Image

വേരുകൾ (കവിത: ടി ഐശ്വര്യ)

Published on 18 March, 2024
വേരുകൾ (കവിത: ടി ഐശ്വര്യ)

കാഴ്ചകളേറെകണ്ട മൂകസാക്ഷിയാം പടുവൃദ്ധനെന്നപോൽ, അമ്പലമുറ്റത്തെയാൽമരം
തപസ്സിരിപ്പൂ അരനൂറ്റാണ്ടായി! ആണ്ടുകളേറെ കണ്ടു പഴകിയാമരമുത്തച്ഛനു ചുറ്റുമാളുകളങ്ങു നിലയുറപ്പിച്ചു വാചാലരായി.
അമ്പാടിമുറ്റത്തുവന്നക്രൂരരെന്നപോൽ,
രാകിമിനുക്കിയ കോടാലിയുമായരികത്തൊരു തച്ചനും വന്നു നിൽക്കെ,
പടിയിറങ്ങുകയാണാപടുവൃക്ഷമിന്നഹോ
സന്ധ്യയും ചുവപ്പണിഞ്ഞു!

ഇളംകാറ്റിലാടിടുമിലകളെന്തോ ഏകാന്തമായ്മൊഴിയുന്നപോൽ-

ചിറകു മുളയ്ക്കാത്ത കുഞ്ഞിളം കുരുവിക്ക്,
പാർക്കാനമ്മക്കിളികൂടു കൂട്ടിയതുമെൻ ചില്ലയിലല്ലോ!. പറന്നുപോകുവാൻ മടിച്ചാ കിളികളും പിന്നെയും ചടഞ്ഞിരുന്നീ മരമുത്തച്ഛൻ കൈയിൽ.
എൻ മരക്കൊമ്പിലിരുന്നു വാലുകുലുക്കി ഭൂമി കുലുങ്ങുന്നുണ്ടെന്നു പറഞ്ഞോരാ കിളികളും പറന്നുപോയി പീന്നീടെപ്പോഴോ!.

എത്രയോ നീർകണങ്ങളെ
ഹരിതശോഭയ്ക്കായി ഞാനെൻ സിരകളിലൊതുക്കി
ഇന്നെന്റെ സിരകളിലൊഴുകുന്നതോ അന്നമൂട്ടുന്നോരുടെ ചുടുനീർരണങ്ങളും!

ഉഷ്ണവെയിലേറ്റു തളർന്നു വരുന്നോർക്കളും,
ഊഴിമേലനാഥരായ് പിറന്നോർക്കുമൊരു  അമ്മമടിത്തട്ടായതും ഞാനോർക്കുന്നു.

സന്താനഗോപാലമുരുവിട്ടു നിറകണ്ണുമായെൻ കൈകളിലൂഞ്ഞാലു കെട്ടിയെത്രപേർ സന്തതി കാംക്ഷയ്ക്കായ്.
എത്ര കിടാങ്ങളെ ഞാനെൻ ചില്ലമേലൂയലാട്ടി .
ഭൂതകാലത്തിലേക്കായൊരു ഊന്നുവടിയുമിളക്കിയാ ബാല്യങ്ങളും പറന്നകന്നു- നടതള്ളലിനിയും ബാക്കിനിൽക്കെ!

അമ്പലമുറ്റത്തെ ഉത്സവമേളങ്ങളിലെത്ര അർജുനവധം കെട്ടിയാടുന്നതും,
ഹിരണ്യമന്ത്രം ചൊല്ലി ശ്രീകോവിലടച്ചതും,
ഹരിയോടി പിന്നാമ്പുറത്തു മറഞ്ഞതു കണ്ടു ഞാൻ പലനാൾ!

ഇന്നു പെരുന്തച്ചൻ തൻകോടാലിയെൻ ഹൃത്താകെ പിളർക്കുമ്പോൾ, തെല്ലുമേ ഭയമില്ലിതെൻ കൽപിതവിധിയല്ലോ?
എങ്കിലുമൊരു നൊമ്പര മീയുള്ളിലുതിരുന്നു,
വേരുകൾ ഇന്നെനിക്കന്യമാകും !
തായ്‌വേരുകൾ മണ്ണിലവശേഷിപ്പിച്ചു ഞാനിനി യാത്രയായ്,
പുതുവട്ടമേശാസമ്മേളനങ്ങളെ കണ്ടാർത്തട്ടഹസിക്കാമീപടു വൃദ്ധനിനിയുമൊരു പുതുമോടിയിൽ .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക