Image

പത്തില്‍ പത്ത് (കഥ: ജയകുമാര്‍ കെ പവിത്രന്‍)

Published on 21 March, 2024
പത്തില്‍ പത്ത് (കഥ: ജയകുമാര്‍ കെ പവിത്രന്‍)

ഇതിപ്പൊ പുതുമയുള്ള കാര്യമൊന്നുമല്ല..മൊബൈല്‍ സ്വിച്ച് ഓഫ്ആക്കി വീടിനുപിന്‍വശത്തെ മതിലില്‍ചാരിനിന്നുകൊണ്ട് ഉല്ലാസ് തന്നോടുതന്നെ പറഞ്ഞു.കോളേജ്പഠനംകഴിഞ്ഞ് ആദ്യംകിട്ടിയ ജോലി ,പ്രവേശനത്തിന്‍റെ ആദ്യദിനംതന്നെ നഷ്ടപ്പെട്ടത്,അതിനുംവളരെമുമ്പ് കൂടെ പഠിച്ചിരുന്ന ഉമയ്ക്ക് ഒളിച്ചുനിന്ന് എറിഞ്ഞുകൊടുത്ത ശലഭചുംബനം ഉന്നംതെറ്റി ബി.ഏ.മലയാളത്തിലെ സുമയുടെ കവിളില്‍ ചെന്നിരുന്നത്,ഫുട്ബോള്‍ടീമിന്‍റെ ക്യാപ്റ്റനായിതെരഞ്ഞെടുക്കപ്പെട്ട ദിവസം ഒടിഞ്ഞുതൂങ്ങിയ വലതുകാലിനെ പിന്നീട് ഒമ്പതുമാസം ചുമക്കേണ്ടിവന്നത്...അങ്ങനെ മിസ്സാകലുകളുടെ ഒരു നീണ്ടനിരതന്നെയുണ്ടല്ലോ തന്‍റെ ജീവിതത്തിലെന്ന് അവന്‍ നെടുവീര്‍പ്പിട്ടു.

അല്ലെങ്കിലും താലികെട്ടാനിരുന്ന പെണ്ണ് കല്ല്യാണത്തിന്‍റെ തലേന്നാള്‍ മറ്റൊരാളുടെകൂടെ ഒളിച്ചോടിപ്പോകുന്നതൊക്കെ ഇക്കാലത്തെ പതിവുരീതികളാണല്ലോ.അതിലിനി വിഷമിച്ചിട്ടെന്ത്കാര്യം..പക്ഷെ,വല്ലവരും പറയുന്നതുകേട്ട് രസിക്കുന്നതും സ്വന്തംജീവിതത്തില്‍ സംഭവിക്കുന്നതുംതമ്മില്‍ വലിയ വ്യത്യാസമുണ്ട്.,കെട്ടുകഥയും അനുഭവവുംതമ്മിലുള്ള അന്തരം!

എന്തായാലും അമ്മാവനോട് വിവരം പറയണം.ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്.അടിക്കേണ്ടെന്ന് വിചാരിച്ചിട്ടും അവന്മാര് നിര്‍ബന്ധിച്ചപ്പോള്‍ രണ്ടെണ്ണം നേരത്തെ വിഴുങ്ങിയതില്‍ ഉല്ലാസ് ആശ്വസിച്ചു.വിളമ്പിക്കൊണ്ടിരുന്ന ഫ്രൈഡ്റൈസ്പാത്രത്തോടെ അമ്മാവനെപൊക്കി വീടിനുപിന്നിലേക്ക് കൊണ്ടുവന്നു.വളച്ചുകെട്ടാന്‍ നിന്നില്ല,``അവള് ചാടി അമ്മാവാ`'എന്ന് ഒറ്റപ്പറച്ചില്‍.അമ്മാവന്‍ അല്പം ശങ്കിച്ചു,പിന്നെ എല്ലാംപിടികിട്ടിയമട്ടില്‍ അവന്‍റെ ചുമലില്‍പിടിച്ചു..പതിയെ പറഞ്ഞു.,``എടാ..സാരമില്ല നീ വര്‍ക്കത്തൊള്ളവനാ..ഒന്ന്പോയാ ഒമ്പതാ കണക്ക്.നിനക്കതാവും യോഗം..``അമ്മാവാ...അത് വിട്...ഇതിപ്പൊ അച്ഛനോടുംഅമ്മയോടുമെല്ലാം എണക്കത്തിലൊന്ന് പറയ്..ഞാന്‍ ദേ ടെറസ്സില് കാണും..പിന്നെ,നാളത്തെ നമ്മടെ പരിപാടി റിസപ്ഷനായതുകൊണ്ട് ക്യാന്‍സല്‍ചെയ്യേണ്ട..നമ്മക്ക് ഗാനമേളേം അതുമിതുമൊക്കെയായി ഒരു കൊഴുപ്പങ്ങോട്ട്കൊഴുപ്പിക്കണം``ഉല്ലാസ് ടെറസ്സിന്‍റെ പടികയറി.താഴെ ചങ്ങാതിമാരുടെ സന്തോഷപ്പാട്ടുകള്‍ തത്തിക്കളിക്കുമ്പോള്‍ അവന്‍റെ ചങ്കിലെന്തോ കൊളുത്തിവലിച്ചു.

കെട്ടുതുടങ്ങിയിട്ടില്ലാത്ത നിലാവിനെനോക്കി ടെറസ്സില്‍ മലര്‍ന്നുകിടന്നപാടെ ഉല്ലാസ് മനസ്സിലുറപ്പിച്ചു.,നാളെ അമ്പലത്തില്‍പോണം.ക്ഷേത്രദര്‍ശനം പതിവുള്ളതല്ല..പക്ഷേ നാളെ വിവാഹംനടക്കേണ്ടത് അവിടെവച്ചായിരുന്നല്ലോ..ഒരുകാര്യമുറപ്പ്,അതേ മുഹൂര്‍ത്തത്തില്‍ അതേ നടയില്‍നിന്ന് തൊഴാന്‍ താനുണ്ടാവും..ഒറ്റക്കായാലും!..

വീട്ടില്‍ എന്തുനടക്കുന്നു,എല്ലാവരുടെയും പ്രതികരണമെങ്ങനെ എന്നൊന്നും ശ്രദ്ധിക്കാന്‍ നില്ക്കാതെ രാവിലെ കുളിച്ച് വരന്‍റെ വേഷത്തില്‍ ബൈക്കില്‍ വച്ചുപിടിച്ചു.പത്തിരുപതു കിലോമീറ്ററുണ്ട് ശിവക്ഷേത്രത്തിലേക്ക്.``ഡാ..കല്ല്യാണച്ചെറുക്കാ ഇതെങ്ങോട്ടാ പായണെ..കെട്ടാന്‍നിക്കാതെ വിട്ടുപോകുവാണോ നീ``കവലയില്‍നിന്നാരോ ഉറക്കെ വിളിച്ചുചോദിക്കുമ്പോഴാണ് ജീവിതത്തിലാദ്യമായി ഹെല്‍മറ്റിന്‍റെ പ്രയോജനങ്ങളിലൊന്ന് ബോധ്യമായത്.

അമ്പലത്തിലെത്തുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു.കല്ല്യാണങ്ങള്‍ ഒരുപാടുണ്ടാവും.നടക്കല്‍നിന്ന് കൈകൂപ്പി.ഉമയ്ക്ക് പകരം പണ്ട് സുമയെ നല്‍കിയ ഭഗവാനേ,ഇനി എന്തെന്നുമേതെന്നും നീതന്നെ തീരുമാനിക്കുക...എന്നു മനസ്സില്‍ മന്ത്രിച്ചു. 

തിരിഞ്ഞുനടക്കുമ്പോള്‍ ദേ..നേരേ നടന്നുവരുന്നു ഭഗവാനോടിപ്പൊള്‍ പറഞ്ഞ രണ്ടുപേരിലൊരാള്‍!

`ഏതുതിരക്കില്‍ കണ്ടാലും പേരുചൊല്ലിവിളിച്ചീടും,ഈ മുഖമാദ്യം തിരിച്ചറിയും` എന്ന് ഓട്ടോഗ്രാഫില്‍ വാഗ്ദാനംചെയ്ത അതേ ഉമ.പക്ഷെ..പരിചയഭാവംപോലുമില്ലാതെ കടന്നുപോയി.മനസ്സിലായില്ല എന്നുവ്യക്തം.വിളിക്കണോ വേണ്ടയോ എന്നു സംശയിച്ചുനിന്നില്ല,വിളിച്ചു..`ഉമേ`.. അവള്‍ തിരിഞ്ഞുനോക്കി അമ്പരന്നുനിന്നു.``അറിയുമോ ഉല്ലാസാണ്``അവളുടെ കണ്ണുകളില്‍ സ്നേഹാദരങ്ങളുടെ അലയൊലികള്‍ പ്രത്യക്ഷമായി.ചോദ്യോത്തരങ്ങളൊന്നും പിന്നെയുണ്ടായില്ല.``തൊഴുതുവരൂ,ഞാന്‍ പുറത്തുനില്‍ക്കാം``എന്നുമാത്രം പറഞ്ഞു ഉല്ലാസ്.

ഭസ്മക്കുറിചാര്‍ത്തിഉമവന്നു.

ഉമയെന്തേ പതിയില്ലാതെ...വിവാഹം കഴിഞ്ഞിട്ടില്ല അല്ലേ..മൗനം ഉടച്ചുകളഞ്ഞത് ഉല്ലാസിന്‍റെ അന്വേഷണമായിരുന്നു.``പഠനം പിഎച്ച്ഡിയുംകഴിഞ്ഞുനീണ്ടുപോയപ്പോള്‍ കല്ല്യാണകാര്യമൊക്കെ മാറ്റിവച്ചു..കഴിഞ്ഞയാഴ്ച അത് സംഭവിക്കേണ്ടതായിരുന്നു..ബട്..നടന്നില്ല...അല്ലെങ്കിലും വിവാഹം അത്ര അനിവാര്യമായകാര്യമാണെന്ന് എനിക്ക് ഇതുവരെ തോന്നീട്ടുമില്ല``

മധുരം കട്ടപിടിച്ചതുപോലെയുള്ള ഉമയുടെ സ്വരം ഉല്ലാസിനെവന്നു തൊട്ടു.``ഉമയെന്താ പറഞ്ഞെ..`അവന്‍ ചോദിച്ചു..``കഴിഞ്ഞയാഴ്ച വിവാഹം നടക്കേണ്ടതായിരുന്നെന്നോ..പിന്നെന്തുപറ്റി``

``നോ,നതിങ്..അയാള്‍ക്ക് ഒരു കട്ടപ്രേമം ഉണ്ടായിരുന്നു..ആ പെണ്ണിന്‍റെ വീട്ടുകാര് അവള്‍ടെ കല്യാണം മറ്റാരുമായോ നിശ്ചയിച്ചുറപ്പിച്ചപ്പൊ അയാള്‍ക്ക് വാശിയായി..അങ്ങനാണ് ഈയുള്ളവളെ കാണാന്‍വരുന്നതും കല്യാണംതീരുമാനിച്ചതും..ലാസ്റ്റ് വീക് ആ പ്രേമക്കാരിപ്പെണ്ണ് അയാള്‍ക്ക് ഉറപ്പുകൊടുത്തത്രേ ഇറങ്ങിപ്പോരാന്ന്...ങ്ഹാ..ഇത്തിരി വൈകി..എന്നാലും അയാളെന്നോട് കാര്യം തുറന്നുപറഞ്ഞു..ഞാന്‍ എന്‍റെ വീട്ടുകാരോടെല്ലാം പറഞ്ഞ് പ്രശ്നമൊന്നുമില്ലാതെ സംഗതി സോള്‍വ്ചെയ്തു..ഇന്നലെ പുള്ളി പ്രേമഭാജനത്തേംകൊണ്ട് ഒളിച്ചോടീന്നും കേട്ടു..ആ പെണ്‍പുലീടെ തന്തപ്പടി സ്ഥലത്തെ പ്രധാനശിങ്കമല്ലേ..പഞ്ചായത്ത് പ്രസിഡന്‍റ്.. ഉല്ലാസറിയുമായിരിക്കും ``

ഉല്ലാസിന്‍റെ തലയില്‍നിന്നും ഒരു കിളി പറന്നുപോയി. `അതവള്‍തന്നെ ..അതവള്‍തന്നെ..`എന്ന് ചിലച്ചുകൊണ്ട് കുറച്ചുനേരം അവിടവിടെചുറ്റിനടന്നശേഷം കിളി തിരികെവന്നിരുന്നു.അവന്‍ സാവകാശം ചോദിച്ചു...``ഉമേ....മ്മടെ സുമ ഇപ്പൊ എവിടെയാ..വല്ല വിവരോമുണ്ടോ...``

`ഓ.. നിന്‍റെ പഴയ തേന്‍മിഠായി.....അവള്... കെട്ടിയ ആള്ടെ പിടിവിടുവിച്ച് കടല് കടന്നുപോയി..കുറച്ചുനാള്‍മുമ്പ് നാട്ടില്‍വന്നപ്പോ കണ്ടിരുന്നു ..കൂടെ ഒരു സായിപ്പും മൂന്നു കുട്ടികളും..പഴേതിനേക്കാള്‍ മെലിഞ്ഞുപോയെഡാ അവള്‍...``


ഉമ പറഞ്ഞത് മുഴുവനും കേള്‍ക്കാതെ, തന്‍റെ പോക്കറ്റില്‍ പരതുകയായിരുന്നു ആ നിമിഷം ഉല്ലാസ് ..അമ്പലത്തിലേക്ക് പോരാന്‍നേരം,പുഴയിലെറിഞ്ഞുകളയാനായി കരുതിയിരുന്ന താലിച്ചരട് അവന്‍ പുറത്തെടുത്തു.മിഴിച്ചുനില്‍ക്കുന്ന ഉമയോട് പതിയെ ആരാഞ്ഞു.,``കാര്യങ്ങളൊക്കെ ഇങ്ങനെയായ സഥിതിക്ക് നമുക്കതങ്ങ് നടത്തിയാലോ``

``എന്ത്``

.``ഉമാപരിണയം``

``വരനാര്``

``ദേ...കയ്യില്‍ താലിയുള്ളവനല്ലേ വരന്‍..``

``പഴയ ഇഷ്ടം ഇപ്പൊഴുമുണ്ടെങ്കില്‍ നോ പ്രോബ്ളം``

`എന്താ സംശയം..ഇഷ്ടമുള്ളമുള്ളവരുടെ ചേര്‍ച്ചയാണ് യഥാര്‍ത്ഥപൊരുത്തം,അവിടെയാണ് വിവാഹയോഗം..ഇത് നിയോഗമാണ്`` ``ആവട്ടെ ,എഗ്രീഡ്``..

അങ്ങനെ ഉമ എന്ന നമ്രമുഖിയുടെ സുന്ദരഗളത്തില്‍ ഉല്ലാസ് എന്ന സുസ്മേരവദനന്‍ താലിചാര്‍ത്തി.

കരങ്ങള്‍കോര്‍ത്തു നടയിറങ്ങുമ്പോള്‍

`വൈകുന്നേരം റിസപ്ഷന്‍ ഗാനമേളയില്‍ നിങ്ങള്‍ ഒരു മെലോഡിയസ് ഡ്യൂയറ്റ് പാടണം `എന്ന അശരീരികേട്ട് അവര്‍ പുളകിതരായി.കല്ല്യാണം ഉഴപ്പിപ്പോയ മനഃപ്രയാസത്തില്‍ അനന്തരക്കാരന്‍ നാടുവിട്ടോ എന്നന്വേഷിച്ചെത്തിച്ചേര്‍ന്ന അമ്മാവന്‍റെ ശബ്ദമായിരുന്നു അതെന്നറിയാന്‍ കാലങ്ങള്‍ എടുത്തേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക