Image

ഷാലു പുന്നൂസ്: യുവത്വത്തിന്റെ കരുത്തുമായി ഫോമാ നേതൃത്വത്തിലേക്ക്

Published on 24 March, 2024
ഷാലു പുന്നൂസ്: യുവത്വത്തിന്റെ കരുത്തുമായി ഫോമാ നേതൃത്വത്തിലേക്ക്

ഫിലാഡഫിയ: ഫോമായിലെ യുവനേതാക്കളിൽ ഏറ്റവും ശ്രദ്ധേയനാണ് ഷാലു പുന്നൂസ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ  ഏറ്റവും ഭംഗിയായി പൂർത്തിയാക്കുന്നത് മാത്രമല്ല ക്രിയാത്മകമായ ഇടപെടലുകളും വ്യക്തിബന്ധങ്ങളും ഷാലുവിനെ വ്യത്യസ്തനാക്കുന്നു.

ഫോമാ നേതാക്കളിൽ മിക്കവരും  റിട്ടയർ ചെയ്തവരാണ്. അവർക്കിടയിൽ ഒരു 41 കാരൻ നാഷണൽ  വൈസ് പ്രസിഡന്റാകുന്നത് സംഘടനക്ക് ശക്തി പകരുമെന്നതിൽ സന്ദേഹമില്ല.

ചങ്ങനാശേരി കുറിച്ചി സ്വദേശിയായ ഷാലു നാട്ടിലായിരിക്കെ യൂത്ത് കോൺഗ്രസ് ചങ്ങനാശേരി ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്നു. സ്റ്റേറ്റ് തലത്തിലും ഇലക്ഷനിൽ വിജയിച്ചിട്ടുണ്ട്.

2009 ൽ അമേരിക്കയിലെത്തി. അല്പകാലം കണക്ടിക്കട്ടിലും ഹ്യൂസ്റ്റണിലും പ്രവർത്തിച്ചു. കണക്ടിക്കട്ടിലെ മാസ്കോൺ ആണ് പ്രവർത്തനം തുടങ്ങിയ ആദ്യ സംഘടന.

ഫിലാഡൽഫിയയിൽ എത്തിയതോടെ മാപ്പിൽ (മലയാളി അസോസിയേഷൻ ഓഫ് ഫിലഡല്ഫിയ) സജീവമായി. കമ്മിറ്റി അംഗവും സ്പോർട്ട്സ് കോർഡിനേറ്ററുമായി തുടക്കം. പിന്നീട് ട്രഷററും പ്രസിഡന്ടുമായി . കോവിഡ്  കാലത്ത് സ്തുത്യർഹമായ  പ്രവർത്തനങ്ങൾ നടത്താനായി എന്നതാണ് ഷാലു പുന്നൂസിനെ വ്യത്യസ്തനാക്കുന്നത്.

കോവിഡ് കാലത്ത് ആദ്യമായി ഒരു സംഘടന ഹെൽപ്പ് ലൈൻ സ്ഥാപിക്കുന്നത് ഷാലുവിന്റെ നേതൃത്വത്തിൽ മാപ് ആണ്. അത് പോലെ സാധനങ്ങളും ഭക്ഷണവും ആവശ്യമുള്ളവർക്ക്   വാങ്ങി  വീടിനു മുന്പിൽ കൊണ്ടുപോയി വയ്ക്കും. സാനിറ്റൈസർ , മാസ്‌ക്, ഷീൽഡ് എന്നിവയൊക്കെ ആളുകൾക്കെത്തിച്ചു. ഇപ്പോഴത്തെ ഫോമാ ജോ. ട്രഷറർ ജെയിംസ് ജോർജ് ഒരു ലോഡ് മാസ്‌ക്   എത്തിച്ചത് ഉപകാരപ്രദമായി.

വാക്സിൻ വന്നപ്പോൾ മാസ്‌കിന്റെ കെട്ടിടത്തിൽ നിന്ന് വാക്സിനേഷന് സൗകര്യവുമൊരുക്കി.

കോവിഡ് ഭീതി മാറിയതോടെ ആദ്യമായി ഓണാഘോഷം സംഘടിപ്പിച്ചും മാപ്പ് പേരെടുത്തു.

മാപ്പിൽ 350 പേരായിരുന്നു  അംഗങ്ങൾ. ഷാലുവിന്റെ കാലത്ത് അത് 720 ആയി.  ഓരോരുത്തരെയും നേരിട്ട് ബന്ധപ്പെട്ട് സംഘടനയിൽ എത്തിച്ചതിൽ യുവത്വത്തിന്റെ മിടുക്ക് പറയേണ്ടതില്ലല്ലോ.

ഏറ്റവും നല്ല സംഘടനക്കുളള ഫോമായുടെ സമ്മാനവും മാപ്പ് നേടിയതിൽ അതിശയിക്കാനില്ല.

ഫോമായുടെ കാൻകുൻ കൺവൻഷന്റെ ചെയറായും ഷാലു പ്രവർത്തിച്ചു.  ഇപ്പോൾ നാഷണൽ കമ്മിറ്റി അംഗം.

ഫിലാഡഫിയ കേന്ദ്രമായുള്ള ബഡി  ബോയ്സ് എന്ന സംഘടനക്ക് തുടക്കമിട്ടവരിൽ ഒരാൾ എന്നതാകാം   ഷാലുവിന്റെ ഏറ്റവും വലിയ സംഭാവന. മലയാളി സംഘടനകളിൽ ഒന്നും ചേരാൻ താല്പര്യമില്ലാത്ത ഒട്ടേറെ യുവജനത ഉണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു പ്രസ്ഥാനത്തിന് കാരണമായത്. തുടക്കം ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആയിരുന്നു. അതുവഴി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നു. അർഹമായ ഒരു കാര്യത്തിന് വേണ്ടി ആരെങ്കിലും ഗ്രൂപ്പിൽ സന്ദേശമിടുന്നു. പണപരമായ കാര്യങ്ങൾ  കോർഡിനേറ്റു ചെയ്യാൻ ഒരു ട്രഷറർ മാത്രമാണ് സംഘടനക്കുള്ളത്. ആരാണോ സഹായ അഭ്യർത്ഥന കൊണ്ട് വന്നത് ആ വ്യക്തി ആ ധനസമാഹരണത്തിനു നേതൃത്വം നൽകും.

മജീഷ്യൻ മുതുകാടിന്റെ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി 20 ലക്ഷം   രൂപ സമാഹരിച്ചു നൽകി. വേറെയും പല ചാരിറ്റി പ്രവർത്തനങ്ങളും ഏറ്റെടുത്തു. ഫിലാഡൽഫിയയിൽ തന്നെ ഒരു വ്യക്തി ലിവർ ട്രാൻസ്പ്ലാന്റിനു ശേഷം വീട്ടിൽ ഹീറ്റ് ഇല്ലാതെ വിഷമിച്ചപ്പോൾ ബഡി  ബോയ്സ് അത് സ്ഥാപിച്ചു. റൂഫും മാറ്റിയിട്ടു.

എല്ലാറ്റിനും കൃത്യമായ കണക്കുകളുണ്ട്.  പണം തരാൻ ആളുകൾ സ്വയം സന്നദ്ധരായി മുന്നോട്ടു വരികയാണ്.  നാട്ടിൽ മാർക്സിസ്റ് പാർട്ടിയുടെ ഒരു യുവനേതാവ് മരിച്ചപ്പോൾ  മക്കൾക്കും മാതാപിതാക്കൾക്കുമായി രണ്ടര ലക്ഷം രൂപ കയ്യോടെ   നൽകി.  ജാതി മത പാർട്ടി ഭേദമൊന്നും സേവനപ്രവർത്തനത്തിലില്ല.  

അമേരിക്കയിലെ ഹോട്ടൽ വ്യവസായത്തിൽ വലിയ പങ്ക് പട്ടേൽമാർക്ക്   നേടാനായെങ്കിൽ അതുപോലൊരു നേട്ടം മലയാളിക്ക് എന്ത്കൊണ്ട് കഴിയുന്നില്ലെന്നു ഷാലു ചോദിക്കുന്നു. കൂടുതൽ വിദ്യാഭ്യാസവും മറ്റും ഉള്ളവരാണ് മലയാളികൾ. അതുപോലെ സാമ്പത്തികമായും നാം പിന്നിലല്ല.  അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചാൽ നമ്മുടെ സമൂഹവും ഉന്നതി പ്രാപിക്കും. പക്ഷെ അതുണ്ടാവുന്നില്ല. സംഘടനകൾക്ക് ഇക്കാര്യത്തിൽ പങ്ക്  വഹിക്കാനാകും.

അതുപോലെ ഇവിടെ പുതുതായി വരുന്നവർക്കും -വിദ്യാർത്ഥികൾ-ഉൾപ്പടെ ആവശ്യമായ ഗൈഡൻസ് നൽകാനും  സഹായങ്ങളെത്തിക്കാനും പഴയ തലമുറയ്ക്ക് കടമയുണ്ട്. അതിനും ഫോമാക്കും മറ്റും  നേതൃത്വം നൽകാനാകും.

യുവജനതക്ക് ഏറെ താല്പര്യമുള്ള സ്പോർട്ട്സ് രംഗം ശക്തിപ്പെടുത്തുകയാണ് മറ്റൊന്ന്. വോളിബോൾ രംഗത്തെ അതികായനായിരുന്ന അന്തരിച്ച അലിയാറിന്റെ ഓർമ്മക്കായി അലിയാർ മെമ്മോറിയൽ വോളി ബോൾ  ടൂർണമെന്റ്  ഏപ്രിൽ 27 -നു സംഘടിപ്പിക്കുന്നുണ്ട്. അതിനായി ലിങ്കൺ ഹൈസ്‌കൂൾ ബുക്ക് ചെയ്തു. 9  സ്റ്റേറ്റ്കളിൽ  നിന്ന് ടീമുകൾ വരുന്നു. 1000 പേരുടെ ബാങ്ക്‌വറ്റോടെ  പരിപാടി സമാപിക്കും.

ബേബി മണക്കുന്നേൽ പ്രസിഡന്ടായുള്ള  പാനലിൽ നിൽക്കുന്നവരെല്ലാം വലിയ അസോസിയേഷനുകളുടെ പ്രസിഡന്റുമാർ എന്ന നിലയിൽ കഴിവ് തെളിയിച്ചവരാണെന്നു ഷാലു ചൂണ്ടിക്കാട്ടി.  നല്ലൊരു ടീമാണിത്.

എങ്കിലും ആര് ജയിച്ചാലും അവരുമൊത്ത് പ്രവർത്തിക്കാൻ മടിയില്ല. ഇലക്ഷൻ വിജയം ഒരു അവസാന വാക്കാണ് എന്ന് കരുതുന്നില്ല. ജയിച്ചാലും തോറ്റാലും ഇവിടൊക്കെത്തന്നെ കാണും എന്നതാണ് ഷാലുവിന്റെ തത്വശാസ്ത്രം.
 
ചങ്ങനാശേരി കുറിച്ചി സ്വദേശിയായ ഷാലു  നഴ്‌സിംഗ് പഠനശേഷം കുറച്ചുകാലം നഴ്സിംഗ് അധ്യാപകനായും പ്രവർത്തിച്ചു. ഇപ്പോൾ ഫിലാഡൽഫിയയിൽ ഒരു കറക്ഷൻ സെന്ററിൽ നഴ്‌സായി ജോലി ചെയ്യുന്നു.

സുഹൃത്തുക്കൾക്കൊപ്പം ഒരു അഡൽറ്റ് ഡേ കെയറും അടുത്തയിടക്ക് വാങ്ങി. 60 കഴിഞ്ഞവർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും വേണ്ടിയുള്ളതാണ് ഇത്.  മലയാളികൾക്ക് മാത്രമല്ല എല്ലാ വിഭാഗക്കാർക്കും വേണ്ടിയുള്ളതാണ് ഇത്. സർക്കാർ ആണ്  ഇവരുടെ ചെലവുകൾ വഹിക്കുന്നത്. മലയാളികൾക്ക് ഇത് ഏറെ  ഉപകാരപ്രദമാകും. ഇവിടെ എത്തുന്നവരുടെ മാനസിക-ശാരീരിക ആവശ്യങ്ങൾ കണ്ടെത്തി സഹായമെത്തിക്കുന്ന പ്രൊഫഷണലുകൾ കേന്ദ്രത്തിലുണ്ട്.

ഭാര്യ സംഗീത. നാല് മക്കൾ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക