Image

"വാരണാസിയിലെ മഴ" വായനക്കാർ ഹൃദയത്തിലേറ്റി; ജൂലി പുരസ്കാര നിറവിൽ

സനിൽ പി.തോമസ് Published on 10 April, 2024
"വാരണാസിയിലെ മഴ" വായനക്കാർ ഹൃദയത്തിലേറ്റി; ജൂലി പുരസ്കാര നിറവിൽ

മറ്റൊരു രാജ്യത്ത് ജീവിക്കുന്ന മലയാളി എഴുത്തുകാരിയുടെ കൃതി ജന്മനാട്ടിൽ ഹൃദയപൂർവം സ്വീകരിക്കപ്പെടുമ്പോൾ അതു സമ്മാനിക്കുന്ന സന്തോഷം വേറെ .ഇരട്ടി മധുരമാകും  ഈ അംഗീകാരം. ലണ്ടനിൽ ഉള്ള ജൂലി ഗണപതി ഇത്തരമൊരു അംഗീകാരത്തിൻ്റെ നിറവിൽ ആണ്.ജൂലി എഴുതിയ "വാരണാസിയിലെ മഴ" എന്ന കവിതാ സമാഹാരം, പോയ വർഷം  കൊല്ലത്ത്  ലൈബ്രറി കൗൺസിൽ ഒരുക്കിയ പുസ്തകോത്സവത്തിൽ, അഞ്ചു നാളുകളിൽ ഏറ്റവും വിറ്റ പുസ്തമായി. അതിൻ്റെ അംഗീകാരമായി ഇപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ബഹു മതി ലഭിച്ചിരിക്കുന്നു.

ജൂലി ഗണപതി

കോവിഡ് മഹാമാരിക്കു ശേഷം പുസ്തക വില്പന വൻ പ്രതിസന്ധി നേരിടുകയാണ്. അതിൽ തന്നെ, കവിതയും കഥയും വില്പനയിൽ പിന്നിലാണെന്ന് പ്രസാധകർ പറയുന്നു .അപ്പോൾ ഒരു കവിതാ സമാഹാരം ബെസ്റ്റ് സെല്ലർ ആയെങ്കിൽ അത് രേഖപ്പെടുത്തപ്പെടണം.
ജൂലിക്കിത് ജന്മ നാടിൻ്റെ അംഗീകാരം കൂടിയാണ്. കൊല്ലം അഞ്ചാലുംമൂട്  വെട്ടു വിള തെക്കേമൂലയിൽ കെ. ചെല്ലപ്പൻ്റെയും എം.കെ.പൊന്നമ്മയുടെയും പുത്രിയാണ് ജൂലി ഗണപതി. ചെറുകഥയിലും സഞ്ചാര സാഹിത്യത്തിലും തിളങ്ങിയ യമുന ദൈവത്താളിൻ്റെ അനുജത്തി. യമുനയ്ക്ക് 2015ൽ ഡോ.ബി.ആർ. അംബേദ്കർ പുരസ്കാരം കിട്ടിയെങ്കിൽ ഈ ബഹുമതി 2023 ൽ ജൂലിയെയും തേടിയെത്തി.


ഇന്ത്യക്കകത്തും പുറത്തും വ്യാപകമായി സഞ്ചരിച്ച് നാടും ചരിത്രവും  സംസ്കാരവും തൊട്ടറിഞ്ഞവരാണ് ഈ സഹോദരിമാർ. യമുനയ്ക്ക് വിക്രം സാരാഭായ് സ്പേസ് സെൻ്റർ അവാർഡും മഹാത്മഗാന്ധി ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. യമുന ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്നു.

കൈതപ്രം ദാമോദരൻ നമ്പൂതിരി  ജൂലി ഗണപതിയുടെ "വാരണാസിയിലെ മഴ" പ്രകാശനം ചെയ്യുന്നു. യമുന ദൈവത്താൾ സമീപം.


ഒരു വ്യാഴവട്ടത്തിലേറെ ദുബായ് യിൽ ബിസിനസ് മാസികയിൽ പ്രവർത്തിച്ച, ചിത്രകല, വയലിൻ അധ്യാപാകയായും ജോലി നോക്കിയ ജൂലി ഒരു വർഷമായി ലണ്ടനിൽ റേഡിയോ ലൈമിൽ ജോക്കിയാണ്. 2020ൽ  രാജീവ് ഗാന്ധി ഫൗണ്ടേഷൻ്റെ ഷാർജ കവിതാ പുരസ്കാരവും 2023 ൽ മുംബൈ ജ്വാല സാഹിത്യ പുരസ്കാരവും ജൂലിക്ക് ലഭിച്ചിട്ടുണ്ട്. ലിവർപൂൾ ആസ്ഥാനമായുള്ള റേഡിയോ ലൈമിൻ്റെ ലണ്ടൻ ഓഫിസിലാണ് ജൂലി.മലയാളത്തിലും തമിഴിലും റേഡിയോ ലൈം പരിപാടി അവതരിപ്പിക്കുന്നു. ശ്രോതാക്കൾ ഏറെയുണ്ടെന്ന് ജൂലി പറഞ്ഞു. ബനാറസ് ചിത്രകലാ അക്കാദമിയിൽ ചിത്രകല പഠിച്ച ജൂലിയുടെ പെൻസിൽ ഡ്രോയിങ്ങുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
" അഷ്ടമുടിക്കായലിൻ്റെ കരയിൽ സാഹിത്യ തപസ് ചെയ്യുന്ന രണ്ടു യുവതികൾ " എന്നാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി യമുനയെയും ജൂലിയെയും വിശേഷിപ്പിച്ചത്. " കാൽതട്ടി ഉടഞ്ഞ സ്വപ്നം പോലെ തെറിച്ചു വീണ വാക്കുകൾ " എന്ന് കൈതപ്രം കവിതാ സമാഹാരത്തിൻ്റെ അവതാരികയിൽ പറയുന്നു.താൻ വരച്ച ചിത്രങ്ങളിലൂടെ പറയാൻ കഴിയാത്തതാണ് കവിതയാകുന്നതെന്നാണ് ജൂലിയുടെ ഭാഷ്യം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് ജൂലി രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡ് സ്വീകരിക്കുന്നു .

അവാർഡുകൾക്ക് ഉപരി പുസ്തകത്തിന് വായനക്കാർ നൽകിയ സ്വീകാര്യത ജുലിക്ക് പുതിയ രചനകൾക്ക് പ്രചോദനം ആകട്ടെ. വിദേശത്തു ജീവിക്കുമ്പോഴും ജന്മനാടിൻ്റെ ഹൃദയത്തുടിപ്പ് മറക്കാത്ത എഴുത്തുകാരിയെന്നു ജൂലിയെ വിശേഷിപ്പിക്കാം. കൂടുതൽ അംഗീകാരങ്ങൾ തേടി വരട്ടെ.

Join WhatsApp News
Premchanth B 2024-04-10 07:06:13
Congrats and proud of U wishing all the best 👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക