Image

പ്രണയിക്കാന്‍ ചെലവേറും: ലോകവിപണിയില്‍ കൊക്കോയുടെ വില കുതിച്ചുയരുന്നു, ചോക്‌ളേറ്റുകള്‍ക്ക് വില കൂടും

Published on 28 March, 2024
പ്രണയിക്കാന്‍ ചെലവേറും: ലോകവിപണിയില്‍ കൊക്കോയുടെ വില കുതിച്ചുയരുന്നു, ചോക്‌ളേറ്റുകള്‍ക്ക് വില കൂടും

ഒരു കാലത്ത് താരമായിരുന്നെങ്കിലും വിലയിടിഞ്ഞതോടെ പറമ്പിലുണ്ടായിരുന്ന കൊക്കോമരങ്ങള്‍ ചുവടോടെ വെട്ടിക്കളഞ്ഞ് പകരം വാനില, റംബൂട്ടാന്‍, തുടങ്ങിയ പൊന്ന് കായ്ക്കുമെന്ന് കരുതി പലവിധ വിളകള്‍ വെച്ചുപിടിപ്പിച്ച മലയോര കര്‍ഷകര്‍ക്ക് ആഘാതമായി ഒരു വാര്‍ത്ത! അന്നു വെട്ടിക്കത്തിച്ച അതേ കൊക്കോയ്ക്ക് ഇന്ന് രാജ്യാന്തര വിപണിയില്‍ വില കിലോയ്ക്ക് 800 രൂപ കടന്നു. അതായത് കൊക്കോ വില ടണ്ണിന് 10,000 ഡോളര്‍! (എട്ട് ലക്ഷത്തി മുപ്പത്തി മൂവായിരം രൂപ). 

ന്യൂയോര്‍ക്കിലെയും ലണ്ടനിലെയും ഇന്റര്‍നാഷനല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചുകളില്‍ 10,080 ഡോളര്‍ നിരക്കിലാണ് ഒടുവില്‍ അവധി വ്യാപാരം നടന്നത്. ഒരു വര്‍ഷത്തിനിടയില്‍ 138 ശതമാനത്തോളമാണു കൊക്കോയ്ക്കു സംഭവിച്ചിരിക്കുന്ന വില വര്‍ദ്ധന. കണക്കു പരിശോധിച്ചാല്‍ ലോകത്ത് മറ്റൊരു കാര്‍ഷികോല്‍പന്നത്തിനും ഇതേ കാലത്ത് ഇത്ര വില ഉയര്‍ന്നിട്ടില്ല. ചോക്ലേറ്റിന്റെ പ്രധാന അസംസ്‌കൃത വസ്തുവാണ് ഈ കൊക്കോ. ലോകത്താകെ ഒരു വര്‍ഷം ആളുകള്‍ 75 ലക്ഷം ടണ്‍ ചോക്‌ളേറ്റ് ഭക്ഷണമാക്കുന്നുണ്ട്. അപ്പോള്‍ മനസ്സിലാക്കാം ഈ വില വര്‍ദ്ധനവിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍.


നിലവിലെ ഈ വിലക്കയറ്റത്തിന് കാരണമായത് രണ്ട് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയില്‍ ഉണ്ടായ കനത്ത ഇടിവാണ്. ലോകവിപണിയിലെ കൊക്കോയുടെ 70 ശതമാനവും ഐവറി കോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളില്‍ നിന്നാണ്. അവിടെ കനത്ത മഴയും ചൂടും ബ്ലാക്ക് പോഡ് എന്ന രോഗവും ഒന്നിച്ച് വന്നതാണ് ഈ പ്രതിസന്ധിയ്ക്കും വില ഇങ്ങനെ റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയരാനും കാരണമായതെന്ന് ഇന്റര്‍നാഷനല്‍ കൊക്കോ ഓര്‍ഗനൈസേഷന്‍ പറയുന്നു. ഈ രാജ്യങ്ങളിലെ റോഡുകളുടെ അവസ്ഥ പരിതാപകരമായതിനാല്‍ ഉള്ള വിളവ് തുറമുഖങ്ങളിലേക്ക് എത്താനും ബുദ്ധിമുട്ട് നേരിട്ടു. ഐവറി കോസ്റ്റിലെ തുറമുഖങ്ങളില്‍ വരവ് 28 ശതമാനം കുറഞ്ഞപ്പോള്‍ ഘാനയില്‍ അത് 35 ശതമാനം കുറഞ്ഞു.

ഈ ക്ഷാമം ഇങ്ങനെ ഒരു വര്‍ഷമെങ്കിലും തുടര്‍ന്നേക്കുമെന്നാണ് അറിയുന്നത്. കേരളത്തില്‍ കൊക്കോകൃഷി ആരംഭിച്ച ശേഷം കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ലോകത്ത് ആദ്യമാണു കൊക്കോ ക്ഷാമം ഇത്ര രൂക്ഷമാകുന്നത്. ഐവറി കോസ്റ്റില്‍ ഏപ്രിലില്‍ ഇടക്കാല വിളവെടുപ്പു നടക്കുമെങ്കിലും അതു ക്ഷാമപരിഹാരത്തിനു തീരെ മതിയാകില്ല. കിട്ടിയ അവസരം മുതലെടുത്ത് ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് നേട്ടം കൊയ്യാന്‍ ഇക്വഡോറും ബ്രസീലും ശ്രമിക്കുന്നുണ്ട്. എങ്കിലും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ അതു മതിയാകില്ല.


ഉഷ്ണമേഖലയിലുള്ള വളരെ കുറച്ച് രാജ്യങ്ങളില്‍ മാത്രമാണ് കൊക്കോ കൃഷിചെയ്യുന്നത്. സംസ്ഥാനത്തെ കൊക്കോകൃഷിയുടെ 40 ശതമാനവും ഇടുക്കി ജില്ലയില്‍ നിന്നാണ്. വയനാട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലും കൃഷിയുണ്ട്. രാജ്യത്ത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് മാത്രമാണ് ഇവിടെ ഉത്പാദനം. ബാക്കി ഇറക്കുമതിയാണ്.നിലവിലെ സ്ഥിതി അനുസരിച്ച് ലഭ്യത ഇനിയം വലിയ തോതില്‍ കുറയുമെന്നും വില അതിന് ആനുപാതികമായി വര്‍ധിക്കുമെന്നും ഇന്റര്‍നാഷനല്‍ കൊക്കോ ഓര്‍ഗനൈസേഷന്‍ പറയുന്നു


കര്‍ഷകര്‍ക്ക് ഈ വാര്‍ത്ത നല്ലതാണ് എങ്കിലും ക്ഷാമവും വിലക്കയറ്റവും കൊണ്ട് ശരിക്കും പ്രതിസന്ധിയിലായത് ചോക്ലേറ്റ് നിര്‍മാതാക്കളാണ്. ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ക്ക് എല്ലാ രാജ്യങ്ങളിലും വില കയറിത്തുടങ്ങി. കൊക്കോ ക്ഷാമം ചോക്‌ളേറ്റ് ഉത്പാദകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കാരണം 500 ഗ്രാം ചോക്ലേറ്റ് നിര്‍മിക്കാന്‍ 400 കൊക്കോബീന്‍സ് എങ്കിലും വേണം. ഒരു മരത്തില്‍നിന്ന് ഒരു വര്‍ഷം പരമാവധി കിട്ടുന്നത് 2500 ബീന്‍സ് എന്നാണ് പഠനം. ഇന്ത്യയില്‍ ഒരു ഹെക്ടറിലെ വിളവ് ഒരു വര്‍ഷം ശരാശരി 560 കിലോയാണ്.

രാജ്യാന്തര വിപണിയിലെ വിലവര്‍ധനയുണ്ടെകിലും കേരളത്തിലെ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകാനിടയില്ല. വിളവെടുപ്പുകാലമല്ലാത്തതാണ് പ്രധാനകാരണം. എന്നിരുന്നാലും കേരളത്തില്‍ ഉണക്ക കൊക്കോ വില 650 - 670 രൂപ വരെ എത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക