Image

തകഴി ശിവശങ്കരപ്പിള്ളയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികം: ജോയ്ഷ് ജോസ്

Published on 10 April, 2024
 തകഴി ശിവശങ്കരപ്പിള്ളയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷികം: ജോയ്ഷ് ജോസ്

ഞാനൊരു ഭാഷാ പണ്ഡിതനല്ല, ഒരു വിഷയത്തിലും ജ്ഞാനിയുമല്ല, വെറുമൊരു സാധാരണ കര്‍ഷകന്‍ – എന്റെ കാലിലെ കഴുകിയാലും മായാത്ത ചെളിപ്പാടുകള്‍ തന്നെ അതു വിളിച്ചു പറയും’.
                 (തകഴി..)

മലയാളത്തിലെ തലമുറകളുടെ കഥപറഞ്ഞ് -അടിയാളരുടെ ജീവിത കഥ മെനഞ്ഞ കേരള മോപ്പസാങ്ങ് തകഴി ശിവശങ്കരപ്പിള്ളയുടെ ഇരുപത്തിയഞ്ചാം ചരമവാര്‍ഷിക ദിനമാണിന്ന്.1912 ഏപ്രിൽ 17-ന് പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായാണ് ജനനം. 13-ാം വയസ്സിൽ ആദ്യകഥ എഴുതിയ തകഴി പിന്നീട് നൂറുകണക്കിന് കഥകൾ രചിച്ച് കുട്ടനാടിന്‍റെ ഇതിഹാസകാരൻ എന്ന് വിശേഷിക്കപ്പെട്ടു.

തിരുവനന്തപുരം ലോ കോളജിലെ പഠനത്തിനു ശേഷം കേരള കേസരി പത്രത്തിൽ ജോലിക്കു ചേർന്നതോടെയാണ്‌ തകഴിയുടെ സാഹിത്യ ജീവിതം തഴച്ചു വളരുന്നത്‌. കേസരി ബാലകൃഷ്ണ പിള്ളയുമായുള്ള സമ്പർക്കം അദ്ദേഹത്തിന്‍റെ ജീവിതത്തിൽ വഴിത്തിരിവായി‌. ഈ കാലയളവിൽ ചെറുകഥാരംഗത്ത്‌ സജീവമായി. പിന്നീട് നോവലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 1934ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു. അതേ വർഷം ‘ത്യാഗത്തിനു പ്രതിഫലം’ എന്ന നോവൽ പ്രസിദ്ധീകരിച്ചു.

മസ്തിഷ്കത്തെ ഹൃദയവുമായി ചേർത്തുവെച്ചാണ് തകഴി രചനകൾ നടത്തിയത്. ലാളിത്യമായിരുന്നു തകഴി കഥകളുടെ മുഖമുദ്ര. വളച്ചുകെട്ടില്ലാത്ത അദ്ദേഹത്തിെൻറ ഭാഷ ശാന്തമായി ഒഴുകുന്ന പുഴ പോലെ അനുവാചക മനസ്സിൽ കുടിയേറി. ഒരായുസ്സു മുഴുവൻ തകഴി പറഞ്ഞ കഥകൾ കുട്ടനാട്ടിലെ എക്കൽമണ്ണിെൻറ ചൂടും ചൂരും നിറഞ്ഞവയായിരുന്നു.അതേ സമയം ചെക്കോവിന്‍റെയും ഗോർക്കിയുടെയും മോപ്പസാങ്ങിന്‍റെയുമൊക്കെ സ്വാധീനമുണ്ടായിരുന്നു അദേഹത്തിന്‍റെ കഥകളില്‍.

ചെമ്മീൻ എന്ന നോവലിലൂടെ തകഴിയുടെ പേര് ലോകസാഹിത്യത്തിൽ തന്നെ ഇടംനേടി. കോട്ടയത്തെ ബോട്ട്ഹൗസ് ലോഡ്ജിൽ ഇരുന്ന് എട്ടു ദിവസം കൊണ്ടാണ് തകഴി ‘ചെമ്മീൻ’ എഴുതിയത്. തനിക്ക് സ്വന്തമായുണ്ടായിരുന്ന ഭാഷയിലൂടെ മിത്തിനെ ചരിത്രമാക്കി മാറ്റുകയായിരുന്നു ‘ചെമ്മീനി’ൽ അദ്ദേഹം ചെയ്തത്. എന്നാലിത് അടിത്തട്ടിലെ ജനതയുടെ ജീവിതാവസ്ഥകളെ സാമ്പ്രദായികമായി പുനര്‍നിര്‍മിച്ചതായും നോവലിലെ പ്രധാന കഥാപാത്രങ്ങളായ അരയസമുദായത്തിലുള്ളവരെ സ്വത്വബോധമില്ലാത്തവരായി ചിത്രീകരിച്ചതായും ആക്ഷേപമുയർന്നിരുന്നു. ഈ നോവൽ 1965-ൽ സംവിധായകൻ രാമു കാര്യാട്ട്  ചലച്ചിത്രമാക്കുകയും ചെയ്തു.

‘ചെമ്മീനി’നെക്കാൾ രചനാപരമായി ഉയർന്നു നിൽക്കുന്ന കഥയാണ് ‘വെള്ളപ്പൊക്കത്തിൽ’. ഈ കഥ മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ട്. ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിലൂടെ തകഴിക്ക് പ്രായപൂര്‍ത്തിയായതെന്ന് ഡോ. കെ.അയ്യപ്പപ്പണിക്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് തകഴിയുടെ ദളിത് വീക്ഷണവും പ്രകടമാകുന്ന കഥയാണ് ‘വെള്ളപ്പൊക്കത്തിൽ’.സ്വന്തം കാലത്തിന്‍റെ പ്രതിഫലനമായിരുന്നു തകഴി രചനകളിൽ നാം കണ്ടത്. ഏഴര വർഷം കൊണ്ടാണ് ഇരുനൂറു വർഷത്തിന്‍റെ വിസ്തൃതമായ കാലദൈർഘ്യത്തിൽ വിരിച്ചിട്ട ‘കയർ’ എന്ന വൻ നോവൽ അദ്ദേഹം നെയ്തു തീർത്തത്. കയർ സുദീർഘമായ ഒരു കാലഘട്ടത്തിെൻറ, കുട്ടനാട് എന്ന ഗ്രാമത്തിൽ തലമുറകളിലായി ജീവിച്ച മനുഷ്യരുടെ ചരിത്രമാണ്. ദേശത്തിന്‍റെ ചരിത്രം മനുഷ്യൻ എങ്ങനെ മണ്ണുമായി ബന്ധപ്പെട്ടു ജീവിച്ചു എന്നതിന്‍റെയാണെന്നാണ് തകഴി പറഞ്ഞു.

തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും തകഴിയടേതായിട്ടുണ്ട്. അദ്ദേഹം ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ, ‘എന്‍റെ ഉള്ളിലെ കടൽ’ എന്ന ലേഖനവും എന്നിവയും രചിച്ചു. തകഴിയുടെ കൃതികൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായും കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമായും പ്രവർത്തിച്ച അദ്ദേഹം ജ്ഞാനപീഠം പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾക്കും അർഹനായി. ശിവനെ മുഖ്യകഥാപാത്രമാക്കി എഴുതാൻ കരുതിയിരുന്ന നോവൽ പാതി വഴിയിൽ ഉപേക്ഷിച്ചാണ് 1999 ഏപ്രിൽ 10-ന് കേരളം കണ്ട മഹാനായ സാഹിത്യകാരൻ അന്തരിച്ചത്.ഒര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക