Image

ഹാ! ലജ്ജിക്കാം കേരളത്തിന്റെ കലാസാംസ്‌കാരിക പ്രബുദ്ധരേ (ദുര്‍ഗ മനോജ്

ദുര്‍ഗ മനോജ് Published on 21 March, 2024
ഹാ! ലജ്ജിക്കാം കേരളത്തിന്റെ കലാസാംസ്‌കാരിക പ്രബുദ്ധരേ (ദുര്‍ഗ മനോജ്

ജാതി ചോദിക്കരുത്, പറയരുത് എന്നൊരു ജനതയോടുപദേശിച്ച മഹാഗുരോ ക്ഷമിക്കുക ഞങ്ങളോട്.

കേരളം ഭ്രാന്താലയമെന്നു സധൈര്യം പ്രഖ്യാപിച്ച സ്വാമി വിവേകാനന്ദനിന്നു പൊട്ടിച്ചിരിക്കുന്നുണ്ടാകും കാണാമറയത്തിരുന്ന്.
കറുത്തവനെ പെറ്റാല്‍, ആ പെറ്റവള്‍ സഹിക്കുമോ എന്നാണ് ഇന്നുയര്‍ന്ന ചോദ്യം. ഹേയ്, അതു നൃത്തത്തിനെക്കുറിച്ചാണ്, അതും മോഹിനിമാരുടെ മാത്രം, മോഹിനിയാട്ടത്തെക്കുറിച്ചാണെന്ന മറുവാദം ഉയര്‍ത്തല്ലേ, ആ പ്രയോഗം ഒരു വിഷം ചീറ്റലായിരുന്നു. അതാണ് യാഥാര്‍ത്ഥ്യം. ആ വിഷം കേവലം ഒരു നര്‍ത്തകനെതിരെയല്ല, മറിച്ച് അത്, കറുപ്പിനെതിരെ, അടിസ്ഥാന ജനതയ്ക്ക് എതിരെയുള്ള ഭര്‍ത്സനം തന്നെയാണ്.

മോഹിനിയാട്ടം, ചൗക്കതാളത്തില്‍, ദേഹം മന്ദമാരുതനെപ്പോല്‍ ഒഴുകിയുലഞ്ഞുകൊണ്ട് അവതരിപ്പിക്കുന്ന, ലാസ്യഭാവത്തില്‍ അധിഷ്ഠിതമായ നൃത്തമാണ്. ശൃംഗാരവും വിരഹതാപവും കൊണ്ടുലയുന്ന തരുണികളുടെ കാത്തിരിപ്പാണവിടെ പദങ്ങളില്‍ പ്രതിപാദിക്കുന്നതും. എന്നാല്‍ ഏതൊരു കലയുമെന്ന പോലെ നിലനില്‍ക്കാന്‍ അനിവാര്യമായ മാറ്റങ്ങളിലൂടെ മോഹിനിയാട്ടവും കടന്നു പോയി. അളിവേണീ  എന്തു ചെയ് വൂ എന്നു ചോദിച്ചിരുന്ന മോഹിനിയിന്ന്, വറ്റുന്ന ഭാരതപ്പുഴയുടെ ഒരിക്കലും വറ്റാത്ത ദുഃഖഭാരത്തെയും അവതരിപ്പിക്കാന്‍ മടിച്ചുനില്‍ക്കുന്നില്ല. ഇടയ്ക്കയുടെ മൃദംഗത്തിന്റെ മാന്ത്രികധ്വനിയില്‍ നട്ടുവാങ്കത്തിനനുസരിച്ചവള്‍ ചൊല്‍ക്കെട്ടു ചവിട്ടുമ്പോള്‍ മാറിയ കാലം അവളുടെ മുദ്രകളിലും പദചലനങ്ങളിലും ദര്‍ശിക്കാം. അത് അവളുടെ മാത്രം നൃത്തമല്ലെന്നും, നൃത്തമെന്നതു സാര്‍വദേശീയമാണെന്നും ആധുനിക മോഹിനി തിരിച്ചറിഞ്ഞു, അങ്ങനെയാണാ കല വളര്‍ന്നതും. 
സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ തമിഴ്‌നാടിന്റെ തനതു ക്ലാസിക്കല്‍ നൃത്തമായ ഭരതനാട്യത്തിനൊപ്പം മോഹിനിയാട്ടവും, അല്പം വൈകി ആന്ധ്രയുടെ കുച്ചിപ്പുടിയും കടന്നുവന്നതോടെ, നൃത്തത്തില്‍ ആണ്‍പെണ്‍ വേര്‍തിരിവും അപ്രത്യക്ഷമായി. മോഹിനിയാട്ടം, ആണ്‍പെണ്‍ ഭേദമന്യേ ലാസ്യഭാവത്തില്‍, ചൗക്കതാളത്തില്‍, അങ്ങനെ ആടിയുലഞ്ഞു കൊണ്ട് അനുവാചകരെ ആകര്‍ഷിച്ചു. മഹാകവി വള്ളത്തോളും കലാമണ്ഡലവും ഇല്ലാതിരുന്നെങ്കില്‍ ദാസിയാട്ടമെന്ന അപമാനവും പേറി എന്നേ ഏതെങ്കിലും അകത്തളത്തില്‍ ഈ കലാരൂപം തളര്‍ന്നമര്‍ന്നു മണ്ണടിഞ്ഞേനെ..

കാര്യങ്ങള്‍ ഇങ്ങനെയാകുമ്പോള്‍ പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകം, കാക്കയുടെ നിറമുള്ള അയാളെക്കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല, കാല് അകത്തി വെച്ചാണ് മോഹിനിയാട്ടത്തിന്റെ നില, അതു സുന്ദരന്മാരായ ആണുങ്ങളാണ് അവതരിപ്പിക്കുന്നതെങ്കില്‍ സഹിക്കാം, അല്ലെങ്കില്‍ അരോചകമാണ് എന്നിങ്ങനെയാണ് വള്ളത്തോളിന്റെ കലാമണ്ഡലത്തില്‍ പഠിച്ച് തിരുവനന്തപുരത്തു താമസമാക്കിയ ശ്രീമതി സത്യഭാമയുടെ നിലപാട്. അപ്പോള്‍, മോഹിനിയാട്ടം എന്നത് പഴയ ദാസിയാട്ടമല്ല എന്നത് ടീച്ചര്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു വരുമോ? പേരു മാറിയിട്ടില്ലെങ്കിലും കാലോചിതമായ ധാരാളം പരിഷ്‌കാരങ്ങള്‍ ആ നൃത്തരൂപത്തില്‍ വന്നുകഴിഞ്ഞു. അതിനാല്‍ത്തന്നെ, ഭരതനാട്യം പോലെ, കുച്ചിപ്പുടി പോലെ, കഥക് പോലെ മണിപ്പൂരി പോലെ മോഹിനിയാട്ടവും, അത് പഠിക്കാനും അവതരിപ്പിക്കാനും ആഗ്രഹിക്കുന്ന, ഏതൊരാള്‍ക്കും പ്രാപ്യമാണ്. അടുത്തത്, നര്‍ത്തിയുടെ / നര്‍ത്തകന്റെ നിറവുമായി ബന്ധപ്പെട്ടാണ്. യഥാര്‍ത്ഥ കലയില്‍ കലാകാരന്റെ ശരീരത്തിന്റെ നിറത്തിനെന്തു പ്രാധാന്യമാണ് നല്‍കേണ്ടത്? നര്‍ത്തകനു കൈ ചെല്ലുന്നിടത്തു കണ്ണും, കണ്ണു ചെല്ലുന്നിടത്തു മനവും എത്തിക്കാനാകണം. നൃത്തരൂപത്തിന്റെ ആധാരമായ 'നിലകള്‍' കൃത്യം പാലിക്കാനറിയണം. മുദ്രകള്‍ അനുവാചകനു പൊരുളറിയും വിധത്തില്‍ കാട്ടാനറിയണം. മുദ്രകള്‍ ഭാഷയാണ്, അതില്‍ വ്യുല്പത്തി ഉണ്ടാകണം. മുഖത്തു ഭാവങ്ങള്‍ വരണം, താളവും ലയവും വേണം, മനമര്‍പ്പിച്ചു കളിക്കാന്‍ അറിയണം ഈ പറഞ്ഞതിലൊന്നും നര്‍ത്തകന്റെ/ നര്‍ത്തകിയുടെ നിറം ഒരു ഘടകമായി വരുന്നില്ല. ഇത് കാലങ്ങളായി നൃത്താധ്യാപികയായിരിക്കുന്നവര്‍ക്ക് അറിയായ്കയല്ല. അപ്പോള്‍ നൃത്താധ്യാപികയുടെ വാക്കുകള്‍, അവരുടെ ഉള്ളിലെ അഴുകിയ ചിന്തകളുടെ പുറന്തള്ളല്‍ മാത്രമാണ്. വിവരവും വെള്ളിയാഴ്ചയുമുള്ളവര്‍ ഈ ജല്പനങ്ങള്‍ കാര്യമാക്കാനിടയില്ല. കള്ളുകുടിയന്റെ, ഭ്രാന്തന്റെ ജല്പനങ്ങളേക്കാള്‍ പ്രാധാന്യമില്ലതിന്.

 ഇനി ഈ വിവാദം ഒരു മറു ചിന്തയ്ക്കുതകുമെങ്കില്‍ നല്ലത് എന്നു കരുതി എഴുതുന്നതാണ്.
ഇന്നൊരു സ്‌കൂള്‍ യുവജനോത്സവത്തിലെ നൃത്തവിഭാഗങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ ചെറിയ തുകയൊന്നും പോര. ഇത്തരം വര്‍ണവെറിയുള്ള നൃത്താധ്യാപകര്‍ പരിശീലന വേളയില്‍ത്തനെ എത്രയോ കുഞ്ഞുങ്ങളുടെ ഉള്ളില്‍ വിഷം വിതയ്ക്കുന്നുവെന്നതു മറ്റൊരു വിഷയം. ഇപ്പോള്‍ നേരത്തേ  റെക്കോര്‍ഡ് ചെയ്ത പാട്ടിന് അനുസരിച്ചാണ് കുട്ടികള്‍ വേദിയില്‍ ചുവടുവയ്ക്കുന്നത്. ചെലവു കുറയ്ക്കാനാണ് ആ വഴി കണ്ടെത്തിയതെങ്കിലും, നല്ല സ്റ്റുഡിയോയില്‍ പാട്ട് റിക്കോര്‍ഡ് ചെയ്യാന്‍ ചില്ലറയല്ല ചെലവ്. ഒരു ഐറ്റം പഠിക്കാന്‍ നല്ല തുക കൊടുക്കണം. അതിന്റെ റിഹേഴ്‌സല്‍ ഒക്കെ പണം വാരി എറിയേണ്ട ഘട്ടങ്ങളാണ്. ഗുരുവിന്റെ മുഖം പ്രസാധിക്കാന്‍ കാണിക്കവയ്ക്കണം. പോട്ടെ, പട്ടുചേലവാങ്ങി തയ്ക്കാനും ചെലവു തുച്ഛമല്ല. ആഭരണങ്ങളും മേക്കപ്പും പിന്നാലെയുണ്ട്. ഇതെല്ലാം കഴിഞ്ഞ് കിട്ടുമെന്നു യാതൊരു ഉറപ്പുമില്ലെങ്കിലും സമ്മാനം കിട്ടാനും മുടക്കണം പിന്നേയും കാശ്! എന്തൊരു ദുരന്തമാണിത്. ഈ കാഴ്ച കാണാന്‍ സ്വാമി വിവേകാനന്ദന്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹം എങ്ങനെയാകും പ്രതികരിക്കുക?

ഇത്, ഒരു വ്യക്തിക്കു നേരെയുള്ള കുരച്ചു ചാട്ടമായി കാണരുത്. അദ്ദേഹത്തിന്റെ പേരു പരാമര്‍ശിക്കാത്തത് മനഃപൂര്‍വ്വമാണ്. കാരണം, ഒരു നൃത്താധ്യാപികയുടെ പുലഭ്യത്തെക്കുറിച്ചു പറയുന്നിടത്ത് ഒരു ആദരണീയനായ കലാകാരന്റെ പേര് വീണ്ടും വീണ്ടും വലിച്ചിഴച്ചാല്‍ അത് അദ്ദേഹത്തെ കൂടുതല്‍ അപമാനിക്കുന്നതിനു തുല്യമാകും.

ഈയൊരു പുലയാട്ട്, കലാരംഗത്തെ ജീര്‍ണതകളെ പുറത്തു കൊണ്ടുവരാന്‍ സഹായിച്ചു. അപ്പോഴും ഞെട്ടിക്കുന്നത് വെളുത്ത തൊലിക്കടിയിലെ നികൃഷ്ട ചിന്തകളാണ്.

see also: https://emalayalee.com/vartha/311220

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക