Image

ഇന്ത്യ ഒരു പൂച്ചെണ്ട് പോലെ, അതില്‍ എല്ലാതരം പൂക്കളും ഉണ്ടെങ്കിലെ ഭംഗിയാകൂ; ഒരു തരം പൂവ് മാത്രം മതിയെന്നാണ് ചിലര്‍ പറയുന്നത്; രാഹുൽ ഗാന്ധി

Published on 15 April, 2024
ഇന്ത്യ ഒരു പൂച്ചെണ്ട് പോലെ, അതില്‍ എല്ലാതരം  പൂക്കളും ഉണ്ടെങ്കിലെ ഭംഗിയാകൂ; ഒരു തരം പൂവ് മാത്രം മതിയെന്നാണ് ചിലര്‍ പറയുന്നത്; രാഹുൽ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ചൂടുപകര്‍ന്ന് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുലിന്റെ റോഡ് ഷോ. റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചുകൂടിയിരുന്നത്. പ്രവര്‍ത്തകരെ രാഹുല്‍ഗാന്ധി അഭിവാദ്യം ചെയ്തു.

രാഹുലിന്റെ പ്രചാരണ വാഹനത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഉണ്ടായിരുന്നു.

ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപിയുടെ സങ്കല്‍പമെന്ന്  പറഞ്ഞ രാഹുല്‍ ഗാന്ധി  ഒരു നേതാവ് മതിയെന്ന സങ്കല്‍പം നാടിനോടുള്ള അവഹേളനമാണെന്ന്  വിമര്‍ശിച്ചു.

 മലയാളം ഹിന്ദിയേക്കാന്‍ ചെറുതാണെന്ന് പറഞ്ഞാല്‍ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗരികതയുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നതാണ്.

ഇന്ത്യ ഒരു പൂച്ചെണ്ട് പോലെയാണ്. അതില്‍ എല്ലാ പൂക്കളും ഉണ്ടെങ്കിലെ ഭംഗിയാകൂ. എന്നാല്‍ ഒരു തരം പൂവ് മാത്രം മതിയെന്നാണ് ചിലര്‍ പറയുന്നത്.

കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തത് വികസനത്തെ ബാധിച്ചു. രണ്ടിടത്തും പാര്‍ട്ടി അധികാരത്തില്‍ തിരിച്ചത്തുമെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ നിലമ്ബൂര്‍ റെയില്‍വെ സ്‌റ്റേഷന്‍റെ വികസനം യാഥാര്‍ഥ്യമാക്കും. വയനാട് മെഡിക്കല്‍ കോളജ് പ്രശ്‌നം സംസ്ഥാന സര്‍ക്കാരിന് മിനിറ്റുകള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

ഇക്കാര്യം ഉന്നയിച്ച്‌ മുഖ്യമന്ത്രിക്ക് താന്‍ പല തവണ കത്തെഴുതി. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ തയാറാകുന്നില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.
 
ഇത്തവണയും പാർട്ടി പതാക ഒഴിവാക്കി രാഹുല്‍ഗാന്ധിയുടെ പ്ലക്കാര്‍ഡുകളും ബലൂണുകളുമാണ് പ്രവർത്തകർ ഉയർത്തിപ്പിടിക്കുന്നത്. പതാകയെച്ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് റോഡ് ഷോയില്‍ നിന്ന്  പാര്‍ട്ടി പതാകകള്‍ ഒഴിവാക്കിയത്.  രാഹുലിന്റെ കഴിഞ്ഞ റോഡ്ഷോയിലും കൊടി ഒഴിവാക്കിയത് വൻ ചർച്ചയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക