Image

അരിസോണ കൊണ്ടുവന്ന സമ്പൂർണ ഗർഭഛിദ്ര നിരോധനം തിരഞ്ഞെടുപ്പിനു ചൂട് പകരും (പിപിഎം) 

Published on 10 April, 2024
അരിസോണ കൊണ്ടുവന്ന സമ്പൂർണ ഗർഭഛിദ്ര നിരോധനം തിരഞ്ഞെടുപ്പിനു ചൂട് പകരും (പിപിഎം) 

അരിസോണയിൽ ഗർഭഛിദ്രം പൂർണമായി നിരോധിച്ചു കൊണ്ട് 1864ലെ നിയമം പുനഃസ്ഥാപിച്ചു. തിരഞ്ഞെടുപ്പ് വർഷത്തിൽ നിർണായക സംസ്ഥാനത്തു ആളിക്കത്തുന്ന വിഷയമായി അത്. 

റിപ്പബ്ലിക്കൻ ഭരണകൂടങ്ങൾ നിയോഗിച്ച ജഡ്ജുമാർ മാത്രം ഉൾപ്പെട്ട അരിസോണ സുപ്രീം കോടതി 4-2 തീർപ്പിൽ പറഞ്ഞു: "സ്ത്രീയുടെ ജീവൻ രക്ഷിക്കാനുള്ള ഗർഭഛിദ്രം ഒഴികെ എല്ലാം നിയമവിരുദ്ധമാണെന്നും ഡോക്ടർമാർക്ക് ഇതോടെ അറിയിപ്പ് നൽകുന്നു." എന്നാൽ ഉത്തരവിന്റെ ഭരണഘടനാ സാധുത പരിശോധിക്കാൻ വിധിന്യായം കീഴ്കോടതിയിലേക്കു അയക്കുകയും നടപ്പാക്കുന്നത് തത്കാലത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തു. 

ഗർഭഛിദ്രം തത്കാലം നടത്തുമെന്നു അതു ചെയ്യാറുള്ള ക്ലിനിക്കുകൾ പറഞ്ഞു.

അരിസോണയുടെ മുഖത്തു കളങ്കമാവുന്ന ഉത്തരവാണിതെന്നു ഡമോക്രാറ്റുകൾ പറഞ്ഞു. നിരവധി സ്ത്രീകളുടെ ജീവൻ അപകടത്തിലാകും. 

രാഷ്‌ടീയ പ്രത്യാഘാതം കണക്കിലെടുത്തു നിരവധി റിപ്പബ്ലിക്കൻ നേതാക്കളും കോടതി വിധിയെ വിമർശിച്ചു. അതു റദ്ദാക്കാൻ അവർ റിപ്പബ്ലിക്കൻ നിയന്ത്രണമുള്ള സംസ്ഥാന നിയമസഭയോട് ആവശ്യപ്പെട്ടു.  

അരിസോണ സംസ്ഥാന പദവി നേടുന്നതിനു മുൻപ് ഉണ്ടായിരുന്ന നിയമം ഗർഭം തിരിച്ചറിയുന്ന നിമിഷം മുതൽ ഗർഭഛിദ്രം പൂർണമായി നിരോധിക്കുന്നതാണ്. ബലാത്സംഗം, നിഷിദ്ധ സംഗമം തുടങ്ങിയ സാഹചര്യങ്ങളിൽ പോലും അത് അലസിപ്പിക്കാൻ അനുവദിക്കുന്നില്ല. 

നിയമം ലംഘിക്കുന്ന ഡോക്ടർമാർക്ക് രണ്ടു മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 

ക്രൂരമാണ് ഈ കോടതി വിധിയെന്നു പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ഉറച്ച റിപ്പബ്ലിക്കൻ പാർട്ടിയുടെ കടുത്ത നിലപാടുകളുടെ ഫലമാണിത്. 

Arizona ban on abortion could impact elections 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക