണ്ടു തവണ ഗവർണർ കൂടിയായിരുന്ന ഹേലി (52) ഏറ്റെടുക്കുമെന്നും ഹഡ്‌സൺ അറിയിപ്പിൽ പറയുന്നു.

വാഷിംഗ്ടൺ ആസ്ഥാനമായ കൺസർവേറ്റിവ് തിങ്ക് ടാങ്കിന്റെ സി ഇ ഒ: ജോൺ പി. വോൾട്ടേഴ്‌സ് പറഞ്ഞു: "വിദേശ-ആഭ്യന്തര നയവിഷയങ്ങളിൽ മികവ് തെളിയിച്ച നേതാവാണ് നിക്കി.

"രാഷ്ട്രീയ സംഘർഷങ്ങളുടെ കാലത്തു സ്വാതന്ത്ര്യത്തിനു വേണ്ടി അടിയുറച്ചു നിന്ന നേതാവാണു അവർ. അമേരിക്കൻ സുരക്ഷയും പുരോഗതിയും അവർക്കു പ്രിയങ്കരമാണ്. ഹഡ്‌സൺ ടീമിലേക്കു അവർ വരുന്നത് ഞങ്ങൾക്ക് അഭിമാനമാണ്." 

ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചു തോറ്റെങ്കിലും ആദ്യമായി രണ്ടു റിപ്പബ്ലിക്കൻ പ്രൈമറികൾ ജയിച്ച വനിത എന്ന ചരിത്രം കുറിക്കാൻ ഹേലിക്കു കഴിഞ്ഞിരുന്നു. 

മുൻ ചെയർമാൻ വാൾട്ടർ പി. സ്റ്റേണിന്റെ നേട്ടങ്ങൾ ആഘോഷിക്കാനാണ് ഹഡ്‌സൺ 2020ൽ അദ്ദേഹത്തിന്റെ പേരിൽ ചെയർ ആരംഭിച്ചത്. "ഈ സ്ഥാനം നിക്കി ഏറ്റെടുക്കുന്നത് അഭിമാനകരമാണ്," സ്റ്റേണിന്റെ ഭാര്യ സാറ മെയ് സ്റ്റെൺ പറഞ്ഞു. "അവർക്കു ധീരതയും ഉൾക്കാഴ്ചയുമുള്ള നയരൂപീകരണത്തിനു മികവുണ്ട്. ആ ഗുണങ്ങൾ ഹഡ്‌സണെ ഇന്നത്തെ നയരൂപീകരണത്തിന്റെ ഊർജ്ജകേന്ദ്രമാക്കുന്നു." 

2018ൽ ഹേലി ഹഡ്‌സന്റെ ഗ്ലോബൽ ലീഡർഷിപ് അവാർഡ് നേടിയിട്ടുണ്ട്. 

Nikki Haley joins Hudson Institute 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക