Image

കാമ്പിശ്ശേരി: ഓർമകളുടെ സുഗന്ധമെന്നു  മകൾ (ഡോ. ഉഷ കാമ്പിശ്ശേരി)

Published on 09 April, 2024
കാമ്പിശ്ശേരി: ഓർമകളുടെ സുഗന്ധമെന്നു  മകൾ (ഡോ. ഉഷ കാമ്പിശ്ശേരി)

ജന്മശതാബ്ദിയെത്തിയ തോപ്പിൽ ഭാസിയെക്കുറിച്ചും ചങ്ങാതിയായിരുന്ന എന്റെ അച്ഛൻ കാമ്പിശ്ശേരി കരുണാകരനെപറ്റിയും  ആഴത്തിൽ ഗവേഷണം ചെയ്തു ശ്രീ കുര്യൻ പാമ്പാടിഎഴുതിയ ലേഖനത്തിനും അത് പ്രസിദ്ധീകരിച്ച ഇ മലയാളിക്കും നന്ദി.  ലേഖകൻ അതിനു വേണ്ടി പലതവണ ഞാനുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഞങ്ങൾ ഇതുവരെ തമ്മിൽ കണ്ടിട്ടില്ല.

കാമ്പിശ്ശേരിയെക്കുറിച്ച് മകൾ ഉഷയുടെ ‘ഓർമ്മകളുടെ സുഗന്ധം’

ഞാനിപ്പോൾ ബംഗളൂരിൽ മകൾ ഡോ. അമ്മുവും ഭർത്താവ് അനു  സത്യനും കൂടി ബെലന്തൂരിൽ വച്ച വീടിന്റെ പാലുകാച്ചലിന് എത്തിയിരിക്കയാണ്.  22നു അതുകഴിഞ്ഞാൽ കൊല്ലത്തെ കടപ്പാക്കടയിൽ ഞങ്ങൾ പണിത വീട്ടിലേക്കു മടങ്ങും. പിന്നീട് മകൾ ഡോ. മാളുവിനും ഭർത്താവ് ഡോ. പ്രമോദ് പയ്യന്നൂരിനും പട്ടത്തുള്ള ആപ്ടെക്  ഫ്ളാറ്റിലേക്കും.

കടപ്പാക്കടയിൽ വീട് വയ്ക്കുന്നത് 1994ൽ. അച്ഛൻ അന്തരിച്ചു 17 വർഷങ്ങൾക്കു ശേഷം. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് വാടകവീടുകളിലായിരുന്നു താമസം. അടുത്ത കാലത്ത് വള്ളികുന്നത്ത് അച്ഛന്റെ തറവാട് നിന്ന പുരയിടത്തിൽ  300 ച. അടി വിസ്തീർണമുള്ള ഒരു ഇരുനിലക്കെട്ടിടം പണികഴിപ്പിച്ചിട്ടുണ്ട്.

കാമ്പിശ്ശേരി തറവാടും അവിടെ നിർമ്മിച്ച പുതിയ മന്ദിരവും

അതൊരു സ്മാരകം അല്ല. തന്റെ പേരിൽ പണപ്പിരിവ് നടത്തുകയോ സ്മാരകം പണിയുകയോ പാടില്ലെന്ന് അൻ പത്തഞ്ചാം  വയസിൽ അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് അമ്മ പ്രേമവല്ലിയോട് അച്ഛൻ നിഷ്ക്കര്ഷിച്ചിരുന്നു. അച്ഛന്റെ അഭിലാഷം ഒരു കല്പന പോലെ അമ്മ എഴുതിയെടുത്തു. ഞങ്ങൾ മക്കൾ അനുസരിക്കുന്നു.

അച്ഛന്റെ നൂറാം ജന്മദിനം 2022ൽ ആയിരുന്നു. 2027 ജൂലൈ 27നു അദ്ദേഹം കടന്നുപോയിട്ടു അരനൂറ്റാണ്ട് തികയും.

അച്ഛന്റെ അച്ഛൻ കാമ്പിശ്ശേരി കൊച്ചിക്കാ ചാന്നാർ വിപ്ലവകാരിയായ പൊതുപ്രവർത്തകൻ ആയിരുന്നു. അദ്ദേഹം മുൻകൈ എടുത്തു തുടങ്ങിയ അരീക്കര  പ്രൈമറി സ്‌കൂളിലാണ്  അച്ഛൻ കാമ്പിശ്ശേരി പുത്തൻവീട്ടിൽ നാരായണൻ കരുണാകരൻ പഠിച്ചത്. പിന്നീട് അവിടത്തെ ഗവർമെൻറ്  സംസ്‌കൃത ഹൈ സ്‌കൂളിലും തിരുവനന്തപുരം  സംസ്‌കൃത കോളജിലും  പഠിച്ചു.

തോപ്പിൽഗോപാലകൃഷ്ണൻ, ഭാര്യ ഡോ. ഉഷ കാമ്പിശ്ശേരി

എന്നാൽ സ്വാതന്ത്ര്യ സമരത്തിൽ സജീവമായതിനാൽ പഠിത്തം പൂർത്തിയാക്കിയില്ല. ജയിലിൽ കിടക്കുകയും ചെയ്തു. സമര വീര്യം പോരെന്നു പറഞ്ഞു കോൺഗ്രസ് വിട്ടു കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. വിജെടി ഹാളിൽ നടന്ന കോൺഗ്രസ് നേതൃയോഗത്തിൽ നിന്ന് ഇറങ്ങിപോന്നവരുടെ നേതാവായിരുന്നു അദ്ദേഹം. അങ്ങിനെ ഇറങ്ങിവരുന്നതു  നേരിട്ടു കണ്ട കാര്യം   ഒഎൻവി കുറുപ്പ് വിവരിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തുവെന്നോ  ജയിൽ വാസം അനുഭവിച്ചുവെന്നോ അച്ഛൻ ഒരിക്കൽ പോലും  ഞങ്ങളോട് പറഞ്ഞിട്ടില്ല. സ്വാതന്ത്യ പെൻഷനായും നിരാകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ രോഗി താനാണെന്ന് എപ്പോഴും പറയുമായിരുന്നു.    

അനിതരസാധാരണമായ ധിഷണാശക്തിയുടെ   ഉടമയായിരുന്നു അച്ഛൻ. എഴുത്തുകാരൻ, പത്രാധിപർ, പ്രഭാഷകൻ, നടൻ എന്നിങ്ങനെ എല്ലാ രംഗങ്ങളിലും ശോഭിച്ചു. കമ്മ്യൂണിസ്റ് ടിക്കറ്റിൽ കായങ്കുളം നിയജകമണ്ഡലത്തിൽ കോൺഗ്രസ്സ്കാരനായ കേശവൻ തഴവായെ തോൽപ്പിച്ച് എംഎൽഎ ആയി.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നിരോധിച്ചപ്പോൾ  അച്ഛൻ നിയസഭയിൽ വീറുറ്റ ഒരു പ്രസംഗം ചെയ്തു. നാട്ടുകാർക്ക് കാണാൻ ആവതില്ലെങ്കിലും എംഎൽഎമാർക്ക് കാണാനായി നാടകം നിയമസഭയിൽ അവതരിപ്പിക്കാൻ അനുവദിക്കണമെന്നു വരെ വാദിച്ചു. സഭ അത് ചിരിച്ചു തള്ളിയത്രെ.

റാഫി കാമ്പിശ്ശേരിയും ഭാര്യ ഡോ. മീരയും  

എന്തൊക്കെ പറഞ്ഞാലും രോഗം മൂർച്ഛിക്കുന്നതു വരെ തുടർച്ചയായി ഒന്നര വർഷം  കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ കേന്ദ്രകഥാപാത്രമായ പരമു പിള്ളയെ ജീവസുറ്റതാക്കിയത് അച്ഛനായിരുന്നു. പകരം വന്ന ഭരത് പിജെ ആന്റണി ഒരിക്കൽ പറഞ്ഞു, കാമ്പിശേരി പരമുപിള്ളയെ പരമമായി ആവാഹിച്ചതിനാൽ തനിക്കുഒന്നും ചെയ്യാൻ കഴിയാതെ പോയി എന്ന്.

തോപ്പിൽ ഭാസിയുടെ സഹോദരി ഭാർഗ്ഗവിയമ്മയുടെ യുടെ മകൻ  തോപ്പിൽ ഗോപാലകൃഷ്‌ണനുമായുള്ള എന്റെ വിവാഹം തോപ്പിൽ മാമനും  അച്ഛനും തമ്മിൽ നേരത്തെപറഞ്ഞുറപ്പിച്ചിരുന്നതാണ്.  ഗോപാലകൃഷ്ണൻ കൊല്ലം എസ്എൻ കോളജിൽ പഠിച്ച് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന്  പൊളിറ്റിക്കൽ സയൻസിൽ റാങ്കോടെ എംഎ എടുത്ത ശേഷം  ഡൽഹിയിൽ പിഎച്ച്ഡി ചെയ്യാൻ പോയി.

അതെല്ലാം ഉപേക്ഷിച്ച് നാട്ടിലേക്കു പോരാൻ നിർബന്ധിച്ചത് മുഖ്യമന്ത്രി സി അച്യുതമേനോൻ. എഐഎസ്‌എഫ്, എഐവൈഎഫ് നേതൃനിരയിൽ പ്രവർത്തിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം, കൊല്ലം ജില്ലാ ബാങ്ക് പ്രസിഡന്റ്, ജനയുഗം ചീഫ് എഡിറ്റർ   ഒക്കെയായിരുന്നു. പതിനാറു വർഷം  മുമ്പ് അന്തരിക്കുമ്പോൾ 64 വയസ്.

പ്രൊഫ. ഡോ. റോബി കാമ്പിശ്ശേരിയും ഭാര്യ ലതയും

ഞങ്ങൾ മൂന്നു മക്കൾ.  റാഫിയും റോബിയുമാണ് സഹോദരൻമാർ.  റാഫി  സിവിൽ എൻജിനീയറാണ്. കടപ്പാക്കടയിൽ ഞങ്ങൾ വീടുവച്ചിരിക്കുന്നതു അടുത്തടുത്ത പ്ളോട്ടുകളിൽ.  

റാഫി ഇറിഗേഷൻ വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനീയറായി റിട്ടയർ ചെയ്തു,  കൊല്ലത്തെ ഒരുപാട് പൊതുക്കാര്യങ്ങളിൽ വ്യാപൃതനാണ്-ബാങ്ക്, സെൻട്രൽ സ്‌കൂൾ തുടങ്ങി.കൊല്ലം  എസ്എൻ കോളജിൽ പ്രൊഫസർ ആയിരുന്ന ഡോ. മീരയാണ് ഭാര്യ.

റാഫിയുടെ മകൾ  ബിആർക്, എംബിഎ ആയ മകൾ റിനിയും ബിടെക് എംബിഎ ആയ ഭർത്താവ്  വിഘ്‌നേശ് പളനിയും ബെംഗളൂരുവിൽ . ബിടെക് കാരനായ മകൻ കരുണും ഭാര്യ ഡോ.ഗായത്രിയും ചെന്നെയിൽ.

മദ്രാസ് ഐഐടിയിൽ എംടെക് എടുത്ത  റോബി  ഷിപ് ടെക്നൊളജിയിൽ ജപ്പാനിലെ ഒസാക്ക പ്രീഫെക്ച്ചർ  യൂണിവേഴ്‌സിറ്റിയിൽ നിന്ന്  (ഇപ്പോഴത് ഒസാക്ക മെട്രോപൊളിറ്റൻ യൂണിവേർഴ്‌സിറ്റി) പിഎച്ച്ഡി എടുത്ത് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസറായി റിട്ടയർ ചെയ്തു. അമ്മാവന്റെ മകൾ ലതയാണ് ഭാര്യ, കാക്കനാട് താമസം.

റോബിക്കും രണ്ടുമക്കൾ. എംഎസ് കാരിയായ മകൾ നീലുവും  ഭർത്താവ് ഡോ. അശ്വിനും  സ്വീഡനിലെ സ്റ്റോക്‌ഹോമിലാണ്.  മകൻ വേലു ബിടെക് എംബിഎ എടുത്തയാൾ. ഭാര്യ ഐശ്വര്യയും അങ്ങിനെ തന്നെ. ഇരുവരും ബെന്ഗളൂരുവിൽ.

ഇതെല്ലാം  പറയുന്നത് വള്ളികുന്നത്തെ ഒരു ചാന്നാർ കുടുംബത്തിൽ നിന്ന് ബിരുദം പോലും നേടാതെ  ജീവിത സമരത്തിലേക്ക് കൂപ്പു കുത്തിയ ഒരച്ഛന്റെ മക്കളും കൊച്ചു മക്കളും ജീവിതത്തിൽ  എവിടെല്ലാം എത്തിനിൽക്കുന്നു എന്നു കാണിക്കാനാണ്.  അച്ഛന്റെ കാലം കഴിഞ്ഞിട്ടു അര നൂറ്റാണ്ടു അടുക്കുന്നു. അദ്ദേഹം കടന്നു പോയ ജുലൈ 27നു ഞങ്ങൾ വള്ളികുന്നത്ത്  ഓടിയെത്തും.  

തിരുവനന്തപുരത്തു ജന്മശതാബ്ദി വാരാചരണം  

അച്ഛനെപ്പറ്റി ദീപ്തമായ ഓർമ്മകൾ തൊട്ടുണർത്തുന്നതായിരുന്നു ഇമലയാളിയിലെ ലേഖനം. 'ഓർമകളുടെ സുഗന്ധം' എന്ന പേരിൽ ഞാൻ എഴുതിയ പുസ്തകം 2008ൽ  കൊല്ലത്തെ   സങ്കീർത്തനം പബ്ലിക്കേഷൻസ് പുറത്തിറക്കി. അമ്മ പ്രേമ എഴുതിയ 'ഞാനൊന്ന് പറഞ്ഞോട്ടെ' എന്ന ഓർമ്മക്കുറിപ്പുകൾ  പ്രഭാത്  ബുക്ക് ഹൗസും പ്രസിദ്ധീകരിച്ചു.

എന്റെ പുസ്തകം വിറ്റു  തീർന്നുവെന്നു സങ്കീർത്തനം പബ്ലിക്കേഷൻസ് ഉടമ ആശ്രാമം ഭാസി പറയുന്നു.  ഓർമകളുടെ സുഗന്ധം എന്ന് പുസ്തകത്തിനു  പേരു  നിർദേശിച്ചത്  ഒഎൻവി ആയിരുന്നു. അതിനു അവതാരിക എഴുതിയതും ഒഎൻവി.

കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന് സുവോളജിയിൽ പിഎച്ച്ഡി എടുത്ത ഞാൻ, 30  വർഷം ദേവസ്വം ബോർഡ് കോളജുകളിൽ  പഠിപ്പിച്ചു.  എനിക്ക് ഇനിയുള്ള എക്കാലവും ഓർമ്മവയ്ക്കാൻ ധാരാളം ചിത്രങ്ങളുള്ള സുഗന്ധം പരത്തുന്ന ഒരു ഫീച്ചർ സമ്മാനിച്ചതിന് ഒരിക്കൽ കൂടി നന്ദി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക