Image

അമേരിക്കയിലെ  മരണം തേടുന്ന കളിപ്പാട്ടങ്ങൾ (പോൾ ഡി പനയ്ക്കൽ)

Published on 13 April, 2024
അമേരിക്കയിലെ  മരണം തേടുന്ന കളിപ്പാട്ടങ്ങൾ (പോൾ ഡി പനയ്ക്കൽ)
 
സമ്മർ സമയത്ത് കുട്ടികൾക്ക് വാട്ടർ പിസ്റ്റൾ വാങ്ങുന്ന ലാഘവത്തോടെയാണ് അമേരിക്കയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ തോക്കുകൾ വാങ്ങുക.  അമേരിക്കയിൽ ഏറ്റവും എളുപ്പത്തിൽ തോക്കു വാങ്ങാവുന്ന സംസ്ഥാനമാണ് മിസിസിപ്പി.  ഏതെങ്കിലും തോക്കു വിൽക്കുന്ന കടയിൽ ചെന്നാൽ ആർക്കും പ്രത്യേകിച്ച് നിബന്ധനകളോ പശ്ചാത്തല പരിശോധനയോ ഇല്ലാതെ തന്നെ തോക്കു വാങ്ങുന്നതിനും അത് കൊണ്ടുനടക്കുന്നതിനുള്ള പെർമിറ്റും കിട്ടും.  ഈ മാരകായുധം വാങ്ങരുതെന്ന് പതിനെട്ടു വയസ്സിനു മുകളിലുള്ള ആരോടെങ്കിലും പറഞ്ഞാൽ അത് പൗരാവകാശ ലംഘനമായി.  ഭരണഘടനയുടെ രണ്ടാം ഭേദഗതി വഴി പൗരർക്ക് ആയുധം സൂക്ഷിക്കുന്നതിനും കൈവശം വെയ്ക്കുന്നതിനുള്ള അവകാശമുണ്ട്.  ആയിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിഒന്നിൽ അന്നത്തെ പതിമൂന്നു സംസ്ഥാനങ്ങളിൽ പതിനൊന്നു സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിച്ചതോടെ ബിൽ  ഓഫ് റൈറ്റ്സിന്റെ ഭാഗമായി ആ അവകാശവും സുരക്ഷിതമായി ഭരണഘടനയിൽ ഉറപ്പിച്ചു.  അന്നത്തെ സാഹചര്യങ്ങളോ ഡിബേറ്റുകളോ ഈ എഴുത്തിന്റെ ലക്ഷ്യപരിധിയിൽ ഇല്ല.  മതസ്ഥാപനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പത്രസ്വാതന്ത്ര്യത്തിനും സമാധാനപരമായി ഒത്തുചേരുന്നതിനുമുള്ള അവകാശത്തോടൊപ്പം മാരകായുധത്തിനുള്ള അവകാശവും അതോടെ ഇന്നത്തെ അമ്പതു സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക്  അവകാശമായി.  
 
അതിന്റെ ഫലമോ?  വികസിത ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വെടിയുണ്ടയേറ്റു മരിക്കുന്ന രാജ്യമെന്ന അവകാശവും!  ഓരോ  വർഷവും 40,000-ൽ  അധികം ജീവനാണ് വെടിയുണ്ടയേറ്റ് ഇല്ലാതാകുന്നത്.  വെടിയുണ്ടയേറ്റു മരിച്ചു എന്ന് കേൾക്കുമ്പോൾ  കൊല ചെയ്യപ്പെട്ടുവെന്നേ പൊതുവേ കരുതുകയുള്ളൂ.  ആകെ മരിച്ചതിന്റെ 54% ആല്മഹത്യയായിരുന്നുവെന്ന സത്യം തോക്കും കൊലപ്പെടുത്തലും തമ്മിലുള്ള ബന്ധപ്പെടുത്തലിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംവാദങ്ങൾക്ക് മറ്റൊരു വശം നൽകുന്നു.  
മാനസികമായി എത്ര ആരോഗ്യമുള്ളവരായാലും ജീവിതത്തിൽ പ്രതിസന്ധിഘട്ടത്തിൽ കൂടി പോകാത്തവർ ചുരുക്കം.  പലപ്പോഴും ദുർബ്ബല ഘട്ടങ്ങളിൽ സ്വന്തം ജീവിതം വിലയില്ലാത്തതും പ്രതീക്ഷയില്ലാത്തതുമാണെന്നു തോന്നുന്ന നിമിഷങ്ങളിൽ ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നുക  പലർക്കും സ്വാഭാവികം മാത്രം.  ആ നിമിഷങ്ങളിൽ ഒരു തോക്കു കയ്യിൽ കിട്ടിയാൽ ജീവിതം അവിടെ അവസാനിക്കും.  ജീവിതം അവിടെ അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രതിസന്ധിയുടെ മൂര്ധന്യസമയം കടന്നുപോകുകയും ആല്മഹത്യയെന്ന ചിന്തയുടെ തീവ്രത കുറയുകയും ചെയ്യും;  വിലപ്പെട്ട ജീവൻ നിലനിൽക്കുകയും ജീവിതത്തിനു മൂല്യം കണ്ടെത്താൻ കഴിയുകയും ചെയ്യും.   അവകാശത്തിന്റെ പേരിൽ നിബന്ധനകൾ ഒന്നുമില്ലാതെ കടയിൽ ചെന്ന് തോക്കുവാങ്ങാനുള്ള സൗകര്യം 2021-ൽ നടന്ന 26328 ആല്മഹത്യകൾക്കു പിന്നിലുണ്ടെന്ന് കൃത്യമായ കണക്കില്ലെങ്കിലും വലിയൊരു ഭാഗം മരണങ്ങൾക്ക് കാരണമാണെന്ന് തീർച്ച.  തോക്കുവഴി ആല്മഹത്യയ്ക്കു ശ്രമിക്കുന്നവരിൽ 90 ശതമാനം പേര് മരണത്തിലെത്തുമ്പോൾ മറ്റു വിധത്തിൽ ശ്രമിക്കുന്നവരിൽ വെറും നാലു ശതമാനം മാത്രമേ വിജയത്തിലെത്തുന്നുള്ളുവത്രേ.    
മിസിസ്സിപ്പിയിലെയും വയൊമിങ്ങിലെയും ജനങ്ങളിൽ 56 മുതൽ 60 ശതമാനം പേർ തോക്കുടമകളാണെന്നാണ് സർവ്വേകൾ പറയുന്നത്.  അതുപോലെ തന്നെ അമേരിക്കയിൽ വെടിയുണ്ടയേറ്റു ഏറ്റവും കൂടുതൽ ജീവനഷ്ടം വരുന്നതും ആ സംസ്ഥാനങ്ങളിൽ തന്നെ.  ഏറ്റവും കര്ശനമായ തോക്കുനിയമങ്ങളുള്ള മാസാച്യുസെറ്റ്സിലും ഹവായിലും ഒമ്പതുമുതൽ പത്തു ശതമാനം വരെ ആളുകൾക്ക് മാത്രമേ തോക്കുടമസ്ഥതയുള്ളു.  ഈ രണ്ടു സംസ്ഥാനങ്ങളിലെ വെടികൊണ്ടുള്ള മരണനിരക്ക് ഒരു ലക്ഷം പേരിൽ 3.7-ഉം 3.4-ഉം മാത്രം.  മിസ്സിസ്സിപ്പിയിലും വായൊമിങ്ങിലുമാകട്ടെ അത് ഒരു ലക്ഷത്തിൽ 28.6-ഉം 26,4-ഉം.  തോക്കുകളുടെ ലഭ്യത സമൂഹത്തിൻ്റെ സുരക്ഷയെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്നതിൻ്റെ ലളിതമായ വിവരണമാണിത്.

വികസിത രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണം നടക്കുന്ന രാജ്യമെന്ന കിരീടം അമേരിക്കയുടെ ശിരസ്സിൽ തന്നെ.   ഈ സ്ഥാനത്തിന് അമേരിക്കയെ അർഹമാക്കുന്നതോ തോക്കെന്ന മാരകായുധത്തിന്റെ അതിരില്ലാത്ത ലഭ്യതയും.  ലോകത്ത് ഏറ്റവും കൂടുതൽ തോക്കുകളുടെ ഉടമസ്ഥതയുള്ള രാജ്യം അമേരിക്കയാണ്.  നൂറ് സാധാരണ പൗരന്മാരിൽ നൂറ്റിയിരുപതിൽ കൂടുതൽ തോക്കുകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

രണ്ടായിരത്തിപതിനേഴിൽ അമേരിക്കയുടെ ജനസംഖ്യ 325  ദശലക്ഷമായിരുന്നെങ്കിൽ അന്ന്  393  ദശലക്ഷത്തിലധികം  തോക്കുകൾ അമേരിക്കയിലെ സ്വകാര്യ പൗരന്മാരുടെ കൈവശം ഉണ്ടായിരുന്നു.  പക്ഷെ, ഗാലപ് സർവേ ഫലമനുസരിച്ച്  രാജ്യത്തെ നാൽപ്പതു ശതമാനം ജനങ്ങൾ മാത്രമേ തോക്കുടമകൾ ആയിട്ടുള്ളൂ.    മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഓരോ തോക്കുടമയ്ക്കും ശരാശരി മൂന്നിൽ കൂടുതൽ  തോക്കുകളുണ്ടെന്നർത്ഥം.   ഖോസ്റ്റ് ഗൺ എന്നറിയപ്പെടുന്ന രജിസ്റ്റർ ചെയ്യാത്ത, സ്വകാര്യമായി അസ്സെംബ്ൾ ചെയ്‌തെടുക്കുന്ന, കണക്കില്ലാത്ത തോക്കുകൾ വേറേയും.
കൊലയും ഒറ്റപ്പെട്ട വെടിവയ്പുകളും ആകസ്മികമായി ഉന്നം തെറ്റിയുള്ള വെടിവയ്പുകളും  പലപ്പോഴും പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വരാത്ത കാര്യമാണ്.   സാമൂഹികമായ ഉച്ചനീചത്വം, ദാരിദ്ര്യം, ജോലിക്കും ഉയർച്ചയ്ക്കുമുള്ള വഴിതടസ്സങ്ങൾ, അവസരങ്ങളുടെ അഭാവം എന്നിവയുണ്ടാക്കുന്ന അമർഷം വിവേചനമില്ലാത്ത കൊലപാതകങ്ങളാക്കി മാറ്റാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നതാണ് ദൈനം ദിനം കാണുകയും കേൾക്കുകയും ചെയ്യുന്നത്.   ഉയർന്ന ദാരിദ്ര്യവും പരിമിതമായ സാമ്പത്തികാവസരങ്ങളുമുള്ള പാവപ്പെട്ട പ്രദേശങ്ങളിൽ അക്രമങ്ങൾ  പ്രാദേശിക സംസ്‌കാരമായി മാറിയിരിക്കുന്നു.   മാരകമായ ഉപാധിയായി തോക്കിന്റെ ലഭ്യതയും.  
തോക്കു നിയന്ത്രണത്തിനുവേണ്ടി ശക്തമായി വാദിക്കുന്ന സംഘടനയായ 'എവിരി ടൌൺ ഫോർ ഗൺ സേഫ്റ്റി'യുടെ കണക്കനുസരിച്ച് അമേരിക്കയിൽ 78,000 തോക്കു വ്യാപാരികളുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആകെ രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകളുടെ എണ്ണത്തേക്കാൾ കൂടുതൽ തോക്കു കടകളുണ്ട് അമേരിക്കയിൽ.   അതിൽ പകുതിയിൽ അധികം കച്ചവടക്കാർ ബിസിനസ് നടത്തുന്നത് വീടുകളിൽ നിന്നാണെന്നത് പേടിപ്പെടുത്തുന്ന യാഥാർഥ്യമാണ്.  ഓരോ സംസ്ഥാനത്തെയും തോക്കു നിയമങ്ങൾ അതാത് സംസ്ഥാനങ്ങൾ നിർമ്മിക്കുന്നതുകൊണ്ട് തോക്കു നിയമപരമായും നിയമവിരുദ്ധമായും വാങ്ങാൻ നടക്കുന്നവർക്ക് എവിടെ നിന്ന് എളുപ്പത്തിൽ വാങ്ങാമോ അവിടെ പോയി വാങ്ങാൻ സാധിക്കും.  കർശന നിയമമുള്ള സംസ്ഥാനങ്ങളിലുള്ളവർക്കും കുറ്റവാളികൾക്കും മിസിസിപ്പി പോലുള്ള സ്ഥലങ്ങളും 'സ്ട്രാ പർച്ചേസർ' എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ഏജന്റുമാരും തോക്കു സ്വന്തമാക്കാൻ അവസരമൊരുക്കുന്നു.  

ലോകത്ത് നൂറ്റിയെഴുപത്തിയഞ്ചു രാജ്യങ്ങൾ അവിടത്തെ പൗരന്മാർക്ക് തോക്ക് ഉടമസ്ഥതയ്ക്കുള്ള അനുമതി നൽകുന്നുണ്ടെങ്കിലും വളരെയധികം നിയന്ത്രണനിയമങ്ങൾക്കു വിധേയമാണ് തോക്കുകളുടെ ഉടമസ്ഥാവകാശവും അവയെ കൊണ്ടുനടക്കുന്നതിനുമുള്ള അനുമതിയും.  മറ്റു ലോകരാജ്യങ്ങളിൽ താരതമ്യേന ഏറ്റവും കുറവ് വെടിവയ്പ്പും അത് വഴിയുള്ള മരണവും നടക്കുന്ന രാജ്യമാണ് ജപ്പാൻ.  2019-ൽ ആകെ ഒൻപതു മരണങ്ങളാണ് വെടിവയ്പ്പു വഴി ഏകദേശം നൂറ്റിയിരുപത്തിയാറ്‌ ദശലക്ഷം ജനങ്ങളുള്ള  ജപ്പാനിൽ ഉണ്ടായിട്ടുള്ളത്.  തോക്ക് വേണമെങ്കിൽ നിര്ബന്ധമായ പരിശീലനം, പരീക്ഷ, ശാരീരികവും മാനസികവുമായ ആരോഗ്യനിർണ്ണയം കുടുംബവും സുഹൃത്തുക്കളുമായുള്ള പോലീസ് ഇന്റർവ്യൂ എന്നീ കടമ്പകൾ കടക്കണം.  പരീക്ഷ എല്ലാ വർഷവും എടുത്തു പാസ്സാകണം. നിബന്ധനകളുടെ നിര നീണ്ടുപോകുന്നു.    വെടിയുണ്ട വാങ്ങുന്നതിനും വളരെ കര്ശനമായ നിബന്ധനകൾ നിലവിൽ നിൽക്കുന്നു.  കൈത്തോക്ക്  കൊണ്ടു നടക്കുന്നതിനുള്ള അനുമതി പോലീസിനു മാത്രമേയുള്ളു.  തോക്ക് അക്രമങ്ങളും മറ്റു തരത്തിലുള്ള കുറ്റകൃത്യങ്ങളും ജപ്പാനിൽ നിസ്സാരമായതിനു പിന്നിൽ അതും ഒരു കാരണമാണ്.
 
തോക്ക് കൈവശം വയ്ക്കുന്നതിന് യൂറോപ്പിൽ ഏറ്റവും നിയമപരമായി എളുപ്പമുള്ള രാജ്യമായ നോർവേയിൽ നൂറിൽ ഇരുപത്തിയെട്ടുപേർക്ക് തോക്കുണ്ടെന്നാണ് കണക്ക്. അമേരിക്കയുമായി താരതമ്യപ്പെടുത്താനാ കില്ലെങ്കിലും ലോകത്തെ മറ്റു വികസിത രാജ്യങ്ങളിൽ വളരെ ഉയരത്തിലാണ് നോർവേയിൽ തോക്കുടമസ്ഥതയുടെ നിരക്ക്.  പക്ഷെ,  2022-ൽ വെടിയേറ്റു മരിച്ചത് വെറും മൂന്നു പേര് മാത്രമായിരുന്നു. ഏഴും രണ്ടുമായിരുന്നു മുൻ രണ്ടു വർഷങ്ങളിൽ.  അപ്പോൾ അവിടത്തെ ജനങ്ങളിലെ നാലിലൊരുഭാഗം ആളുകൾക്കു തോക്കുണ്ടെങ്കിലും എന്തുകൊണ്ട് അവിടെ അക്രമങ്ങളും തോക്കുകൊണ്ടുള്ള മരണവും ഇത്രയ്ക്കു കുറയുന്നു?    ജനങ്ങളിൽ രമ്യതയും സാമൂഹികമായ ഐക്യവും സമാധാനവും  നിലനിൽക്കുന്ന ചെറിയ സ്കാന്ഡിനേവിയൻ രാജ്യമായ നോർവേ.   സർക്കാരിലും അവിടത്തെ പൊതുസ്ഥാപനങ്ങളിലും ജനങ്ങൾക്ക് വിശ്വാസവും സുസ്ഥിരമായ മതിപ്പുമുണ്ട്.  പോലീസും ജനങ്ങളുമായി നല്ല ബന്ധവും അവിടെ നിലനിൽക്കുന്നു.  പോലീസുകാർ അവരുടെ മെഷീൻ ഗണ്ണുകളും കൈത്തോക്കുകളും അവർ പട്രോളിങ് നടത്തുന്ന വണ്ടിയിൽ സുരക്ഷിതമായി സൂക്ഷിക്കുകയാണ് പതിവ്.   വേട്ടയ്ക്കുള്ള ഉപകരണമായി തോക്കിനെ കാണുന്ന തോക്കുടമകൾ വേട്ടക്കാലത്ത് അത് പുറത്തെടുക്കുകയും വേട്ട കഴിയുമ്പോൾ സുരക്ഷിതമായി  സൂക്ഷിക്കുകയും ചെയ്യും.   ഇക്കാരണങ്ങൾ കൊണ്ടുതന്നെ കുറ്റകൃത്യങ്ങളും കൊലകളും ആ സമൂഹത്തിന് ഏതാണ്ട് അന്യമാണ്. 
 
നേരത്തെ പറഞ്ഞ പോലെ നൂറ്റിയെഴുപത്തിയഞ്ചു രാജ്യങ്ങൾ തോക്കുടമസ്ഥതയ്ക്കു അനുമതി കൊടുക്കുന്നെണ്ടെങ്കിലും മൂന്നു രാജ്യങ്ങൾ ഇത് അവകാശമായി അവരുടെ ഭരണഘടനയിൽ എഴുതിവച്ചിരിക്കുകയാണ് - അമേരിക്കയും മെക്സിക്കോയും ഗ്വാട്ടെമാലയും.  അമേരിക്കയുടെ ഭീമമായ ആയുധവിൽപ്പനയ്ക്കുള്ള  മാർക്കറ്റ് കൂടിയാണ് മെക്സിക്കോയും ഗ്വാട്ടെമാലയും. 2020-നു ശേഷം അമേരിക്കയിൽ നിന്ന് തെക്കോട്ടുള്ള തോക്കുകളുടെ ഷിപ്മെന്റ് ഇരട്ടിയാകുകയാണ് ചെയ്തത്.   തോക്കുകൾ പോകുന്നതോ സംഘടിത കുറ്റവാളികളിലും മയക്കുമരുന്ന് കാർട്ടെലുകളിലും. തുടർന്ന് ഈ രാജ്യങ്ങളെല്ലാം വർധിച്ച കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളുമാണ് അനുഭവിക്കുന്നത്.  സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങളിൽ പിടിച്ച തോക്കുകളിൽ നാൽപ്പതു ശതമാനം അമേരിക്കൻ ഐക്യനാടുകളിൽ നിന്നാണെന്നും അതിൽ പകുതി നിയമപരമായി ഇറക്കുമതി ചെയ്തതും മറ്റേ പകുതി കള്ളക്കടത്തിൽ അവിടെ എത്തിയതുമാണെന്നത് അമേരിക്കയുടെ തോക്കിനോടുള്ള മമതയെയും അതിന്റെ നെഗറ്റീവ് സ്വാധീനത്തെയും കാണിക്കുന്നു.  അമേരിക്കയുടെ തോക്കു വ്യവസായം ഗ്വാട്ടെമാലയിലെയും മെക്സിക്കോയിലെയും കുറ്റകൃത്യങ്ങൾക്ക് ഇന്ധനമാകുകയും അവിടത്തെ സാമൂഹ്യ സുരക്ഷിതത്വത്തിനു നാശം വരുത്തുകയും നിയമരാഹിത്യത്തെ കൂടുതൽ മോശമാക്കുകയും ചെയ്യുകയാണ്.  ആ രാജ്യങ്ങളിൽ നിന്ന് അമേരിക്കയുടെ തെക്കൻ അതിർത്തിയിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിനു പിന്നിൽ അതും ഒരു കാരണമാണെന്നതിൽ സംശയമില്ല.   
  
ജീവനഷ്ടം തടയുന്നതിന് കര്ശനമായ തോക്കുനിയന്ത്രണ നടപടികൾ എടുക്കാൻ എല്ലാ വികസിത രാജ്യങ്ങൾക്കും കഴിഞ്ഞപ്പോൾ ആഗോള വൻശക്തിയായ ജനാധിപത്യത്തിന്റെ കാവൽക്കാരെന്നവകാശപ്പെടുന്ന  അമേരിക്കയ്ക്ക് എന്തുകൊണ്ട് തോക്കു നിയന്ത്രണം ഫലപ്രദമാക്കാൻ കഴുയുന്നില്ല?
 

 

Join WhatsApp News
Chacko Kurian 2024-04-13 16:08:11
This article brings so much of information about the firearms in America. People don’t talk much about this topic. Malayalees never bring up this matter in politics. Moving around this much of guns around is scary. It is amazing how other countries like UK, Japan and our neighbor Canada keep their gun deaths lower by strict gun laws. America’s suicide is very high because they can grab guns immediately. Lot of information. Congratulations to Paul D. Panakkal for presenting so much in the article.
Jacob 2024-04-13 18:21:49
Mandatory minimum sentences of 10 years in prison for any crime committed with a gun. How man Americans will support such a law? If that is not possible, people just want to talk, no action!!!
J. Joseph 2024-04-13 19:42:15
A very good article with full of knowledge. A rarity.
josecheripuram 2024-04-15 00:39:06
The only purpose of a Gun is to kill, Why then America don't ban Guns? The entire judicial system is going to collapse. There will be unemployment in the criminal justice system, If few thousands loose life, many thousands flourish.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക