Image

ഖസാക്ക് എന്ന സ്വപ്ന ഭൂമിയിലേയ്ക്കൊരു യാത്ര (രാജശ്രീ സി.വി)

Published on 21 March, 2024
ഖസാക്ക് എന്ന സ്വപ്ന ഭൂമിയിലേയ്ക്കൊരു യാത്ര (രാജശ്രീ സി.വി)

മുൻകൂട്ടി തീരുമാനിയ്ക്കാത്ത ചില  യാത്രകൾ നമുക്കു സമ്മാനിയ്ക്കുന്ന വിസ്മയക്കാഴ്ച്ചകൾ വാക്കുകൾക്കും അപ്പുറമാണ്. തസ്രാക്കിലേയ്ക്കുള്ള യാത്ര തികച്ചും അപ്രതീക്ഷിതമായിരുന്നു.

സുഹൃത്തുക്കളോടൊപ്പം പാലക്കാട് ടിപ്പുവിൻ്റെ കോട്ട സന്ദർശിച്ച് തിരിച്ചു വരുമ്പോഴാണ് വഴിമദ്ധ്യേയുള്ള തസ്രാക്കിലൊന്ന് പോയാലോ എന്ന ആലോചനയുണ്ടായത്.

' ഖസാക്കിൻ്റെ ഇതിഹാസ'ത്തിലൂടെ പരിചയപ്പെട്ട കരിമ്പനക്കാറ്റടിക്കുന്ന തസ്രാക്കിൽ നട്ടുച്ചയ്ക്കാണ് ഞങ്ങളെത്തിയത്. അങ്ങിങ്ങായി അവശേഷിക്കുന്ന കരിമ്പനകൾക്കിടയിലൂടെ കഥാകാരൻ്റെ ഭാവനയിൽ രൂപം കൊണ്ട  ഖസാക്ക് എന്ന സ്വപ്ന ഭൂമിയിലേയ്ക്ക് തെല്ലു കൗതുകത്തോടെയാണ് കടന്നു ചെന്നത്.

സ്മാരകത്തിൻ്റെ ചുമതലയുള്ള അരവിന്ദാക്ഷൻസാർ ഞാറ്റുപുരയും ചുവർച്ചിത്രഗാലറിയും  ഒ വി കൃതികളിലെ ആത്മാംശം നിറഞ്ഞു നില്ക്കുന്ന വരകളിലും വർണ്ണങ്ങളിലും ചാലിച്ച ചിത്ര ആഖ്യാനങ്ങളുടെ കലവറയായ ചിത്രവേദിയും പരിചയപ്പെടുത്തി.

ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപികയായ സഹോദരിയോടൊപ്പം ഏതാനും നാളുകൾ മാത്രം താമസിച്ച ഗ്രാമം! അതിനെ തസ്രാക്കെന്ന ഒരിതിഹാസമാക്കി മാറ്റാൻ കഴിഞ്ഞ ഒ വി വിജയൻ എന്ന അതുല്യപ്രതിഭയുടെ തൂലികയിൽ പിറന്ന കഥാപാത്രങ്ങൾ   അഴകേറിയ ശില്പവനത്തിൽ പുനർജ്ജനിച്ചിരിയ്ക്കുന്നു .

തണൽ വിരിച്ച വഴിയിലൂടെ അള്ളാപ്പിച്ചാമൊല്ലാക്ക ബാങ്കുവിളിച്ച പള്ളിയുടെ അരികിലുള്ള അറബിക്കുളത്തിലേയ്ക്കു നടന്നു. ഇരുവശത്തും കരിങ്കല്ലിൽ കൊത്തിയെടുത്ത ശില്പങ്ങൾ! കഥകളുറങ്ങുന്ന ഇടവഴിയുടെ അറ്റത്തെ കുളത്തിൽ പായലു മൂടിക്കിടക്കുന്നു . കുളവും പരിസരവും മോടി കൂട്ടാനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

സന്ദർശകരെ സ്വാഗതം ചെയ്തു കൊണ്ട് തുമ്പികൾ ശില്പങ്ങളിൽ നിന്നും ഉയർന്നു പറക്കുന്നതും കണ്ട് തിരിച്ചു നടന്നു.

സാംസ്ക്കാരിക വകുപ്പു നിർമ്മിച്ച കെട്ടിടത്തിൽ പ്രൊജക്റ്ററും ആധുനിക സംവിധാനത്തിൽ  ഏകദേശം ഇരുന്നൂറു പേർക്കിരിയ്ക്കാവുന്ന സെമിനാർ ഹാളുമുണ്ട്. സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് അനുയോജ്യമായൊരിടം.

മുകളിലെ നിലയിൽ ഒരുക്കിയിരിക്കുന്ന കാർട്ടൂൺ ശേഖരം ഭാരതത്തിലെ വിഖ്യാത പത്രങ്ങളിൽ വന്ന ഒ വി വിജയൻ്റെ കാർട്ടൂണുകളിലൂടെ ആക്ഷേപഹാസ്യത്തിൻ്റെ പുതിയൊരു ലോകത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു ..

അദ്ദേഹത്തിൻ്റെ കൈപ്പടയിലെഴുതിയ കത്തുകളുടെ ശേഖരം ,അദ്ദേഹം പറഞ്ഞു കൊടുത്ത് തയ്യാറാക്കിയ കത്തുകൾ ഇവയെല്ലാം മനോഹരമായി സജ്ജീകരിച്ചിരിയ്ക്കുന്നു. അദ്ദേഹത്തിൻ്റെ ആത്മാംശത്തിലേയ്ക്കാണ് അവ നമ്മെ കൂട്ടിക്കൊണ്ടു
പോകുന്നത്.

അവിടെ നിന്ന് പുറത്തേയ്ക്കിറങ്ങിയാൽ വരാന്തയിൽ ഒ വി വിജയൻ്റെ നോവലുകളെ കാലിയോഗ്രാഫിയുടെ വിസ്മയക്കാഴ്ചകളിലൂടെ പ്രശസ്ത കാലിയോഗ്രാഫർ ശ്രീ നാരായണ ഭട്ടതിരി ചിത്രീകരിച്ചിരിയ്ക്കുന്ന കാഴ്ച മനോഹരവും ഒ വി വിജയൻ്റെ കഥാപ്ര പഞ്ചത്തിലേയ്ക്കുള്ള വാതായനവുമാണ്!

അദ്ദേഹത്തിൻ്റെ സുഹൃത് വലയത്തിലുളളവരോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ  കഥകളുടെ മായിക ലോകം വിസ്മയം തീർത്തൊരു കാലഘട്ടത്തിൻ്റെ സ്മരണയെ ഉണർത്തുന്നവയാണ്.

 ഒ വി വിജയൻ്റെ നോവലുകളുടെ പേരിൽ ഒരുക്കിയിട്ടുള്ള പവലിയനുകൾ സന്ദർശകർക്ക് വിശ്രമിയ്ക്കാനുള്ളതാണ്. പവലിയനു പിറകിൽ പരന്നു കിടക്കുന്ന പൊൻകതിരൊളി വിതറുന്ന പാടത്തെ തഴുകിയെത്തുന്ന കാറ്റേറ്റ് പവലിയനിലിരിയ്ക്കുമ്പോൾ ഒ വി വിജയൻ സൃഷ്ടിച്ച മായാലോകത്തെ കഥാപാത്രങ്ങൾക്കിടയിൽ ,അവരുടെ കർമ്മപഥങ്ങളിൽ നമ്മളുമുണ്ടായിരുന്നു എന്നു തോന്നിപ്പോകും.

ഒരു ചെറു ഗ്രാമത്തെ ,അവിടുത്തെ മനുഷ്യരുടെ പച്ചയായ ജീവിതത്തെ ആവിഷ്ക്കരിച്ച് സാഹിത്യത്തിന് പുതിയൊരു മുഖം നൽകിയ ഒ വി വിജയനെന്ന അത്ഭുത പ്രതിഭാസത്തെ വിസ്മരിയ്ക്കാനാവില്ല. ഭാഷയെ സ്നേഹിയ്ക്കുന്ന ഓരോ മലയാളിയ്ക്കും തസ്രാക്ക് സമ്മാനിയ്ക്കുന്ന വികാരം വാക്കുകൾക്കുമപ്പുറമാണ്.

 

Join WhatsApp News
Leena 2024-03-21 02:37:15
Super
Sajana 2024-03-21 03:25:29
Good work
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക