Image

നിയമനത്തിന് കാശു മേടിച്ചോ എന്നൊന്നും അറിയില്ല, പണം കിട്ടാന്‍ നന്ദകുമാര്‍ സമീപിച്ചിരുന്നു; പി ജെ കുര്യന്‍: കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് അനിൽ ആന്റണി

Published on 10 April, 2024
 നിയമനത്തിന് കാശു മേടിച്ചോ എന്നൊന്നും അറിയില്ല, പണം കിട്ടാന്‍ നന്ദകുമാര്‍ സമീപിച്ചിരുന്നു; പി ജെ കുര്യന്‍: കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് അനിൽ ആന്റണി

ത്തനംതിട്ട: ബിജെപി നേതാവും പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അനില്‍ ആന്റണിക്കെതിരെ വിവാദ ദല്ലാള്‍ ടി ജെ നന്ദകുമാര്‍ നടത്തിയ ആരോപണത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ.

പി ജെ കുര്യന്‍. ടി ജെ നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നു. അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് നന്ദകുമാര്‍ തന്നെ സമീപിച്ചത്. എന്നാല്‍ എത്ര രൂപയാണ് കിട്ടിനുള്ളതെന്നോ, എന്തിനാണ് പണം നല്‍കിയതെന്നോ തനിക്ക് അറിയില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു.

'സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിന് കാശു മേടിച്ചോ എന്നൊന്നും എനിക്ക് അറിഞ്ഞുകൂടാ. അങ്ങനെയൊന്നും ആരും എന്നോട് പറഞ്ഞിട്ടില്ല. നന്ദകുമാര്‍ ഒരിക്കല്‍ എന്നെ സമീപിച്ച്‌ അനില്‍ ആന്റണി കുറച്ച്‌ പൈസ കൊടുക്കാനുണ്ട്. അത് കിട്ടിയില്ല, ചോദിച്ചിട്ട് തന്നില്ല എന്നു പറഞ്ഞു. അതിനാല്‍ പൈസ തരാന്‍ ഞാന്‍ പറയണമെന്നും നന്ദകുമാര്‍ ആവശ്യപ്പെട്ടു'.

'ഈ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, ഇങ്ങനെ പൈസ കൊടുക്കാനുണ്ടെങ്കില്‍ അതു തിരികെ കൊടുക്കണമെന്ന് താന്‍ പറഞ്ഞു. അനില്‍ ആന്റണിയോടാണോ എ കെ ആന്റണിയോടാണോ അതു പറഞ്ഞതെന്ന് ഓര്‍മ്മയില്ല. എന്തായാലും ഈ രണ്ടുപേരില്‍ ഒരാളോടാണ് പറഞ്ഞത്. അത്രയും ഓര്‍മ്മയേ എനിക്കുള്ളൂ. സിബിഐ കോണ്‍സല്‍ നിയമനമോ ഒന്നും അറിഞ്ഞുകൂടാ. എത്രലക്ഷം രൂപയാണ് എന്ന വിവരം എന്നോട് പറഞ്ഞതായി ഓര്‍മ്മയില്ലെന്നും' പിജെ കുര്യന്‍ വ്യക്തമാക്കി.

ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിയമനത്തിനായി അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ നല്‍കിയന്നാണ് ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചത്. സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത്ത് സിന്‍ഹയ്ക്ക് നല്‍കാനാണ് അനിലിന് പണം കൊടുത്തത്. നിയമനം ലഭിച്ചില്ല. പണം തിരികെ നല്‍കാന്‍ അനില്‍ തയ്യാറായില്ല. പി ജെ കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പി ടി തോമസ് ഇടപെട്ടിട്ടാണ് ഗഡുക്കളായി പണം ലഭിച്ചത്. എന്‍ഡിഎ സര്‍ക്കാര്‍ വന്നപ്പോള്‍, പരാതികൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ പി ജെ കുര്യനാണ് പിന്തിരിപ്പിച്ചതെന്നും ടി ജെ നന്ദകുമാര്‍ ആരോപിച്ചിരുന്നു.

ഇതേ സമയം  പരാജയഭീതിയില്‍ കോണ്‍ഗ്രസ് നെറികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപണത്തോട്   ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി പ്രതികരിച്ചു . വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് താന്‍ പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഇല്ലാത്തതിനാല്‍ ഒരു കാരണവശാലും ഈ വിഷയം ചര്‍ച്ചയാക്കരുതെന്നാണ് ആന്റോ ആന്റണിയും കൂട്ടരും വാശിയോടെ നിലപാടെടുക്കുന്നത്. തന്നെ പരാജയപ്പെടുത്താനായി ആദ്യം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ പത്തനംതിട്ടയില്‍ കൊണ്ടു വന്ന് പ്രചാരണം നടത്തിയെന്ന് അനില്‍ ആന്റണി പറഞ്ഞു.

അതിനുശേഷം പിജെ കുര്യന്‍ തമ്പടിച്ച് പ്രചാരണം നടത്തിയെങ്കിലും അതും നനഞ്ഞ പടക്കമായി. അതിനുശേഷമാണ് സജീവരാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച തന്റെ പിതാവ് എകെ ആന്റണിയെക്കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിച്ചത്. എന്നാല്‍ അതും ഏറ്റില്ല. അതിനുശേഷമാണ് കേരള സമൂഹത്തില്‍ തന്നെ അറിയപ്പെടുന്ന ക്രിമിനല്‍ ആയ നന്ദകുമാര്‍ എന്നയാളെക്കൊണ്ട് നിലവാരം കുറഞ്ഞ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നത്. പല കേസുകളിലെ പ്രതിയാണ് അയാള്‍

നന്ദകുമാറിനെ പത്തു പന്ത്രണ്ടു വര്‍ഷം മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്. സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്യുന്ന കാലത്ത് വെക്കേഷന്‍ സമയത്ത് വന്നപ്പോഴാണ് റസ്‌റ്റോറന്റില്‍ വെച്ച് നന്ദകുമാറിനെ പരിചയപ്പെടുന്നത്. നന്ദകുമാറിനെ പരിചയപ്പെടാനുള്ള റഫറന്‍സ് പി ജെ കുര്യനാണ്. ഇല്ലെങ്കില്‍ അദ്ദേഹം പറയട്ടെ. കുര്യന്‍ സാറിന്റെ ആളാണെന്ന് പറഞ്ഞാണ് നന്ദകുമാര്‍ പരിചയപ്പെട്ടത്. അവിടെ വെച്ചു തന്നെ അദ്ദേഹം പിജെ കുര്യനെ ഫോണില്‍ വിളിച്ചു തന്നുവെന്നും അനില്‍ ആന്റണി പറഞ്ഞു.

ഇടയ്ക്കിടെയെല്ലാം നന്ദകുമാര്‍ തന്നെ വന്നു കണ്ടിരുന്നു. പലപ്പോഴും വന്നിരുന്നത് നടക്കാത്ത കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥനെ സ്ഥലം മാറ്റണം, ജഡ്ജിയെ പോസ്റ്റ് ചെയ്യണം എന്നൊക്കെയാണ് ആവശ്യപ്പെട്ടിരുന്നത്. ഇയാളുമായി യാതൊരു ബന്ധവുമില്ല. കുര്യന്‍ സാറിനെതിരെ എല്ലാവര്‍ക്കും അറിയാമായിരുന്ന ഒരു കേസുണ്ടായിരുന്നു. അത് ഒത്തുതീര്‍പ്പാക്കിയത് ഈ നന്ദകുമാര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും അനില്‍ ആന്റണി പറഞ്ഞു.

Join WhatsApp News
അന്തപ്പൻ പാല 2024-04-10 14:34:12
പണം തിരികെ കിട്ടാൻ പി ജെ കുരിയനെ നന്ത്കുമാർ സമീപിച്ചെന്നു പറഞ്ഞാൽ അതിൻ്റെ അർഥം അനിൽ പണം വാങ്ങിയെന്നല്ലേ. അതോ ചെക്കൻ സൂര്യനെല്ലി പീഢനം എല്ലാം വിളിച്ചുപറയും എന്നു പറഞ്ഞപ്പോൾ പി ജെ കുരിയൻ ഇലക്കും മുള്ളിനും നോവാതെ ഉരുണ്ടു കളിക്കയാണോ? എന്തായാലും കേരളത്തിൽ അരിആഹാരം കഴിക്കുന്ന എല്ലാവര്ക്കും രണ്ടു പേരുടേയും പൊട്ടൻകളി മനസ്സിലായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക