Image

കോരപ്പാപ്പന്റെ കുഴൽ : പി. സീമ

Published on 08 April, 2024
കോരപ്പാപ്പന്റെ കുഴൽ : പി. സീമ

"കോരപ്പാപ്പൻ ഇതെന്താ മുറ്റത്തു വേലി കെട്ടുന്നേ... ആന കേറാതെ ഇരിക്കാനാണോ?"

"അല്ലേടാ ഉവ്വേ... മ്മടെ വീടും മ്മടെ വീടിന്റെ മുറ്റോം ഒക്കെ മ്മടേത് ആയാൽ പോരേ.? ദിപ്പോ ഏത് ടിപ്പർ വന്നാലും ഇങ്ങ് കേറി  തിരിഞ്ഞോന്ന്  മുറ്റം, ഏത് കാറ്റും വന്നു വീശിക്കോന്നു മുറ്റം, .ഏത് വെയിലും വന്നു വീടിന്റെ അകത്തേക്ക് കേറിക്കോന്നു വേനൽ "

"അതൊക്കെ ഒരു പരോപകാരം അല്ലേ."

"ഓ   ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കണ്ടായോ. ദിപ്പോ ഏതെങ്കിലും ഒരു നേരത്ത് വെള്ളം വന്നാൽ  ഉണ്ടവാൽവിൽ കൂടി ഇതിന്റെ മോളിലേക്ക്   വെള്ളം കേറൂല്ല..എന്നാൽ   പിന്നെ താഴേക്കു എങ്കിലും  വിടണ്ടേ ."

"അത് അങ്ങനല്ലേ  താണ നിലത്തേ നീരോടൂ "

"അതിനു   നടു ഒടിഞ്ഞു നിന്നു ടാപ്പിൽ കുത്തി  കെട്ടിവെച്ച കുഴല് അവിടെ ഇരുന്നിട്ട് വേണ്ടേ വല്ലപ്പോഴും നൂല് പോലെ വരുന്ന  ഇത്തിരി വെള്ളം  കിട്ടാൻ.  മ്മടെ ടാങ്ക് അങ്ങ് ഉയരത്തിൽ ആകാശത്തു അല്ലയോ ഇരിക്കുന്നെ  അങ്ങോട്ടൊന്നും വെള്ളം കേറുകേല."

"അതെന്താ കുഴലിനു കുഴപ്പം.?  മുറുക്കി കെട്ടി വെക്കാഞ്ഞില്ലേ ഊരി പോകുന്നേ.."

"കുഴലിനും കെട്ടിനും കുഴപ്പം ഒന്നും ല്ല..അതാ പറഞ്ഞെ.  അത് ടാപ്പിൽ തന്നെ   കുഴൽ ഇരിയ്ക്കണമെങ്കിൽ ഒരു വേലിയും മറയും ഒക്കെ ഉള്ളത് നല്ലതാന്ന് .. മനസ്സിലായില്ല എങ്കിൽ പോയി മാനത്തേക്കും നോക്കി ഇരുന്നു ആലോചിക്ക്.  അപ്പൊ ഉത്തരം തലയിൽ മിന്നും. ഇല്ലേൽ നീയും ഒരു പൊട്ടനാന്ന് കരുതിക്കോ. ഈ പത്തു തൊണ്ണൂറ് വയസ്സായ അപ്പനെ ഇനി ആര് കട്ടോണ്ടു പോകാനാന്ന് പറഞ്ഞാ   ആ ചെക്കൻ ഗേറ്റ് വെക്കാത്തെ..."

"എന്നാപ്പിന്നെ അങ്ങനെ തന്നെ കിടന്നോട്ടെ.. കുഴല് തുറന്നു നോക്കാനും അടയ്ക്കാനും ഒക്കെ ആരെങ്കിലും ഇതു വഴി കേറി വരൂല്ലോ..അത് നല്ലതാട്ടൊ.  ഇഴജാതികള് വരൂല്ല മുറ്റത്തു ഒരു കാൽപെരുമാറ്റം ഉണ്ടാവുകേം ചെയ്യും"

"അത് കൊണ്ടെന്നാടാ ഫലം.? ഒറ്റയ്ക്ക് ഉള്ളൊരു ചത്തു കിടന്നാല് ചീഞ്ഞു മണം വന്നാലേ ചിലപ്പോ അറിയൂ.. വായു വലിക്കുമ്പോ ചാകാൻ പോകുവാണേന്ന് വിളിച്ചു പറഞ്ഞിട്ട് ആർക്കെങ്കിലും ചാകാൻ പറ്റുവോ?"

"അതും ഒരു ശരിയാ.. ഞാൻ ഇടയ്ക്കിടെ ഒന്ന് വന്നു മുട്ടി നോക്കാം.."

"മുട്ടിക്കോ മുട്ടിക്കോ "മുട്ടുവിൻ തുറക്കപ്പെടും" ന്നല്ലേ കർത്താവ്‌ പറഞ്ഞിരിക്കുന്നെ..ഞാൻ അകത്തുണ്ടേൽ തുറക്കാം ഇല്ലേൽ ചത്തെന്നു കരുതിക്കോ....ആമേൻ.. "

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക