Image

കോടതിയിൽ ആദ്യ ദിവസം തന്നെ ട്രംപിനു  തിരിച്ചടി; ജഡ്‌ജ്‌ ഒഴിയാൻ തയ്യാറില്ല (പിപിഎം) 

Published on 16 April, 2024
കോടതിയിൽ ആദ്യ ദിവസം തന്നെ ട്രംപിനു  തിരിച്ചടി; ജഡ്‌ജ്‌ ഒഴിയാൻ തയ്യാറില്ല (പിപിഎം) 

ചരിത്രമാവുന്ന ക്രിമിനൽ കേസ് വിചാരണ ആരംഭിച്ച ദിവസം തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു മൻഹാട്ടൻ കോടതിയിൽ തിരിച്ചടിയേറ്റു. നീലച്ചിത്ര നടിയെ നിശ്ശബ്ദയാക്കാൻ പണം കൊടുത്ത ശേഷം അതു മറയ്ക്കാൻ ബിസിനസ് രേഖകളിൽ തിരുത്തൽ നടത്തി എന്ന ആരോപണത്തിന്റെ പേരിലാണ് ജഡ്‌ജ്‌ യുവാൻ മെർച്ചന്റെ കോടതിയിൽ ചരിത്രത്തിൽ ആദ്യമായി ഒരു മുൻ യുഎസ് പ്രസിഡന്റിന്റെ വിചാരണ തിങ്കളാഴ്ച തുടങ്ങിയത്.

ജഡ്‌ജ്‌ മെർച്ചൻ കേസിൽ നിന്ന് ഒഴിയണം എന്ന ട്രംപിന്റെ ആവശ്യം നിരസിക്കപ്പെട്ടു. അതിനു തക്ക കാരണമൊന്നും ഇല്ലെന്നു ജഡ്‌ജ്‌ ചൂണ്ടിക്കാട്ടി. 

രണ്ടാമത്, 2016 തിരഞ്ഞെടുപ്പു കാലത്തു ട്രംപിനെതിരായ വാർത്തകൾ പൂഴ്ത്താൻ ശ്രമം നടന്നുവെന്ന 'നാഷനൽ എൻക്വയറർ' വാർത്തകളുടെ തലക്കെട്ടുകൾ കോടതിയിൽ കാണിക്കണം എന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. ട്രംപിനെതിരായ വാർത്തകൾ കണ്ടെത്തി നശിപ്പിക്കാനുളള ശ്രമം നടന്നു എന്ന തെളിവ് പ്രോസിക്യൂഷൻ അദ്ദേഹത്തിനെതിരെ ഉപയോഗിക്കും. 
 
ട്രംപിന്റെ മേൽ 34 ഫെലനികളാണ് ഡിസ്‌ട്രിക്‌ട് അറ്റോണി ആൽവിൻ ബ്രാഗ് കൊണ്ടുവന്നത്. നടി സ്റ്റോർമി ഡാനിയൽസിനു $130,000 കൊടുത്തുവെന്നു മൊഴി പറഞ്ഞിട്ടുള്ളത് ട്രംപിന്റെ മുൻ അഭിഭാഷകൻ മൈക്കൽ കോഹൻ ആണ്. അദ്ദേഹത്തെ കോടതിയിൽ നിന്നു വിലക്കണമെന്ന ട്രംപിന്റെ ആവശ്യവും കോടതി നേരത്തെ തള്ളിയിരുന്നു.

കോടതിക്കു പുറത്തു വൻ ജനക്കൂട്ടം ഉണ്ടാവുമെന്നു ട്രംപ് പ്രതീക്ഷിച്ചിരുന്നെങ്കിലും കഷ്ടിച്ച് 50 പേരാണ് എത്തിയതെന്ന്‌ 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നു. 

Trump suffers setback as hush money trial opens 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക