Image

ഗോദയിൽ വീണ്ടും ബ്രിജ്ഭൂഷൻ  സംഘം സജീവമാകുന്നു (സനിൽ പി. തോമസ്)

Published on 20 March, 2024
ഗോദയിൽ വീണ്ടും ബ്രിജ്ഭൂഷൻ  സംഘം സജീവമാകുന്നു (സനിൽ പി. തോമസ്)

റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയെ ഒരു വ്യാഴവട്ടം അടക്കിവാണ ബ്രിജ് ഭൂഷൻ ശരൻ സിങ്ങിനെതിരെ വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച പരാതികളിൽ ഇനിയും വിധി വന്നിട്ടില്ല. പൊലീസ് അന്വേഷണം എവിടെയെത്തിയെന്നും നിശ്ചയമില്ല. പക്ഷേ, ഇപ്പോൾ ബ്രിജ്ഭൂഷൻ്റെ അടുപ്പക്കാരൻ സഞ്ജയ് കുമാർ സിങ്ങിൻ്റെ നിയന്ത്രണത്തിലേക്ക് ഗുസ്തി ഫെഡറേഷൻ മടങ്ങിയെത്തുകയാണ്.
ഫെഡറേഷനെ ഒഴിവാക്കി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ രൂപീകരിച്ച മൂന്നംഗ സമിതിയുടെ പ്രവർത്തനം അവസാനിപ്പിച്ചിരിക്കുന്നു.ഒളിംപിക് ട്രയൽസ് ഉൾപ്പെടെയുള്ള രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ ഈ സമിതിയുടെ മേൽനോട്ടത്തിലാണു നടന്നത്. ട്രയൽസ് പൂർത്തിയാക്കിയതോടെ താൽക്കാലിക സമിതിക്ക് ഇനി പ്രസക്തിയില്ലെന്നാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ വിശദീകരണം. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ്റെ സസ്പെൻഷൻ രാജ്യാന്തര സംഘടന കഴിഞ്ഞ മാസം പിൻവലിച്ചിരുന്നു. ഇതോടെ താൽക്കാലിക സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെങ്കിലും അവർ ട്രയൽസുമായി മുന്നോട്ടു പോയി. സമാന്തര ദേശീയ ചാംപ്യൻഷിപ്പുകൾ നടത്തിയെങ്കിലും ട്രയൽസ് കാര്യത്തിൽ ഫെഡറേഷനും താൽക്കാലിക സമിതിയും ഒത്തുതീർപ്പിലെത്തിയെന്നു സാരം.

 ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ  സഞ്ജയ് കുമാർ സിങ് നയിച്ച പാനൽ ഭൂരിപക്ഷം നേടുകയും അതു തൻ്റെ വിജയമായി ബ്രിജ്ഭൂഷൻ കൊട്ടിഘോഷിക്കുകയും ചെയ്തതോടെ ,നേരത്തെ സമരം ചെയ്ത ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. സാക്ഷി മാലിക്ക് മത്സര രംഗം വിട്ടു. ബജ്റങ് പൂനിയയും വിനേഷ് ഫോഗട്ടും ദേശീയ ബഹുമതികൾ മടക്കി നൽകി.ഇതോടെ കേന്ദ്ര സ്പോർട്സ് മന്ത്രാലയം ഫെഡറേഷൻ്റെ പ്രവർത്തനം തടയുകയായിരുന്നു. സ്പോർട്സ് മന്ത്രാലയം പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല.
ഒളിംപിക് ക്വോട്ടയ്ക്ക് മത്സരിക്കാൻ വിനേഷ് ഫോഗട്ട് മാത്രമാണ് സമരക്കാരിൽ നിന്ന് യോഗ്യത നേടിയത്.

രാജ്യാന്തര സംഘടന മുന്നോട്ടുവച്ചതു പോലെ ചില നിർദേശങ്ങൾ  ഇന്ത്യൻ ഒളിംപിക്  അസോസിയേഷനും മുന്നോട്ടുവച്ചിട്ടുണ്ട്. പക്ഷേ, കടിഞ്ഞാൺ ബ്രിജ്ഭൂഷൻ്റെ അനുയായികളിൽ ആയിക്കഴിഞ്ഞു. സമരം നടത്തിയ ഗുസ്തി താരങ്ങൾ പ്രതികരിച്ചിട്ടില്ല. ഇനിയെന്തെന്ന് കാത്തിരുന്നു കാണുക തന്നെ.

രാജ്യാന്തര സംഘടനയുടെ അംഗീകാരം തിരിച്ചു കിട്ടിയതോടെ ദേശീയ ഫെഡറേഷനെ ചോദ്യം ചെയ്യാൻ കഴിയില്ല. കോടതി വിധി എതിരായാൽ താരങ്ങളെയും ബാധിക്കും. ഫെഡറേഷൻ തിരഞ്ഞെടുപ്പ്  നേരായ രീതിയിൽ അല്ല നടന്നതെന്ന്   യു.ഡബ്ളിയു ഡബ്ളിയുവിനെ ബോധ്യപ്പെടുത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടതായിരുന്നു.അതുണ്ടായില്ല. ചുരുക്കിപ്പറഞ്ഞാൽ പാരിസ് ഒളിംപിക്സിൽ ക്വോട്ട നേടിയാലും ആരൊക്കെ ഗോദയിൽ ഇറങ്ങണമെന്ന് ബ്രിജ്ഭൂഷൻ തീരുമാനിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക