Image

ജയിലിലിരുന്ന് ഭരണം തുടർന്ന് കെജ്‌രിവാൾ; ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കാനുള്ള ഉത്തരവ് ഇറക്കി

Published on 24 March, 2024
ജയിലിലിരുന്ന് ഭരണം തുടർന്ന് കെജ്‌രിവാൾ; ഡൽഹിയിലെ ജലക്ഷാമം പരിഹരിക്കാനുള്ള ഉത്തരവ് ഇറക്കി

ഇഡി കസ്റ്റഡിയിലിരുന്ന് ഭരണനിര്‍വഹണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാണ് കെജ്‌രിവാൾ ജയിലില്‍ നിന്ന് പുറത്തിറക്കിയത്. കസ്റ്റഡിയിലിരുന്നും ഭരിക്കാനാകുമെന്നും രാജിവെക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് ജയിലില്‍ നിന്നുള്ള ഇന്നത്തെ ഉത്തരവിലൂടെ കെജ്‌രിവാള്‍ നൽകിയത്.

ജലവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പിന്റെ രൂപത്തിലാണ് ജയിലില്‍ നിന്ന് കെജ്‌രിവാൾ പുറത്തിറക്കിയത്. ഉത്തരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കെജ്‌രിവാൾ മന്ത്രി അതിഷിയെ കെജ്‌രിവാൾ ചുമതലപ്പെടുത്തുകയും ചെയ്തു. ജലക്ഷാമം നേരിടുന്ന മേഖലകളില്‍ കുടിവെള്ളം എത്തിക്കാനുള്ള നിര്‍ദേശം ഉള്‍പ്പെട്ട ഉത്തരവ് മന്ത്രി അതിഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു.

ജയിലില്‍ കഴിയവേ മുഖ്യമന്ത്രിയായി തുടരാനാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്.

കെജ്‌രിവാളിനെ ഇന്നലെ ഭാര്യ സുനിത കെജ്രിവാള്‍ സന്ദര്‍ശിച്ചിരുന്നു. എഎപി കണ്‍വീനര്‍ പദവിയിലേക്കോ മുഖ്യമന്ത്രി പദവിയിലേക്കോ സുനിത കെജ്‌രിവാളിനെ കൊണ്ടുവരാന്‍ നീക്കമുണ്ട്. കൂടാതെ ക്യാബിനറ്റ് മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരെയും പകരക്കാരായി പരിഗണിക്കുന്നുണ്ട്. കെജ്രിവാളിന്റെ അഭാവത്തില്‍ ഡല്‍ഹി സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന യോഗ്യതയുള്ള ഒരു നേതാവിനെ കൊണ്ടുവരിക എന്നതാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇഡി കസ്റ്റഡിയിലുള്ള കെജ്‌രിവാളിനെയും കവിതയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത് തുടരാനാണ് ഏജന്‍സിയുടെ തീരുമാനം. ചൊവ്വാഴ്ചയാണ് രണ്ട് പേരുടെയും കസ്റ്റഡി കാലാവധി അവസാനിക്കുക. ചോദ്യം ചെയ്യലിനോട് പൂര്‍ണ നിസ്സഹകരണം പ്രഖ്യാപിച്ചാണ് കെജ്‌രിവാളിന്റെ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക