Image

ഝാഡു (കവിത: വേണു നമ്പ്യാർ)

Published on 24 March, 2024
ഝാഡു (കവിത: വേണു നമ്പ്യാർ)

എല്ലാ കുള്ളന്മാരും കള്ളന്മാരല്ല
പഠിക്കാത്ത കളളനെക്കാൾ നമ്മൾ പേടിക്കേണ്ടത്
പ്രൊഫെഷണൽ കള്ളനെ;

സർക്കസ്സിൽ എത്രയൊ കുള്ളന്മാരുണ്ട്
സദസ്സിനെ മണ്ണ് കപ്പിക്കുവാൻ വേണ്ടി 
സ്വന്തം കണ്ണീർ ഗ്രന്ഥിക്ക് താഴിട്ടവർ
അരങ്ങിൽ നിസ്വരായ് ചിരിയുൽപ്പാദിക്കുന്നവർ!

അണിയറയിൽ നിന്ന് 
ആ ചിരിക്കുടുക്കകൾ ഇറങ്ങുക 
മൃഗങ്ങളുടെ കൂടുകൾ 
തൂത്തു വൃത്തിയാക്കാൻ!

ചൂല് കൊണ്ട് ഊര് മുഴുക്കെ
തൂത്തു വൃത്തിയാക്കാൻ
തുനിഞ്ഞവർ കഷ്ടം! മറന്നേ പോയി
സ്വന്തം വീട്ടുമുറ്റം തൂക്കാൻ!

പുത്തൻ ചൂല്
നടുപ്പുറം തൂക്കും!
ആരുടെ?
ഗുരുവിന്റെ!
ഗുരുനിന്ദ
ഘോരശാപം
ഗുരുശാപം
കാമിലബാധ.

പഠിച്ച കള്ളന്മാർ
തുറുങ്കിലും വെറുതെയിരിക്കില്ല
വേറിട്ട പുതിയ 
കുത്തിത്തിരിപ്പുകൾ
പ്ലാൻ ചെയ്യും.

അധികാരഗർവ്വിന്റെ
ഉദീരണങ്ങളും
പ്രഖ്യാപനങ്ങളുമിറക്കി
അരങ്ങിൽ അനുഷ്ഠിക്കുന്ന കപടനാടോടിനൃത്തത്തിന്
കയ്യാമത്തിന്റെ വാദ്യം നല്ലത്!
മദിരയുടെ ഒഴുക്ക് ബലേ ഭേഷ്!

ചൂല് കുറ്റിച്ചൂലായാൽ
എന്തിന് കൊള്ളും?
ചപ്പുചവറുകൾ
കത്തിക്കുന്ന തീക്കുഴിയിൽ
വലിച്ചെറിയാം, അത്ര തന്നെ!

ഈർക്കിൽ ചൂലിന്റെ 
ഫാഷൻ കാലഹരണപ്പെട്ടുവൊ?
മാലിന്യം തൂത്തുവാരാൻ പുതിയൊരു
മാലിന്യം ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്:
സിന്തറ്റിക് ചൂല് !

അധികാരം ദുഷിപ്പിക്കുമത്രെ
എന്ന് കേട്ടിട്ടുണ്ട്
എന്നാൽ ഈ വിധം
അധ:പതിപ്പിക്കുമെന്നതു
ഈ നാട്ടിൽ മാത്രം!

Join WhatsApp News
Sudhir Panikkaveetil 2024-03-24 07:04:47
അധികാരത്തിന്റെ അധഃപതനം. അതാണ് കുറ്റിച്ചൂല്. തീകുഴിയിലേക്ക് വലിച്ചെറിയേണം. വീണ്ടും കൊണ്ടുവരുന്നത് സിന്തറ്റിക്ക് ചൂലാണ്. മേൽഗതിക്ക് ഒരു വഴിയും കാണുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക