Image

അരിസോണയില്‍ സമ്പൂര്‍ണ ഗര്‍ഭച്ഛിദ്ര നിരോധനം നടപ്പാക്കാമെന്ന്  സുപ്രീം കോടതി, 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം  

Published on 10 April, 2024
അരിസോണയില്‍ സമ്പൂര്‍ണ ഗര്‍ഭച്ഛിദ്ര നിരോധനം നടപ്പാക്കാമെന്ന്  സുപ്രീം കോടതി, 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം  

അരിസോണ:  സംസ്ഥാനത്ത് സമ്പൂര്‍ണ ഗര്‍ഭച്ഛിദ്ര നിരോധന നിയമം  നടപ്പാക്കാമെന്ന് അരിസോണ സുപ്രീം കോടതി വിധിച്ചു. അരിസോണ ഒരു സംസ്ഥാനമായി മാറുന്നതിന് മുമ്പുള്ള 1864-ലെ നിയമമാണ് നടപ്പാക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. 160 വര്‍ഷം പഴക്കമുള്ള  നിയമമാണ് മാറ്റിയെഴുതപ്പെടുന്നത്. 

ഇതനുസരിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാകുന്ന സ്ത്രീക്ക് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. അമ്മയുടെ ജീവന്‍ അപകടത്തിലായിരുന്നു എന്ന് തെളിയച്ചാല്‍ മാത്രമേ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കൂ. 

എന്നാല്‍ നവംബറില്‍ നടക്കുന്ന ഹിതപരിശോധനയില്‍ അരിസോണയിലെ വോട്ടര്‍മാര്‍ക്ക് ഈ വിധി മറികടക്കാനാകുമെന്നാണ് വിശ്വാസം. 15 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദിക്കുന്ന 2022 ലെ നിയമം ഉള്‍പ്പെടെ ഇതോടെ അസാധുവായി.

എന്നാല്‍ നിയമം എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡെമോക്രാറ്റായ അരിസോണ ഗവര്‍ണര്‍ കാറ്റി ഹോബ്സും ഡെമോക്രാറ്റായ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ക്രിസ് മെയ്‌സിനും ഈ നിയമത്തെ നഖശിഖാന്തരം എതിര്‍ക്കുന്നവരാണ്. ഇതൊരു കരിനിയമമാണ് എന്നാണ് അറ്റോര്‍ണി ജനറല്‍ ക്രിസ് മെയ്‌സിന്‍ വിശേഷിപ്പിച്ചത്.

''അരിസോണ ഒരു സംസ്ഥാനമാകുന്നതിനും മുമ്പ്, ,സ്ത്രീകള്‍ക്ക് വോട്ടുചെയ്യാന്‍ പോലും കഴിയാതിരുന്ന ഒരു കാലത്തെ ഒരു നിയമം ഇപ്പോള്‍ പുനഃസ്ഥാപിക്കാനുള്ള ഇന്നത്തെ തീരുമാനം നമ്മുടെ സംസ്ഥാനത്തിന് ഒരു കളങ്കമായി ചരിത്രത്തില്‍ ഇടംപിടിക്കും,'' അവര്‍ പറഞ്ഞു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക