Image

അംഗീകരിക്കില്ല : പതഞ്ജലിയുടെ മാപ്പപേക്ഷ നിരസിച്ച്‌ സുപ്രീംകോടതി

Published on 10 April, 2024
 അംഗീകരിക്കില്ല : പതഞ്ജലിയുടെ മാപ്പപേക്ഷ നിരസിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: യോഗ ഗുരു ബാബ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണന്റെയും മാപ്പപേക്ഷ നിരസിച്ച്‌ സുപ്രീംകോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചരിപ്പിച്ചുവെന്ന കേസിലാണ് ഇരുവരും കോടതി മുമ്ബാകെ നിരുപാധികം മാപ്പ് പറഞ്ഞത്.

ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, അഹ്സുദ്ധീൻ അമാനുള്ള എന്നിവർ ഉള്‍പ്പെട്ട ബെഞ്ച് രൂക്ഷമായ വിമർശനമാണ് പതഞ്ജലിക്കെതിരെ നടത്തിയത്. പതഞ്ജലി ഗ്രൂപ്പ് മനപ്പൂർവം തുടർച്ചയായി നിയമലംഘനം നടത്തുകയാണെന്ന് കോടതി വിമർശിച്ചു.

മാപ്പപേക്ഷിച്ച്‌ കൊണ്ടുള്ള സത്യവാങ്മൂലത്തില്‍ മനപ്പൂർവം നിയമലംഘനം നടത്തുകയാണ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. പതഞ്ജലി ഗ്രൂപ്പും അതിന്റെ എം.ഡിയായ ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ബാബരാംദേവും മാപ്പപേക്ഷിച്ച്‌ കൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇന്ന് കോടതി കേസ് പരിഗണിക്കുന്നതിനിടെ പതഞ്ജലി ഗ്രൂപ്പിനും അതിന്റെ സ്ഥാപകർക്കും വേണ്ട ഹാജരായ മുതിർന്ന അഭിഭാഷകനായ മുകുള്‍ റോത്ത്ഗി ഇരുവരുടേയും സത്യവാങ്മൂലം വായിച്ചു.

എന്നാല്‍, അവരുടെ മാപ്പപേക്ഷ പേപ്പറില്‍ മാത്രമാണെന്നും യഥാർഥത്തില്‍ അവർ നിയമസംവിധാനത്തോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്നും വ്യക്തമാക്കിയ സുപ്രീംകോടതി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് അറിയിച്ചു.

ബാബ രാംദേവ് സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വിദേശത്ത് പോകേണ്ടതുണ്ടെന്നും അതിനാല്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും കോടതിയോട് അഭ്യർഥിച്ചിരുന്നു. സത്യവാങ്മൂലത്തോടൊപ്പം വിമാനടിക്കറ്റും രാംദേവ് സമർപ്പിച്ചിരുന്നു. സത്യവാങ്മൂലത്തോടൊപ്പം പഴയ തീയതിയിലുള്ള വിമാനടിക്കറ്റാണ് രാംദേവ് സമർപ്പിച്ചത്. ഇത് സുപ്രീംകോടതിയുടെ വിമർശനത്തിന് ഇടയാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക