Image

ക്ലീവ് ലാന്‍ഡില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 09 April, 2024
ക്ലീവ് ലാന്‍ഡില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂയോര്‍ക്ക്:  ക്ലീവ് ലാന്‍ഡില്‍ കാണാതായ   ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് അബ്ദുല്‍ അര്‍ഫാത്ത് (25) ആണ് മരിച്ചതെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് യുവാവിനെ കാണാതായിരുന്നത്.

ക്ലീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനായി കഴിഞ്ഞ വര്‍ഷമാണ് അര്‍ഫാത്ത് അമേരിക്കയിലെത്തിയിരുന്നത്. മാര്‍ച്ച് ഏഴിനാണ് മകനുമായി അവസാനമായി സംസാരിച്ചതെന്നും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയെന്നും പിതാവ് മുഹമ്മദ് സലീം പറഞ്ഞു.

മാര്‍ച്ച് 19ന് അജ്ഞാത ഫോണ്‍ കോള്‍ കുടുംബത്തിന് ലഭിച്ചു. മയക്കുമരുന്ന് വില്‍ക്കുന്ന സംഘം അര്‍ഫത്തിനെ തട്ടിക്കൊണ്ടുപോയെന്നും 1,200 ഡോളര്‍ ആവശ്യപ്പെട്ടുവെന്നും പിതാവ് പറഞ്ഞു. മകനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിളിച്ചയാള്‍ സമ്മതിച്ചില്ലെന്നും പിതാവ് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിക്കായി അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഒഹായോയിലെ ക്ലീവ് ലാന്‍ഡില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

മുഹമ്മദ് അര്‍ഫാത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച കോണ്‍സുലേറ്റ് അര്‍ഫാത്തിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ഉറപ്പാക്കാന്‍ പ്രാദേശിക ഏജന്‍സികളുമായി ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായവും കുടുംബത്തിന് നല്‍കുന്നുവെന്നും കോണ്‍സുലേറ്റ് എക്സില്‍ കുറിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക