Image

ഗാസയിൽ മരിച്ചവർ 33,175, കുട്ടികൾ 14,000; ദക്ഷിണ ഗാസ ഒഴിഞ്ഞെന്നു ഇസ്രയേൽ (പിപിഎം)  

Published on 07 April, 2024
ഗാസയിൽ മരിച്ചവർ 33,175, കുട്ടികൾ 14,000; ദക്ഷിണ ഗാസ ഒഴിഞ്ഞെന്നു ഇസ്രയേൽ (പിപിഎം)  

ഗാസയിൽ ആറു മാസമെത്തിയ ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻ സിവിലിയന്മാരുടെ എണ്ണം  33,175 ആയെന്നു ഗാസ ആരോഗ്യ വകുപ്പ് ഞായറാഴ്ച പറഞ്ഞു.  അതിൽ 14,000 എങ്കിലും കുട്ടികളാണ്. 9,220 സ്ത്രീകളും.

മൊത്തം 75,886 പേർക്കു പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിൽ ഇസ്രയേലി സേന ഐ ഡി എഫ് 38 പേരെ കൊലപ്പെടുത്തി. 

"ഭീകരമായ വഴിത്തിരിവാണിത്," യുഎൻ മനുഷ്യാവകാശ മേധാവി മാർട്ടിൻ ഗ്രിഫിത്‍സ് പറഞ്ഞു. "മനുഷ്യൻ മൂലമുണ്ടായ കൊടുംപട്ടിണിയുടെ ലജ്ജാകരമായ കാലമാണ് ഇനി വരാനുള്ളത്." 

ആക്രമണം ഇസ്രയേൽ ഇനി കടുപ്പിച്ചാൽ അത് മനഃസാക്ഷിക്കു നിരക്കാത്തതാവുമെന്നു അദ്ദേഹം പറഞ്ഞു. 

പിന്മാറിയെന്നു ഇസ്രയേൽ 

തെക്കൻ ഗാസയിൽ നിന്നു സൈന്യത്തെ പിൻവലിച്ചെന്നു ശനിയാഴ്ച ഇസ്രയേൽ പ്രഖ്യാപിച്ചു. മാസങ്ങളോളം നീണ്ട അതിരൂക്ഷമായ ആക്രമണത്തിൽ തകർത്തു തരിപ്പണമാക്കിയ ഭൂമിയിൽ നിന്നാണ് ഇസ്രയേലി സേന ഒഴിഞ്ഞത്. ഏറ്റവും ഒടുവിൽ ഖാൻ യൂനിസിൽ ആയിരുന്നു കനത്ത ആക്രമണം. 

വരാനിരിക്കുന്ന പോരാട്ടങ്ങൾക്കു തയാറെടുക്കാനാണ് പിന്മാറ്റമെന്നു ഐ ഡി എഫ് പറഞ്ഞു. 

അതേ സമയം ഇസ്രയേലിൽ, ഉടൻ തിരഞ്ഞടുപ്പ് നടത്തണം എന്ന ആവശ്യമുന്നയിച്ചു ശനിയാഴ്ച പടുകൂറ്റൻ പ്രകടനങ്ങൾ നടന്നു. പ്രതിപക്ഷ നേതാവ് യായിർ ലാപ്പിഡും പങ്കെടുത്തു. ബന്ദികളെ തിരിച്ചു കൊണ്ടുവരികയും ഈ സർക്കാരിനെ പുറത്താക്കുകയും ചെയ്യുന്നതു വരെ വിശ്രമിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. 
ഒരു ലക്ഷം പേർ ടെൽ അവീവ് പ്രതിഷേധത്തിൽ പങ്കെടുത്തു എന്നാണ് കണക്ക്. 

ചർച്ചകൾ തുടരുന്നു 

കയ്‌റോയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയ്ക്കു സി ഐ എ ഡയറക്‌ടർ ബിൽ ബേൺസും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൾറഹ്മാൻ ബിൻ അൽ താനിയും എത്തിയതായി അവിടന്ന് റിപ്പോർട്ടുണ്ട്. സ്ഥിരമായ വെടിനിർത്തലും ഇസ്രയേലിന്റെ പിന്മാറ്റവും വേണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. 

ഹമാസ് ബന്ദികളെ വിടാൻ മടിക്കുന്നതാണ് ഒത്തുതീർപ്പിനു തടസമെന്നു യുഎസ് പറയുമ്പോൾ ഇസ്രയേൽ പകരമായി പലസ്തീൻ തടവുകാരെ വിടാൻ മടിക്കുന്നതാണ് പ്രശ്നമെന്ന് ഹമാസ് വാദിക്കുന്നു. 

Gaza death toll hits 33,175

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക