Image

അക്കൽദാമ (കവിത: വേണുനമ്പ്യാർ)

Published on 19 March, 2024
അക്കൽദാമ (കവിത: വേണുനമ്പ്യാർ)

എന്നിലൂടെ കുറിക്കുന്നു നീ
എന്നിലൂടെ വരയ്ക്കുന്നു നീ
എന്നിലൂടെയാടിപ്പാടുന്നു നീ.

എനിക്ക് പട്ടും വളയും കിട്ടുമ്പോൾ
അണിയറയിലെ നിന്നെ ആരും ഓർക്കില്ല;
അദൃശ്യനായ നിന്നെ ആരും അറിക പോലുമില്ല, എന്നിട്ടു വേണ്ടെ
ഓർക്കാൻ!

എനിക്കു മാത്രം കേൾക്കാൻ
പാകത്തിൽ നീ പൊട്ടിച്ചിരിച്ചതെന്തിനാ?

എന്നെ പരിഹസിക്കാൻ നീയാര്?
നിന്നെ ഞാൻ അറിക പോലുമില്ല
എത്ര വട്ടം വേണേലും ഞാൻ
നിന്നെ നിഷേധിക്കും. എനിക്കതിൽ
ഒരു മന:സ്സാക്ഷിക്കുത്തുമില്ല.

സത്യത്തെ കണ്ടെത്തി
സ്നേഹിക്കാൻ
എനിക്കറിയാം.

സൗന്ദര്യത്തെ ഉപാസിച്ച്
ആസ്വദിക്കാൻ
എനിക്കറിയാം.

കടലിലെ തിരകൾ
എന്നെ അനുസരിക്കുന്നു.

കൊടുങ്കാറ്റിനെ ഞാൻ
ശാസിച്ചാൽ അത് വഴി മാറി പോകും.

മരണാനന്തരലോകത്തേക്ക്
ആയാസരഹിതമായി കടപ്പാനുള്ള
നിർവ്വികൽപ്പസമാധി
എന്റെ വിരൽത്തുമ്പിലാ.

ഞാൻ ഒരു ബട്ടനമർത്തിയാൽ മതി,
ഞൊടിയിടയ്ക്ക് നൂറ് നഗരങ്ങൾ
കത്തിച്ചാമ്പലാകും!

നിന്റെ ശൂന്യാകാശമാണ്
ഇപ്പോൾ എന്റെ കളിമുറ്റം.

അധികം നെഗളിക്കണ്ട,
നീയാരുമല്ല.
ശൂന്യം, മഹാശൂന്യം!

ഇപ്പോൾ
ഞാനാണെല്ലാം!

ഭൂമിയെ ഒറ്റിക്കൊടുത്ത്
ഞാൻ സ്വർഗ്ഗം നേടും
സോളമൻ രാജാവിന്റെ
പ്രതാപത്തിൽ ഞാൻ ജീവിക്കും
പക്ഷെ നടപ്പാക്കുക എന്റെ
സ്വന്തം നീതിബോധം
നന്മകളോട് എനിക്ക് 
ഒരു ബാദ്ധ്യതയുമില്ല.

പോ! പുറത്തേക്ക് പോ!  
ഭരിക്കാനായിട്ട് ഇവിടെ
ഒരുത്തനും വേണ്ട!

അല്ലെങ്കിലും നിന്നെ
നമ്മളൊരിക്കൽ ക്രൂശിച്ചതല്ലെ
സന്മനസ്സോടെയും
സമാധാനത്തോടെയും
നിനക്ക് ശവക്കല്ലറയിൽത്തന്നെ
പുഴുക്കളുടെയും കീടങ്ങളുടെയും
ഒപ്പം സുഖിച്ചു കിടന്നാൽ
പോരായിരുന്നൊ?

നീയെന്തിനാ വീണ്ടും വീണ്ടും
ഉയിർത്തെഴുന്നേറ്റ് വരുന്നത്?

യൂദാസിന്റെ വംശജനായ
എന്റെ ഉറക്കം കെടുത്താനൊ?

യൂദാസിന്റെ വംശജനായ എന്നെ പശ്ചാത്താപവിവശനാക്കാനൊ?

അല്ലെങ്കിൽ ഞാനറിയാതെ എന്റെ
ഉള്ളത്തിൽ വെളിച്ചപ്പെട്ടു കൊണ്ട് 
എന്നെ ഒരറവുമാടിനെപ്പോലെ പാപക്കറയുണങ്ങാത്ത 
പഴയ ആ രക്തനിലത്തേക്ക്   
ഒരിക്കൽ കൂടി ആട്ടിത്തെളിക്കാനൊ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക