Image

റഷ്യയുടെ ഫ്രണ്ട്ഷിപ് ഗെയിംസിന് എതിരേ ഐ.ഒ.സി (സനിൽ പി.തോമസ്)

Published on 25 March, 2024
റഷ്യയുടെ ഫ്രണ്ട്ഷിപ് ഗെയിംസിന് എതിരേ ഐ.ഒ.സി (സനിൽ പി.തോമസ്)

"ഫ്രണ്ട്ഷിപ് ഗെയിംസ് " എന്ന പേരിൽ റഷ്യ ആസൂത്രണം ചെയ്യുന്ന കായികമേള ഒഴിവാക്കണമെന്ന് സർക്കാരുകളോടും കായിക സംഘടനകളോടും രാജ്യാന്തര ഒളിംപിക് കമ്മിറ്റി.മാർച്ച് 19ന് ചേർന്ന ഐ.ഒ.സി. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് റഷ്യൻ നീക്കത്തിൽ ആശങ്ക അറിയിച്ചത്. റഷ്യൻ തീരുമാനത്തെ കമ്മിറ്റി സംശയത്തോടെയാണു കാണുന്നത്.  കഴിഞ്ഞ വർഷമാണ് റഷ്യൻ പ്രസിഡൻ്റ് പുടിൻ, "ഫ്രണ്ട്ഷിപ് ഗെയിംസ് " നടത്താൻ ഒരുങ്ങാൻ രാജ്യത്തോട് ആവശ്യപ്പെട്ടത്.ഗ്രീഷ്മകാല, ശീതകാല വിനോദങ്ങൾ ഒരേ സമയം നടത്താനാണ് നിർദേശം. ഈ വർഷം സെപ്റ്റംബർ 15 മുതൽ 29 വരെ മോസ്കോയിലും യെ കാർതെറിങ്ബർഗിലുമായി മത്സരങ്ങൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യം.യെകാർ തെറിങ്ബർഗ്  റഷ്യയിലെ നാലാമത്തെ വലിയ നഗരമാണ്.4.6 ബില്യൻ റൂബിൾ (50 മില്യൻ ഡോളർ) ആണ് പ്രൈസ് മണി നിശ്ചയിച്ചിരിക്കുന്നത്.40 ഇനങ്ങളിൽ മത്സരം നടത്താനാണു നീക്കം.

റഷ്യക്കും ബലറൂസിനും എതിരായ ഐ.ഒ.സി. വിലക്ക് മുന്നിൽ കണ്ട് പുടിൻ ഒരു മുഴം മുമ്പേ എറിഞ്ഞതാണ്.
പാരിസ് ഒളിംപിക്സ് ഈ വർഷം ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെയാണു നടക്കുക. ഗെയിംസ് തീർന്ന് ഒരു മാസം കഴിയുമ്പോൾ മറ്റൊരു മഹാകായിക മേളയാണ് പുടിൻ്റെ ലക്ഷ്യം.ഒളിംപിക്സിൽ പ്രൈസ് മണിയില്ല. റഷ്യ വലിയ സമ്മാനത്തുകയാണു വാഗ്ദാനം ചെയ്തിരിക്കുന്നത്.

2022 ഫെബ്രുവരിയിൽ യുക്രെയ്ൻ ആക്രമിച്ചതിൻ്റെ പേരിലാണ് റഷ്യക്കും കൂട്ടാളിയായ ബലറൂസിനും രാജ്യാന്തര ഒളിംപിക് കമ്മിറ്റി വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഈ രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾക്ക് വ്യക്തിപരമായി ഒളിംപിക്സിൽ പങ്കെടുക്കാം.പാരിസിൽ ഒളിംപിക്സ് ഉദ്ഘാടനത്തിന് റഷ്യൻ, ബല റൂസ് താരങ്ങൾ ദേശീയ പതാകയും ഔദ്യോഗിക വേഷവും ഉപയോഗിക്കുന്നതിന് ഐ.ഒ.സി വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യക്തിപരമായി മൂന്നു ഡസനോളം റഷ്യൻ താരങ്ങൾ പാരിസിൽ മത്സരിക്കാൻ യോഗ്യത നേടുമെന്നാണു പ്രതീക്ഷ. ഇതിൽ ചിലർ സൂക്ഷ്മ പരിശോധനയിൽ പുറത്തായെന്നുമിരിക്കും. റഷ്യൻ താരങ്ങൾ ഐ.ഒ.സി പതാകയ്ക്കു കീഴിൽ അണിനിരക്കേണ്ടി വരും.

റഷ്യൻ താരങ്ങൾ  രാജ്യാന്തര ഉത്തേജക വിരുദ്ധ സംഘടന (വാഡ ) യുടെ കർശന നിരീക്ഷണത്തിലുമാണ്.രാജ്യം തന്നെ നേരിട്ട് ഉത്തേജക ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് 2019 ൽ 'വാഡ ' റഷ്യൻ അത്ലലറ്റുകൾക്ക്  നാലു വർഷത്തെ സസ്പെൻഷൻ   ഏർപ്പെടുത്തിയിരുന്നു.എന്നാൽ 2020 ൽ റഷ്യയുടെ അപ്പീൽ പരിഗണിച്ച്  കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് ഇതു രണ്ടു വർഷമായി കുറച്ചു. മാത്രമല്ല ,വേൾഡ് അത്ലറ്റിക്സ് റഷ്യൻ അത്ലറ്റിക് ഫെഡറേഷൻ്റെ സസ്പെൻഷൻ കഴിഞ്ഞ വർഷം മാർച്ച് 23ന് പിൻവലിക്കുകയും ഉണ്ടായി.

പക്ഷേ, റഷ്യൻ ആൻ്റി ഡോപ്പിങ് ഏജൻസി ഇപ്പോഴും സസ്പെൻഷനിലാണ്. റഷ്യൻ താരങ്ങളുടെ ഉത്തേജക പരിശോധന രാജ്യത്തിനു വെളിയിൽ ആണു നടക്കുന്നത്.
ഉത്തേജകം ഉപയോഗിച്ചതിൻ്റെ പേരിൽ ഒളിംപിക് മെഡൽ മടക്കി വാങ്ങപ്പെട്ടവരിൽ കൂടുതൽ റഷ്യക്കാരാണ്. ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടവരിലും കൂടുതൽ റഷ്യൻ താരങ്ങൾ തന്നെ. ഒളിംപിക്സ് യോഗ്യത നേടിയ റഷ്യൻ താരങ്ങൾ ബയോളജിക്കൽ പാസ്പോർട്ട് ഹാജരാക്കേണ്ടി വന്നേക്കും.

നാലു വശത്തു നിന്നും സമ്മർദം നേരിടുന്നതിനാൽ പുടിൻ ഒളിംപിക്സിന് ബദൽ നീക്കവുമായി ഇറങ്ങിയാൽ അദ്ഭുതപ്പെടേണ്ടതില്ല. ഗ്രീഷ്മകാല, ശീതകാല വിനോദങ്ങൾ ഒരേ സമയം നടത്താനുള്ള നീക്കവും കരുതിക്കൂട്ടിയുള്ളതാണെന്നു സംശയിക്കണം.ഐ.ഒ.സിയുടെ മുന്നറിയിപ്പ് ഗൗരവമായി കാണേണ്ടതുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക