Image

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാൻ

Published on 15 April, 2024
പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാൻ

ന്യൂഡല്‍ഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേല്‍ ചരക്ക് കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് ഉടൻ അനുമതി നല്‍കുമെന്ന് ഇറാൻ.

വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി ഫോണില്‍ സംസാരിച്ചിരുന്നു. കപ്പലിലുള്ള മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 17 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. ഇവരെ പറ്റിയുള്ള ആശങ്ക പങ്കുവെച്ചതിന് പിന്നാലെയാണ് ഇറാന്റെ നടപടി.

ജയശങ്കർ ഇക്കാര്യത്തില്‍ സഹായം അഭ്യർത്ഥിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി ഉടൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. അമീർ അബ്ദുള്ളാഹിയൻ പറഞ്ഞു.

ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കർ ആഹ്വാനം ചെയ്തു. ഇറാനിലുള്ള ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെടാൻ മേഖലയിലെ എംബസികള്‍ക്ക് ഇന്ത്യ നിർദേശം നല്‍കി.

സിറിയയിലെ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.

അതെ സമയം ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി ധനേഷ് കുടുംബവുമായി ഇന്നലെ രാത്രി സംസാരിച്ചു. വയനാട് സ്വദേശിയായ ധനേഷ് അമ്മയുടെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചു.'താൻ സുരക്ഷിതൻ ആണെന്ന് പറഞ്ഞുവെന്ന് കുടുംബം പറഞ്ഞു. അപ്പോള്‍ തന്നെ ഫോണ്‍ കട്ടായെന്ന് ധനേഷിന്റെ അച്ഛൻ പറഞ്ഞു. വയനാട് പാല്‍വെളിച്ചം സ്വദേശിയാണ് ധനേഷ്.

ഹോർമുസ് കടലിടുക്കില്‍നിന്ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ ധനേഷ് ഉള്‍പ്പടെ മൂന്ന് മലയാളികളാണുള്ളത്. കോഴിക്കോട് വെള്ളിപറമ്ബ് സ്വദേശി ശ്യാംനാഥ്, പാലക്കാട് കേരളശ്ശേരി സ്വദേശി സുമേഷ് എന്നിവരാണ് മറ്റുള്ളവർ. കഴിഞ്ഞ ദിവസമാണ് ഇറാൻ റെവല്യൂഷനറി ഗാർഡ് ഇസ്രായേല്‍ ബന്ധമുള്ള ചരക്കുകപ്പലായ എം.എസ്.സി ഏരീസ് നിയന്ത്രണത്തിലാക്കിയത്. ഇതില്‍ 17 ഇന്ത്യൻ ജീവനക്കാരുള്ളതായി റിപ്പോർട്ടുണ്ടായിരുന്നു.

കപ്പലിലെ സെക്കൻഡ് എൻജിനീയർ ആണ് ശ്യാംനാഥ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക