Image

കുരങ്ങിൻ്റെ ആക്രമണത്തിൽ നിന്നും അനുജത്തിയെ രക്ഷിച്ച പെൺകുട്ടിക്കു ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

Published on 08 April, 2024
കുരങ്ങിൻ്റെ ആക്രമണത്തിൽ നിന്നും അനുജത്തിയെ രക്ഷിച്ച പെൺകുട്ടിക്കു ജോലി വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ ആകർഷിച്ച ഈ സംഭവം ഉത്തർപ്രദേശിലാണ് നടന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ കുരങ്ങുകൾ പലപ്പോഴും മനുഷ്യ ജീവിതം ദുസ്സഹമാക്കി മാറ്റാറുണ്ട്. ചില സംഭവങ്ങളിൽ ഗുരുതരമായി പരിക്കേൽക്കുന്നവരും, ജീവൻ നഷ്ടമാകുന്നവരും ഉണ്ട്. കുരങ്ങുകൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നതും അപൂർവമല്ല. അത്തരത്തിൽ, മുതിർന്നവരുടെ അഭാവത്തിൽ ആക്രമിക്കാനെത്തിയ കുരങ്ങിൽ നിന്നും ബുദ്ധിപൂർവം അനുജത്തിയെ രക്ഷിക്കു പെൺകുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.

ആമസോണിൻ്റെ വെർച്വൽ വോയ്‌സ് അസിസ്റ്റൻ്റ് അലക്‌സാ ഉപയോഗിച്ചാണ് ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ പതിമൂന്നുകാരി പെൺകുട്ടി തൻ്റെ മനസ്സിൻ്റെ സാന്നിധ്യം കൊണ്ട് തങ്ങളെ ആക്രമിക്കാൻ വന്ന കുരങ്ങിനെ ഭയപ്പെടുത്തി ഓടിച്ചത്.

 വീട്ടിലേക്കു ചാടിക്കയറിയ കുരങ്ങിനെ വിരട്ടിയോടിക്കാൻ അലക്‌സയോട് നായയെപ്പോലെ കുരയ്ക്കാൻ പെൺകുട്ടി ആവശ്യപ്പെട്ടു. ആ തന്ത്രം വിജയിച്ചു. നായയുടെ ഒച്ച കേട്ടു ഭയന്ന കുരങ്ങൻ വേഗം അവിടെ നിന്നും പാഞ്ഞു രക്ഷപ്പെട്ടു. അങ്ങനെയാണ് ആ പെൺകുട്ടികൾ കുരങ്ങനിൽ നിന്നും രക്ഷപ്പെട്ടത്.

ഈ സംഭവം വാർത്ത ആയതോടെ അതു ശ്രദ്ധിച്ച ആനന്ദ് മഹീന്ദ്ര തൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ എഴുതി: “നമ്മുടെ കാലഘട്ടത്തിലെ പ്രധാനചോദ്യം നമ്മൾ അടിമകളാകുമോ അതോ സാങ്കേതികവിദ്യയുടെ യജമാനന്മാരാകുമോ എന്നതാണ്. സാങ്കേതികവിദ്യ എപ്പോഴും മനുഷ്യൻ്റെ ചാതുര്യത്തിന് സഹായകമാകുമെന്ന ആശ്വാസം ഈ പെൺകുട്ടിയുടെ കഥ നൽകുന്നു. അവളുടെ പെട്ടെന്നുള്ള ചിന്ത അസാധാരണമായിരുന്നു.” കൂടാതെ,
"തീർത്തും പ്രവചനാതീതമായ ഒരു ലോകത്ത് നേതൃത്വത്തിനുള്ള സാധ്യത" പെൺകുട്ടി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടി അവളുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, എപ്പോഴെങ്കിലും കോർപ്പറേറ്റ് ലോകത്ത് ജോലി ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അവളെ ഞങ്ങളോടൊപ്പം ചേർക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് അദ്ദേഹം നൽകിയ വാഗ്ദാനം.
ധീരതയുള്ള സമചിത്തതയോടെ ചിന്തിക്കുന്ന പുതുതലമുറയിലാണ് നാടിൻ്റെ ഭാവി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക