Image

ഇനിയൊരിക്കലും ആ പണിക്കില്ല, ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്; സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്ന് ചുള്ളിക്കാട്

Published on 15 April, 2024
ഇനിയൊരിക്കലും ആ പണിക്കില്ല, ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്; സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്ന് ചുള്ളിക്കാട്

കോഴിക്കോട്: സാഹിത്യ പ്രഭാഷണ പരിപാടി അവസാനിപ്പിച്ചെന്നും ഇനിയൊരിക്കലും ആ പണി ചെയ്യില്ലെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട്. തുഞ്ചന്‍പറമ്പില്‍ ആശാന്‍ കവിതയെക്കുറിച്ച് പ്രഭാഷണം നടത്താന്‍ എം ടി വാസുദേവന്‍ നായരുടെ നിര്‍ദേശ പ്രകാരം വിളി വന്നപ്പോഴാണ് ചുള്ളിക്കാടിന്റെ മറുപടി. എംടിയുമായുള്ള സ്‌നേഹാദരപൂര്‍ണ്ണമായ വ്യക്തിബന്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്ന കുറിപ്പില്‍, ‘പ്രിയപ്പെട്ട എം ടി വാസുദേവവന്‍ നായര്‍, അങ്ങ് എന്നോടു സര്‍വാത്മനാ ക്ഷമിക്കണം’ എന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു.

ഈയിടെ സമൂഹത്തില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നുള്ള ചുള്ളിക്കാടിന്റെ കുറിപ്പ് സുഹൃത്ത് ഡോ. തോമസ് കെ വിയാണ് ഫേസ് ബുക്കില്‍ പങ്കുവെച്ചത്.

കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് പ്രതിഫലമായി നല്‍കിയത് വെറും 2400 രൂപയാണെന്ന് ചുള്ളിക്കാട് മുന്‍പ് പ്രതികരിച്ചിരുന്നു. അക്കാദമിയുടെ ക്ഷണം സ്വീകരിച്ചെത്തി കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു രണ്ടു മണിക്കൂര്‍ സംസാരിച്ചു. 50 വര്‍ഷം ആശാന്‍ കവിത പഠിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായി മനസ്സാക്കിയ കാര്യങ്ങളാണ് സംസാരിച്ചതെന്നും പ്രതിഫലമായി നല്‍കിയത് 2400 രൂപയാണെന്നുമാണ് ചുള്ളിക്കാട് പറഞ്ഞത്.

എറണാകുളത്തുനിന്ന് തൃശൂര്‍ വരെ വാസ് ട്രാവല്‍സിന്റെ ടാക്‌സിക്ക് വെയ്റ്റിംഗ് ചാര്‍ജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 3500 രൂപ ചെലവായി. 1100 രൂപ താന്‍ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു നേടിയ പണത്തില്‍നിന്നാണ്. സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാര്‍ഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം താന്‍ വന്നിട്ടില്ല. സാഹിത്യ അക്കാദമി വഴി തനിക്ക് കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്‌കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ തന്നെ ബുദ്ധിമുട്ടിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക