Image

ആന്റണിയുടെ ഹൃദയം മുറിപ്പെടുത്തുന്ന ഒന്നും ഒരു കോൺഗ്രസുകാരനും പറയില്ല: എങ്ങനെ സര്‍ക്കാരിന് അത്തരത്തില്‍ ഒരു സത്യവാങ്മൂലം കൊടുക്കാന്‍ പറ്റി? വി ഡി സതീശൻ

Published on 10 April, 2024
ആന്റണിയുടെ ഹൃദയം മുറിപ്പെടുത്തുന്ന ഒന്നും ഒരു കോൺഗ്രസുകാരനും പറയില്ല: എങ്ങനെ സര്‍ക്കാരിന് അത്തരത്തില്‍ ഒരു സത്യവാങ്മൂലം കൊടുക്കാന്‍ പറ്റി?  വി ഡി സതീശൻ

കോട്ടയം: എ കെ ആന്റണിയുടെ ഹൃദയം മുറിപ്പെടുത്തുന്ന ഒരു വാചകവും ഒരു കോണ്‍ഗ്രസുകാരനും പറയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എ കെ ആന്റണിയുടെ മകനും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പണമിടപാട് ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മറുപടി കൊടുക്കാന്‍ അനില്‍ ആന്റണി ആരാണെന്നും വി ഡി സതീശന്‍ ചോദിച്ചു. പത്മജ ചെയ്തത് കെ കരുണാകരന്റെ സ്മൃതി മന്ദിരത്തിന്റെ പവിത്രത കളയുകയാണ്. കരുവന്നൂര്‍ ബാങ്കില്‍ നടന്ന കൊള്ളയും കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചതും തമ്മില്‍ എന്ത് ബന്ധമാണുളളത്. സിപിഐഎം നടത്തിയ കൊള്ളയാണ് കരുവന്നൂരില്‍ നടന്നതെന്നും സതീശന്‍ ആരോപിച്ചു.

കേരളത്തിലെ മുഖ്യമന്ത്രി കേരളത്തെക്കുറിച്ച് മാത്രം ഒന്നും പറയുന്നില്ല. ഭരണ നേട്ടം പറയാനുള്ള അവസരത്തില്‍ പോലും ഒരക്ഷരം മിണ്ടുന്നില്ല. അത്രയും ദയനീയമായ അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തി. സര്‍ക്കാരിന്റെ ഔദാര്യമാണോ ക്ഷേമപെന്‍ഷന്‍? എങ്ങനെയാണ് സര്‍ക്കാരിന് കോടതിയില്‍ അത്തരത്തില്‍ ഒരു സത്യവാങ്മൂലം കൊടുക്കാന്‍ പറ്റിയത്? ക്ഷേമപെന്‍ഷന്‍ സംസ്ഥാനത്തിന്റെ കടമയാണെന്നത് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കേണ്ടിവന്നതില്‍ സങ്കടമുണ്ട്.

കേരള സ്റ്റോറി സംഘപരിവാര്‍ അജണ്ടയാണെന്നും ഇക്കാര്യത്തില്‍ സഭകള്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേ സമയം ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്നും  സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണന്നും   സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചതിനെതിരെ വൻ വിമര്ശനമാണുയരുന്നത് .

ക്ഷേമ പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെന്‍ഷന്‍. നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക