Image

ബൈഡന്റെ അപ്പ്രൂവൽ റേറ്റിംഗ് കുതിക്കുന്നു; ട്രംപിനെതിരെ 10 സർവേകളിൽ ലീഡും (പിപിഎം) 

Published on 16 April, 2024
ബൈഡന്റെ അപ്പ്രൂവൽ റേറ്റിംഗ് കുതിക്കുന്നു;  ട്രംപിനെതിരെ 10 സർവേകളിൽ ലീഡും (പിപിഎം) 

പ്രസിഡന്റ് ജോ ബൈഡന്റെ അപ്പ്രൂവൽ റേറ്റിംഗ് കഴിഞ്ഞ നവംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന 43 ശതമാനത്തിൽ എത്തി. അതേ സമയം, 10 വ്യത്യസ്‌ത സർവേകളിൽ അദ്ദേഹം ഡൊണാൾഡ് ട്രംപിനെതിരെ വ്യക്തമായ ലീഡും നേടി. 

ഫൈനാൻഷ്യൽ ടൈംസ്/ യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ റോസ് സ്കൂൾ ഓഫ് ബിസിനസ് എന്നിവയുടെ പുതിയ പോളിംഗിലാണ് തൊഴിൽ മികവിനുള്ള അംഗീകാരം കുതിച്ചുയർന്നത്. മാർച്ചിലെ നിലയിൽ നിന്നു 4% വർധനയാണ് ഏപ്രിലിൽ അദ്ദേഹം നേടിയത്. 

റജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 41% അദ്ദേഹം സമ്പദ് വ്യവ്‌സഥ കൈകാര്യം ചെയ്യുന്ന രീതി അംഗീകരിച്ചു. മാർച്ചിൽ നിന്നു 5% വർധന. ട്രംപിനെ ഇക്കാര്യത്തിൽ അംഗീകരിക്കുന്നവർ 35% മാത്രം. 

സമീപകാലത്തു ബൈഡൻ 40% കടക്കുന്നത് ഇതാദ്യമാണ്. ജനുവരിയിൽ എബിസി ന്യൂസ്/ ഇപ്‌സോസ് നടത്തിയ പോളിംഗിൽ അദ്ദേഹം 33% വരെ കൂപ്പുകുത്തി. ഫെബ്രുവരി ഗാലപ് പോൾ കണ്ടത് 38% ആണ്. നവംബറിൽ ഹാർവാർഡ് സി എ പി എസ്-ഹാരിസ് സർവേയിൽ ബൈഡൻ 45% നേടിയിരുന്നു. അന്നു 44% പേർ സാമ്പത്തിക രംഗത്തെ നേട്ടത്തെ മാനിച്ചാണ് അദ്ദേഹത്തെ പിന്താങ്ങിയത്. 

 

ട്രംപിനെ പിന്നിലാക്കുന്നു 

 

തിരഞ്ഞെടുപ്പിന് ഏഴു മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡൻ കഴിഞ്ഞ മാസത്തെ 10 സർവേകളിൽ ട്രംപിനെ പിന്നിലാക്കുന്നത്. 

റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിംഗിൽ ബൈഡൻ 41% പിന്തുണ നേടുമ്പോൾ ട്രംപിനു കിട്ടുന്നത് 37% ആണ്. സർവെയ്‌ക്കു 4% മാർജിൻ ഓഫ് എറർ ഉണ്ടാവാം. ഏപ്രിൽ 5-9 നു  റജിസ്റ്റർ ചെയ്ത 833 വോട്ടർമാരാണ് പങ്കെടുത്തത്. 

ക്വിനിപ്പിയാക് യൂണിവേഴ്സിറ്റി മാർച്ച് 27നു നടത്തിയ സർവേയിൽ റജിസ്റ്റർ ചെയ്ത 1,407 വോട്ടർമാർ പങ്കെടുത്തു. 48% പിന്തുണയാണ് ബൈഡൻ നേടിയത്. ട്രംപിനു 45%. എറർ +/- 2.6%. 

ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റി/ മെയിൻസ്ട്രീറ്റ് സർവേയിൽ പ്രസിഡന്റ് 47% പിന്തുണ കാണുമ്പോൾ ട്രംപ് 45% നേടുന്നു. മാർച്ച് 15-17നു 1,053 മുതിർന്ന വോട്ടർമാരെ കണ്ട സർവേയിൽ പിഴവ് +/- 3.0% ആണ്. 

ആർ എം ജി റിസർച് 1,679 വോട്ടർമാർക്കിടയിൽ ഏപ്രിൽ 1 മുതൽ 4 വരെ നടത്തിയ പോളിംഗിൽ ബൈഡൻ 44%, ട്രംപ് 43% എന്നിങ്ങനെയാണ് നില. മാർജിൻ ഓഫ് എറർ 2.4%. 

ഡേറ്റ ഓഫ് പ്രോഗ്രസ് 1,200 വോട്ടർമാരെ കണ്ടപ്പോൾ 47% ബൈഡനെ പിന്തുണച്ചു. ട്രംപിനു 46%.  

മാർകിറ്റ് ലോ സ്കൂൾ മാർച്ച് 18-20നു നടത്തിയ സർവേയിൽ 45% ബൈഡനെ തുണച്ചു, ട്രംപിനെ 44% പേരും. റജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 44% ബൈഡനു വോട്ട് ചെയ്യുമെന്നു പറഞ്ഞപ്പോൾ ട്രംപിന് ആ ഉറപ്പു നൽകുന്നത് 42% ആണ്. 

എം പി ആറിനു വേണ്ടി മാറിസ്റ്റ് കോളജ് 1,305 റജിസ്റ്റർ ചെയ്ത വോട്ടർമാരോട് സംസാരിച്ചപ്പോൾ ബൈഡനു 50%, ട്രംപിനു 48% എന്നിങ്ങനെയാണ് പിന്തുണ. മാർച്ച് 25-28 പോളിംഗിൽ  1,199 പേർ പങ്കെടുത്തു. 

 

ഐ&ഐ/ടിപ്പ് പോളിംഗിൽ റജിസ്റ്റർ ചെയ്ത  1,265 വോട്ടർമാരിൽ 43% ബൈഡനെയും 40% ട്രംപിനെയും പിന്താങ്ങി. എറർ +/- 2.8%. 

നോബിൾ പ്രെഡിക്റ്റിവ് റജിസ്റ്റർ ചെയ്ത 2,510 വോട്ടർമാരെ സർവേ ചെയ്തപ്പോൾ 44% ബൈഡൻ, 43% ട്രംപ് എന്നിങ്ങനെ കണ്ടു. 

ഡെമോക്രാറ്റിക് സൂപ്പർ പി എ സി പ്രോഗ്രസ് ആക്ഷൻ ഫണ്ടിന്റെ സർവേയിൽ ബൈഡൻ 46%, ട്രംപ് 45%. എറർ +/- 3.4%. മാർച്ച് 12-13 നു റജിസ്റ്റർ ചെയ്ത 837 വോട്ടർമാരോട് സംസാരിച്ചു. 

Biden leaps in surveys 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക