Image

കേരളത്തിൽ താരമായി ഡി.കെ.ശിവകുമാർ (സനിൽ പി.തോമസ്)

Published on 10 April, 2024
കേരളത്തിൽ താരമായി ഡി.കെ.ശിവകുമാർ (സനിൽ പി.തോമസ്)

അനാരോഗ്യം മറന്ന് സോണിയാ ഗാന്ധി ചിലയിടങ്ങളിലെങ്കിലും പ്രചാരണത്തിന് ഇറങ്ങുമെന്നു സൂചനയുണ്ട്. കോൺഗ്രസിൻ്റ ബാങ്ക് അക്കൗണ്ടുകൾ ഇൻകം ടാക്സ് വകുപ്പ് മരവിപ്പിച്ചപ്പോൾ പ്രതിഷേധിക്കാൻ സോണിയ മൈക്ക് കൈയ്യിലെടുക്കുകയും ചെയ്തു.  ഡൽഹിയിലും ജയ്പുരിലും നടന്ന റാലികളിൽ സോണിയ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ജയ്പൂരിൽ രൂക്ഷമായ ഭാഷയിൽ പ്രധാനമന്ത്രിയെ വിമർശിക്കുകയും ചെയ്തു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ എത്താൻ സാധ്യതയുണ്ടെങ്കിലും  കേരളത്തിൽ എന്തായാലും സോണിയ എത്തില്ല. കേരളം പ്രതീക്ഷിക്കുന്നത് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും ഒക്കെയാണ്. പക്ഷേ, ഇവരെയെല്ലാം പിൻതള്ളി കേരളത്തിൽ ഡി.കെ.ശിവകുമാർ താരമാകുകയാണ്.
കർണാടക ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ  ഡി.കെ.ശിവകുമാർ ആലപ്പഴയിലും തൃശൂരിലുമൊക്കെ വന്നു കഴിഞ്ഞു.

ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമല്ല, ഘടക കക്ഷികളും ശിവകുമാറിനെ പ്രചാരണത്തിന് ഇറക്കാൻ ശ്രമിക്കുന്നു. മുസ്ലിം ലീഗിന് ഏറെ പ്രിയപ്പെട്ട നേതാവാണ് ശിവകുമാർ.ബി.ജെ.പിയെ വെല്ലുവിളിക്കാൻ കരുത്തുള്ള നേതാവായിട്ടാണ് ഡി.കെ.യെ എല്ലാവരും കാണുന്നത്. ബി.ജെ.പി. നോട്ടപ്പുള്ളിയാക്കിയിട്ടും  ഇ.ഡിയും മറ്റും നിരന്തരം വേട്ടയാടിയിട്ടും നെഞ്ചുവിരിച്ച് നിൽക്കുന്ന നേതാവെന്ന പ്രതിഛായ അദ്ദേഹത്തിനുണ്ട്.
കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് സി.പി.എം. പ്രചരിപ്പിക്കുമ്പോൾ കവചം തീർക്കാൻ മാത്രമല്ല തിരിച്ച് കടന്നാക്രമിക്കാനും ഡി.കെ.യ്ക്കു കഴിയും.ഇ.ഡി.കേരളത്തിൽ മാത്രം എന്താണ് അമാന്തിച്ചു നിൽക്കുന്നതെന്ന് അദ്ദേഹം ചേദിച്ചു കഴിഞ്ഞു. സി.പി.എം- ബി.ജെ.പി. ഒത്തുതീർപ്പെന്ന് ഇ.ഡിയെക്കുറിച്ച് ഏറ്റവും ശക്തമായി പറയാൻ കഴിയുന്ന നേതാവാണു ശിവകുമാർ. ന്യൂനപക്ഷങ്ങൾക്കിടയിൽ ബി.ജെ.പി വിരുദ്ധനായി ഇറക്കാൻ കഴിയുന്ന കരുത്തനായ കോൺഗ്രസ് നേതാവാണ് അദ്ദേഹം. വിഷുവിനു ശേഷം ഡി.കെ. മലബാർ മേഖലയിലും പ്രചാരണത്തിന്  ഇറങ്ങും.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയായിരിക്കും മറ്റൊരു താര പ്രചാരകൻ.യു.ഡി.എഫിൻ്റെ തിരഞ്ഞെടുപ്പ്  പ്രചാരണ ജാഥയുടെ സമാപനത്തിൽ രേവന്ത തിരുവനന്തപുരത്ത് എത്തിയിരുന്നു.
ജയിലിൽ നിന്ന് പൊരുതിക്കയറി തെലങ്കാനയിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച നേതാവാണു രേവന്ത.
ബി.ജെപിക്കായി പ്രധാനമന്ത്രി ഉൾപ്പെടെ ദേശീയ നേതാക്കൾ ഇറങ്ങുന്നുണ്ട്. പക്ഷേ, സി.പി.എം. നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിനാണ് താരപ്രചാരകർ ഇല്ലാത്തത്. ഇതര ദേശീയ നേതാക്കൾ എല്ലാം ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാൽ ,കേരളത്തിൽ വന്ന് കോൺഗ്രസിനെതിരെ സംസാരിക്കാൻ കേരളം കണ്ടുമടുത്ത പാർട്ടി നേതാക്കൾ മാത്രം.അവരാകട്ടെ, തമിഴ്നാട്ടിലും ബംഗാളിലും ബിഹാറിലും രാജസ്ഥാനിലും കോൺഗ്രസ് - സി.പി.എം. കൂട്ടുകെട്ടിനായി സംസാരിക്കുകയും വേണം. അറിയാതെ പ്രസംഗം മാറിയാൽ പ്രശ്നമാകും.

എന്നും ഇടതിനു വേണ്ടി വന്നിരുന്ന ദേവെ ഗൗഡയാകട്ടെ ഇപ്പോൾ ബി.ജെ.പി. ചേരിയിലാണുതാനും.
ചന്ദ്രശേഖര റാവുവിനെയും അരവിന്ദ് കേജ്റിവാളിനെയും കൂട്ടി മൂന്നാം മുന്നണിക്കു ശ്രമിച്ച സി.പി.എമ്മിന് ദേശീയ പാർട്ടി പദവി പോകാതിരിക്കാൻ കോൺഗ്രസ് സഹായം വേണം. കേജ്റിവാൾ ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്.ചന്ദ്രശേഖരറാവുവിന് കോൺഗ്രസിനെ നേരിട്ട് എതിർക്കാൻ പറ്റാത്ത അവസ്ഥയാണ്.
കോൺഗ്രസിനെ കടന്നാക്രമിക്കുന്ന കേരളത്തിലെ സി.പി.എം. നേതാക്കൾ ഒപ്പമിറക്കാൻ താരങ്ങൾ ഇല്ലാത്ത ദയനീയ സ്ഥിതിയിലാണ്. അതിനിടയിൽ ആണ് ബി.ജെ.പിയുടെ പ്രഖ്യാപിത എതിരാളി ഡി.കെ.ശിവകുമാറിനെ രംഗത്ത് ഇറക്കി കോൺഗ്രസിൻ്റെ പ്രചാരണം കൊഴുക്കുന്നത്. എന്തായാലും കേരളത്തിൽ ഇപ്പോൾ താരം ഡി.കെ.തന്നെ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക