Image

ട്രംപിന്റെ ഫ്ലോറിഡ നിശയിൽ $50 മില്യൺ: ബൈഡന്റെ ഇരട്ടി പണം പിരിച്ചു (പിപിഎം) 

Published on 07 April, 2024
ട്രംപിന്റെ ഫ്ലോറിഡ നിശയിൽ $50 മില്യൺ:  ബൈഡന്റെ ഇരട്ടി പണം പിരിച്ചു (പിപിഎം) 

ഫ്ലോറിഡയിൽ ഡൊണാൾഡ് ട്രംപിന്റെ ഫണ്ട് റെയ്‌സറിൽ ശനിയാഴ്ച ശതകോടീശ്വരന്മാരിൽ നിന്നായി $50.5 മില്യൺ പിരിഞ്ഞു കിട്ടി. കഴിഞ്ഞ മാസം ന്യൂ യോർക്കിൽ മുൻ പ്രസിഡന്റുമാരായ ബരാക്ക് ഒബാമയും ബിൽ ക്ലിന്റണും പങ്കെടുത്ത ധനസമാഹരണത്തിൽ പ്രസിഡന്റ് ബൈഡൻ പിരിച്ച $26 മില്യന്റെ ഇരട്ടിയോളം. നവംബറിനു മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിയുടെ പണപ്പെട്ടിക്കു കനം കൂട്ടുന്ന പിരിവിന്റെ സൂചന പാർട്ടി ട്രംപിന്റെ പിന്നിൽ അണിനിരക്കുന്നു എന്നാണെന്നു വ്യാഖ്യാനമുണ്ട്. 

ഹെഡ്‌ജ്‌ ഫണ്ട് മാനേജർ ജോൺ പോൾസൺ ആ അഭിപ്രായം അടിവരയിട്ടു പറഞ്ഞു. “Inaugural Leadership Dinner” തന്റെ പാം ബീച്ചിലെ ബംഗ്ലാവിൽ നടത്തിയ അദ്ദേഹം പറഞ്ഞത് ഈ പിരിവ് ചരിത്രമായി എന്നാണ്. 

റിപ്പബ്ലിക്കൻ നോമിനേഷൻ ഉറപ്പാക്കിയ ശേഷം ട്രംപിന്റെ ആദ്യത്തെ ഫണ്ട് റെയ്‌സറാണിത്. പങ്കെടുത്തവർ $250,000 മുതൽ $814,600 വരെ നൽകിയാണ് സ്വീകരണത്തിലും ഡിന്നറിലും പങ്കെടുത്തത്. പ്രത്യേക അതിഥികളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ മത്സരിച്ച വിവേക് രാമസ്വാമി, സൗത്ത് കരളിന സെനറ്റർ ടിം സ്കോട്ട്, നോർത്ത് ഡക്കോട്ട ഗവർണർ ഡൗ ബർഗം എന്നിവർ ഉണ്ടായിരുന്നു. 

പിരിഞ്ഞു കിട്ടുന്ന തുക ട്രംപ് 47 കമ്മിറ്റിക്കാണ് പോവുകയെന്നു ക്ഷണക്കത്തിൽ പറഞ്ഞിരുന്നു. റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുമായുള്ള ധാരണ അനുസരിച്ചു ഓരോ സംഭാവനയുടെയും ആദ്യ $6,600 ട്രംപ് കാമ്പയ്‌നും അടുത്ത $5,000 അദ്ദേഹത്തിന്റെ പി എ സിക്കുമാണ് പോവുക. 

ട്രംപ് കാമ്പയ്ൻ വക്താവ് ഡാനിയൽ അൽവാരെസ് പറഞ്ഞു: "മൂന്നു ഡെമോക്രാറ്റിക് പ്രസിഡന്റുമാർ ചേർന്നു പിരിച്ചത് $25 മില്യൺ. ഒരൊറ്റ റിപ്പബ്ലിക്കൻ പ്രസിഡന്റിനു കിട്ടിയതോ $50 മില്യണിലധികം." മാർച്ചിൽ മൊത്തം $65.6 മില്യൺ പിരിച്ചതായി പാർട്ടി അറിയിച്ചു. ഇപ്പോൾ മൊത്തം $91.3 മില്യൺ കൈയ്യിലുണ്ട്. 

"എക്കാലത്തെയും ഏറ്റവും വലിയ ഫണ്ട് റെയ്‌സിംഗ്!" ട്രംപ് തന്റെ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ബൈഡന്റെ പിരിവിന്റെ ഇരട്ടി. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു." 

ഡെമോക്രാറ്റിക് പാർട്ടി പറഞ്ഞു: "ഡൊണാൾഡ് ട്രംപ് ശതകോടീശ്വരന്മാരുമായി ചുറ്റിത്തിരിയുമ്പോൾ ജോ ബൈഡൻ രാജ്യമൊട്ടാകെ സഞ്ചരിച്ചു വോട്ടർമാരുമായി നേരിട്ടു തന്റെ സാമ്പത്തിക പദ്ധതികൾ പുരോഗതിക്കു എങ്ങിനെ സഹായിക്കുമെന്നു വിശദീകരിക്കയാണ്."  

Trump rakes in record $50 million in Fla 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക