Image

കാട്ടാനയും മാവോയിസ്റ്റുകളും തമ്മിലെന്ത്? കാട്ടാന ആക്രമണത്തിൽ പരിക്കേറ്റതോടെ മാവോയിസ്റ്റ് ആശയം ഉപേക്ഷിച്ച് പ്രവർത്തകൻ

Published on 09 April, 2024
കാട്ടാനയും മാവോയിസ്റ്റുകളും തമ്മിലെന്ത്? കാട്ടാന ആക്രമണത്തിൽ പരിക്കേറ്റതോടെ മാവോയിസ്റ്റ് ആശയം ഉപേക്ഷിച്ച് പ്രവർത്തകൻ

കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യം ഏറെയും കണ്ണൂർ വയനാട് ഭാഗങ്ങളിലെ കാടുകളിലാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ലഘുലേഖകൾ വിതറിയും ഇടയ്ക്ക് കാടിറങ്ങി നാട്ടുകാരെ ഭീഷണിപ്പെടുത്തി ഭക്ഷണ സാധനങ്ങൾ കൈക്കലാക്കി ഉൾക്കാട്ടിലേക്കു മാറിയും ഒക്കെയാണ് മാവോയിസ്റ്റുകൾ നിലനിൽക്കുന്നത്. നിലവിൽ കേരളത്തിൽ കാട്ടാനകളും കടുവയും മാത്രമല്ല കാട്ടുപന്നിയും മ്ലാവും ഒക്കെ മനുഷ്യവാസ കേന്ദ്രത്തിലേക്കു കടന്നു വന്ന് വേണ്ട വിനാശം വിതയ്ക്കുന്നുണ്ട്. അപ്പോൾ പിന്നെ കാട്ടിനുള്ളിൽ ഒളിച്ചു കഴിയുന്നവരുടെ കാര്യം പറയാനുമില്ല. അങ്ങനെ ദുരിതം സഹിക്കുന്നതു വഴി വിമോചനം ഒന്നും സാധ്യമാകില്ല എന്ന യാഥാർത്ഥ്യവും ചിലരെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് വാർത്തകൾ സൂചിപ്പിക്കുന്നു.


കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റതിന് പിന്നാലെ വിമോചന ആശയം ഉപേക്ഷിക്കുന്നു എന്ന് പ്രഖ്യാപിച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍. ചിക്കമംഗ്ലൂർ സ്വദേശി സുരേഷ് ആണ് മാവോയിസ്റ്റ് ആശയങ്ങൾ ഉപേക്ഷിക്കുന്നതായി അറിയിച്ചത്. മാവോയിസ്റ്റ് ആശയങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് ആശയം ഉപേക്ഷിക്കുന്നതെന്നും സുരേഷ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍  കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ വെച്ച്  ഉണ്ടായ കാട്ടാന ആക്രമണത്തിൽ സുരേഷിന് പരിക്കേറ്റിരുന്നു. 23 വർഷം മാവോയിസ്റ്റായി പ്രവർത്തിച്ചിട്ടും ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും കീഴടങ്ങാന്‍ നേരത്തെതന്നെ ആഗ്രഹിച്ചിരുന്നതായും സുരേഷ് പറഞ്ഞു.  


കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ സഹപ്രവർത്തകർ കണ്ണൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിക്കുകയായിരുന്നു. ഇയാളെ പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിനും ഇടതുകാലിനും പരിക്കേറ്റിരുന്നു.  മരക്കമ്പുകളിൽ കമ്പിളി ചുറ്റിക്കെട്ടി അതിലിരുത്തിയായിരുന്നു സുരേഷിനെ കോളനിയില്‍ എത്തിച്ചത്. വീട്ടുകാർ പഞ്ചായത്ത് പ്രസിഡൻ്റിനെ അറിയിച്ചതിന് പിന്നാലെ പൊലീസ് സംഘം സുരേഷിനെ കണ്ണൂർ മെഡിക്കൽ കോളേജിലെയ്ക്ക് മാറ്റുകയായിരുന്നു.

കാട്ടാനകൾ മനുഷ്യർക്ക് ഇങ്ങനെ ചില മാറ്റങ്ങൾക്കു കാരണമാകുന്നുവെന്നതു മാത്രമാണ് വന്യ ജീവി - മനുഷ്യർ പ്രശ്നത്തിലെ ഏക നല്ല കാര്യം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക