Image

വണ്ടി വരാനിനിയും സമയമുണ്ട് ( കാത്തിരിപ്പ് : ജിസ ജോസ് )

Published on 20 March, 2024
വണ്ടി വരാനിനിയും സമയമുണ്ട് ( കാത്തിരിപ്പ് : ജിസ ജോസ് )

രാത്രിവണ്ടിക്കു കാത്തിരിക്കുകയായിരുന്നു. വണ്ടി അനിശ്ചിതമായൊന്നുമല്ലെങ്കിലും വൈകിയോടുന്നു. വണ്ടികൾക്ക് ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ലല്ലോ എന്നോർത്തു. സ്റ്റേഷനിൽ സമയത്തെത്തുമോ എന്ന വെപ്രാളത്തിൽ നേരത്തെ യിറങ്ങുകയും വെയറീസ് മൈ ട്രെയിൻ
ആപ്പിൽ വണ്ടി കാതങ്ങളകലെയുള്ള സ്റ്റേഷനിൽ എത്തിയിട്ടേയുള്ളുവെന്നറിഞ്ഞിട്ടും വേവലാതിയോടെ ഓടിവന്നു കാത്തിരിക്കുകയും ചെയ്യുന്ന എനിക്കും ഇക്കാര്യത്തിൽ ഒരു മാറ്റവുമില്ലല്ലോ എന്നുമോർത്തു.

വണ്ടി വരാനിനിയും സമയമുണ്ട്. റെയിൽവേ പോലീസുകാരൻ റോന്തുചുറ്റുന്നു .. വണ്ടി വൈകുന്നതിൽ ആർക്കും കാര്യമായ അസ്വസ്ഥതയൊന്നുമില്ല.. എല്ലാവരും ഫോണിൽ മുഴുകിയിരിക്കുന്നു. ഒരാൾ തൊട്ടടുത്തിരുന്നു ഇയർഫോണില്ലാതെ  റീൽസ് കാണുന്നുണ്ട്. ഏതോ തമാശയ്ക്കൊപ്പം അയാളും കുലുങ്ങിച്ചിരിക്കുന്നു. ആ തമാശയെക്കാൾ രസമുണ്ട്കുടവയർ കുലുക്കിയുള്ള അയാളുടെ ചിരി കാണാനെന്നു ഓർത്തു. .. പൊതുവിടങ്ങളിൽ ഇയർഫോൺ വെച്ചു റീൽസ് കാണുന്നതാണു മര്യാദ.. ഇല്ലെങ്കിൽ അടുത്തിരിക്കുന്നവർ ഇത്തരം  ബോഡിഷെയിമിങ് തമാശകൾ മനസ്സിലെങ്കിലും ഉരുവിട്ടു പോകും
(പരസ്പരം വർത്തമാനം പറയുന്നവർ കുറച്ചുറക്കെ പറയട്ടെ ... ചിലപ്പോൾ   അവരുടെ ജീവിതത്തെക്കുറിച്ചു വല്ല പൊട്ടും പൊടിയും കിട്ടിയെന്നിരിക്കും.. ആവശ്യമൊന്നുമില്ലെങ്കിലും അതെനിക്കിഷ്ടമാണ്.....)

പണ്ട് ചെറുപ്പകാലത്ത് പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് ഇതേ സ്റ്റേഷനിലെ ഇതേ ഇരിപ്പിടങ്ങളിൽ പ്രണയിയോടൊപ്പം ഇരുന്നിട്ടുണ്ട്. അന്ന് എന്തൊക്കെയായിരുന്നിരിക്കും സംസാരിച്ചിരുന്നത്? അന്നും റെയിൽവേ പോലീസുകാരൻ റോന്തുചുറ്റുകയും സംശയത്തോടെ തുറിച്ചുനോക്കുകയും ചെയ്യുമായിരുന്നു. ...

അനൗൺസ്‌മെൻ്റ് നടത്തുന്ന മധുരശബ്ദം പല ഭാഷകളിൽ വരാനിരിക്കുന്ന വണ്ടികളെക്കുറിച്ചു പറയുന്നു. സ്ത്രീയാത്രക്കാരോട് രാത്രി ജനാലക്കരികിൽ ഇരിക്കരുതെന്നു നിർദ്ദേശിക്കുന്നു. ആഭരണങ്ങൾ മോഷണം പോകാനിടയുണ്ടത്രേ.. സ്ത്രീ യാത്രക്കാർ ആഭരണങ്ങൾ ധരിക്കാതെ യാത്ര ചെയ്യണമെന്നു പറയുന്നതല്ലേ നല്ലതെന്നു ആലോചിച്ചു.

അടുത്തിരിക്കുന്ന പുരുഷൻ്റെ കഴുത്തിലെ തടിച്ച മാല കണ്ടപ്പോൾ ആഭരണം ധരിച്ച ആണുങ്ങൾക്ക് ഇത്തരം മുന്നറിയിപ്പ് കൊടുക്കാത്തത് അപകടമാണെന്നു തോന്നി. അവർ അപായഭീതിയില്ലാതെ ജനാലക്കരികിൽ ഇരിക്കുകയും ഉറങ്ങിപ്പോവുകയും കള്ളൻ മാല പൊട്ടിച്ചു കൊണ്ടുപോവുകയും ചെയ്താൽ .....!!

ഈ ലോകം പുരുഷന്മാരോട് ഒട്ടും കരുണയും കരുതലുമില്ലാത്ത ഒന്നായിപ്പോയല്ലോ എന്നോർത്തു സങ്കടം വന്നു .....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക