Image

തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു; കെ ബാബുവിന് എംഎല്‍എയായി തുടരാം

Published on 11 April, 2024
തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു; കെ ബാബുവിന് എംഎല്‍എയായി തുടരാം

കെ ബാബു എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സ്വരാജ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

വോട്ട് തേടുന്നതിന് മത ചിഹ്നം ഉപയോഗിച്ചു എന്നാണ് കെ ബാബു എംഎല്‍എക്ക് എതിരെ എം സ്വരാജ് സമർപ്പിച്ച ഹർജിയിലെ ആരോപണം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സ്വരാജിന്റെ ഹർജി ജസ്റ്റിസ് പിജി അജിത് കുമാർ ഉള്‍പ്പെട്ട ബെഞ്ചാണ് തള്ളിയത്.

സ്ഥാനാർത്ഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രവും വോട്ടർമാർക്ക് നല്‍കിയ സ്ലിപ്പില്‍ കെ ബാബു ഉപയോഗിച്ചു എന്നതടക്കമുള്ള വിഷയങ്ങളാണ് എം സ്വരാജ് നല്‍കിയ പരാതിക്ക് ആധാരമായത്. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച ബാബുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജ് ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

കെ ബാബു എംഎല്‍എ മണ്ഡലത്തില്‍ പ്രചാരണം നടത്തിയത് താൻ തോറ്റാല്‍ അയ്യപ്പൻ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ചാണെന്നും പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ സ്വരാജ് സമർപ്പിച്ച ഹർജിയിലെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്ന ബാബുവിന്റെ തടസവാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയിലും ഈ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ തിരിച്ചടിയായിരുന്നു കെ ബാബുവിന് ലഭിച്ചത്.

992 വോട്ടുകള്‍ക്കാണ് 2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ എം സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക